ഐസിസി ടി20 റാങ്കിങ്ങ്; ബൗളര്‍മാരില്‍ ഒന്നാമതായി ഇന്ത്യന്‍ ലെഗ്‌സ്പിന്നര്‍ രവി ബിഷ്‌ണോയ്

photo:x.com/BCCI
photo:x.com/BCCI

ഡല്‍ഹി: ഐസിസി ടി20 ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതെത്തി ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ രവി ബിഷ്‌ണോയ്. അടുത്തിടെ കഴിഞ്ഞ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ മിന്നും പ്രകടനമാണ് താരത്തിന് നേട്ടമായത്. പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ബിഷ്‌ണോയിയാണ്. 699- റേറ്റിങ്ങാണ് ബിഷ്‌ണോയ്ക്കുള്ളത്. 

ബൗളര്‍മാരില്‍ അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനാണ്‌ രണ്ടാമത്. 692-റേറ്റിങ്ങാണ് താരത്തിനുള്ളത്. 679-റേറ്റിങ്ങോടെ ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്ക മൂന്നാമതാണ്.

ടി20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ സൂര്യകുമാര്‍ യാദവാണ് ഒന്നാമത്. 855-റേറ്റിങ്ങാണ് താരത്തിനുള്ളത്. 787-റേറ്റിങ്ങുമായി പാക് വിക്കറ്റ്കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാനാണ് രണ്ടാമത്. നേരത്തേ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയത് സൂര്യകുമാര്‍ യാദവിന്റെ നായകത്വത്തിലാണ്. 4-1 നാണ് ഓസീസിനെതിരായ പരമ്പര വിജയം.

ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍ ഒന്നാമതും അഫ്ഗാന്‍ താരം മുഹമ്മദ് നബി രണ്ടാമതുമാണ്. ഷാക്കിബിന് 272 റേറ്റിങ്ങും നബിയ്ക്ക് 210 റേറ്റിങ്ങുമാണ് നിലവിലുള്ളത്. 


 

Content Highlights: ICC T20I Rankings Ravi Bishnoi new No. 1 bowler