ടി20 ലോക റാങ്കിങ്; ഓള്‍റൗണ്ടര്‍മാരില്‍ ഹാര്‍ദിക് ഏഴാമത്, ബാറ്റര്‍മാരില്‍ ജയ്‌സ്വാള്‍ ആറാമത്

ഹാര്‍ദിക് പാണ്ഡ്യ, യശസ്വി ജയ്‌സ്വാള്‍ | എ.എന്‍.ഐ., പി.ടി.ഐ.
ഹാര്‍ദിക് പാണ്ഡ്യ, യശസ്വി ജയ്‌സ്വാള്‍ | എ.എന്‍.ഐ., പി.ടി.ഐ.

ന്യൂഡല്‍ഹി: ഐ.സി.സി. ടി20 റാങ്കിങ് ലിസ്റ്റിലെ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ മികവ് പുലര്‍ത്തി ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഏഴാമതാണ് ഹാര്‍ദിക്കിന്റെ സ്ഥാനം. 185 പോയിന്റാണ് ഹാര്‍ദിക്കിന്. 228 വീതം പോയിന്റുമായി ബംഗ്ലാദേശിന്റെ ഷാക്കിബുല്‍ ഹസനും ശ്രീലങ്കയുടെ വനിന്ദു ഹസരങ്കയുമാണ് ഒന്നാംസ്ഥാനത്ത്. 

ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ സൂര്യകുമാര്‍ യാദവ് ഒന്നാംസ്ഥാനത്ത് തുടരുന്നു. 861 പോയിന്റാണ് സൂര്യകുമാറിനുള്ളത്. 802 പോയിന്റുമായി ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ട് രണ്ടാമത്. പാകിസ്താന്റെ മുഹമ്മദ് റിസ്‌വാന്‍, ബാബര്‍ അസം, ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുണ്ട്. 714 പോയിന്റോടെ ഇന്ത്യയുടെ യുവ ബാറ്റര്‍ യശസ്വി ജയ്‌സ്വാള്‍ പട്ടികയില്‍ ആറാമത് ഇടംപിടിച്ചു. 

ബൗളിങ് റാങ്കിങ്ങില്‍ മൂന്നാമതുള്ള അക്‌സര്‍ പട്ടേലാണ് ഇന്ത്യയില്‍നിന്ന് ആദ്യ പത്തില്‍ ഇടം പിടിച്ച ഏക ബൗളിങ് താരം. ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റാഷിദ് ഒന്നാമതും ഹസരങ്ക രണ്ടാമതും വെസ്റ്റ് ഇന്‍ഡീസിന്റെ അകില്‍ ഹൊസെയ്ന്‍ മൂന്നാമതുമാണ്. 

Content Highlights: icc t20 world ranking hardik pandya and yashasvi jaiswal