തിരിച്ചുവരവില്‍ പന്തിന് റാങ്കിങ്ങില്‍ വന്‍ മുന്നേറ്റം, ബൗളിങ്ങില്‍ അശ്വിനും ബുംറയും തലപ്പത്ത്‌

Photo | PTI
Photo | PTI

കാൻപുർ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിലെ മികച്ച പ്രകടനത്തോടെ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഐ.സി.സി. ബാറ്റിങ് റാങ്കിങ്ങിൽ ആറാംസ്ഥാനത്തെത്തി. നീണ്ട ഇടവേളയ്ക്കുശേഷമാണ് പന്ത് ആദ്യപത്തിൽ ഇടംപിടിക്കുന്നത്. ടെസ്റ്റിൽ പന്ത് സെഞ്ചുറിനേടിയിരുന്നു. അർധസെഞ്ചുറി നേടിയ ഓപ്പണർ യശസ്വി ജയ്‌സ്വാൾ ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തേക്ക് കയറി.

അതേസമയം മോശം പ്രകടനം നടത്തിയ നായകൻ രോഹിത് ശർമയും വിരാട് കോലിയും റാങ്കിങ്ങിൽ താഴേക്കുവീണു. അഞ്ച് സ്ഥാനം താഴോട്ടിറങ്ങി രോഹിത് പത്താം റാങ്കിലും കോലി 12-ാം സ്ഥാനത്തുമായി. അഞ്ച് സ്ഥാനം മെച്ചപ്പെടുത്തിയ ശുഭ്മാൻ ഗിൽ 14-ാം സ്ഥാനത്തേക്കുയർന്നു. ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് ഒന്നാമത്.

ബൗളർമാരുടെ റാങ്കിങ്ങിൽ ഇന്ത്യയുടെ ആർ. അശ്വിൻ ഒന്നാം റാങ്കിൽ തുടരുന്നു. പേസർ ജസ്‌പ്രീത് ബുംറ രണ്ടാം റാങ്കിലുണ്ട്. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ രവീന്ദ്ര ജഡേജ ആറാം റാങ്കിലെത്തി.

ഓൾറൗണ്ടർമാരിൽ ജഡേജയും അശ്വിനും ഒന്നും രണ്ടും സ്ഥാനങ്ങളിൽ തുടരുന്നു. ആദ്യടെസ്റ്റിൽ ഇരുവരും മികച്ച ഓൾറൗണ്ട് പ്രകടനമാണ് കാഴ്ചവെച്ചത്. അശ്വിൻ സെഞ്ചുറിനേടിയിരുന്നു.

Content Highlights: icc test ranking forwarded rishabh pant