ജനസാഗരം, ആവേശക്കൊടുമുടിയില്‍ മുംബൈ; 125 കോടി രൂപയുടെ ചെക്ക് കൈമാറി, വാംഖഡെയില്‍ സമാപനം

മുംബൈ: ടി20 ലോകകപ്പ് നേടി തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിനെ സ്‌നേഹവായ്പുകള്‍കൊണ്ട് മൂടി മുംബൈയിലെത്തിയ ആരാധകസഹസ്രം. മുംബൈ വിമാനത്താവളത്തിലെത്തിയ രോഹിത് ശര്‍മയെയും സംഘത്തെയും വലിയ ആഹ്ലാദാരവങ്ങളോടെയാണ് ആരാധകര്‍ വരവേറ്റത്. രോഹിത്, കോലി, ദ്രാവിഡ്, ബുംറ തുടങ്ങി ഓരോരുത്തര്‍ പുറത്തുവരുമ്പോഴും ആരാധകര്‍ വന്‍തോതില്‍ ആഘോഷപ്രകടനങ്ങള്‍ നടത്തി.
തുടര്‍ന്ന് മുംബൈ മറൈന്‍ ഡ്രൈവില്‍നിന്ന് ഓപ്പണ്‍ ബസില്‍ ആരംഭിച്ച വിക്ടറി പരേഡ് വാംഖഡെ സ്റ്റേഡിയം വരെ നീണ്ടു. ഹാര്‍ദിക് പാണ്ഡ്യയാണ് തുടക്കത്തില്‍ ട്രോഫി കൈയില്‍പ്പിടിച്ചത്. മുംബൈ വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങിയപ്പോഴും ഹാര്‍ദികിന്റെ കൈയില്‍തന്നെയായിരുന്നു ട്രോഫി. വിരാട് കോലി, യശസ്വി ജയ്‌സ്വാള്‍ തുടങ്ങി മറ്റു താരങ്ങളും സ്റ്റാഫ് അംഗങ്ങളും ബസിലുണ്ട്. മറൈന്‍ ഡ്രൈവ് മുതല്‍ വാംഖഡെ സ്റ്റേഡിയം വരെ തടിച്ചുകൂടിയ ജനസഞ്ചയം ടീമംഗങ്ങള്‍ക്ക് വിജയാശംസകള്‍ നേര്‍ന്നു. പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, ഋഷഭ് പന്ത്, വിരാട് കോലി തുടങ്ങിയവര്‍ ആവേശഭരിതരായ ആരാധകര്‍ക്കുനേരെ കൈവീശി.
VIDEO | T20 World Cup-winning Indian cricket team receives a rousing welcome during its victory parade at Mumbai's Marine Drive. pic.twitter.com/j5i94QgTLX
— Press Trust of India (@PTI_News) July 4, 2024
പരേഡ് വാംഖഡെയിലേക്ക് കടന്നതിനു പിന്നാലെ സ്റ്റേഡിയത്തിനകത്തെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ബി.സി.സി.ഐ.യുടെ ഔദ്യോഗിക അനുമോദനച്ചടങ്ങായിരുന്നു വാംഖഡെയില്‍ അരങ്ങേറിയത്. ചടങ്ങില്‍ നേരത്തേ വാഗ്ദാനം ചെയ്ത 125 കോടി രൂപയുടെ ചെക്ക് ബി.സി.സി.ഐ. ടീമംഗങ്ങള്‍ക്ക് കൈമാറി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, വിരാട് കോലി, ജസ്പ്രീത് ബുംറ എന്നിവര്‍ ലോകകപ്പ് അനുഭവങ്ങള്‍ അതുണ്ടാക്കിയ വികാരങ്ങളും പങ്കുവെച്ചു. തുടര്‍ന്ന് ആരാധകര്‍ക്ക് നേരെ നടന്നടുത്ത ടീമംഗങ്ങള്‍, അവര്‍ക്ക് നന്ദിയറിയിച്ചു. ഗ്രൗണ്ടിന് പുറത്തേക്ക് പോകുന്നതിന് മുന്‍പായി പന്തുകളില്‍ ഒപ്പിട്ടുനല്‍കുകയും സെല്‍ഫിയെടുക്കുകയും ഓട്ടോഗ്രാഫുകള്‍ നല്‍കുകയും ചെയ്തു.
നേരത്തേ വിക്ടറി പരേഡില്‍ സൂര്യകുമാര്‍ യാദവ് ബസ്സിന്റെ മധ്യത്തില്‍ ഇരുന്ന് ആരാധകര്‍ക്ക് കൈവീശി. പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ആരാധകര്‍ക്ക് ജനക്കൂട്ടത്തിന് തംപ്‌സ്്അപ്പ് നല്‍കി. ബസ്സിനു മുകളില്‍ ദ്രാവിഡും രോഹിത്തും കൂട്ടരുമെല്ലാം അത്യുത്സാഹത്തോടെ വിജയാഘോഷം നടത്തുന്നത് ആരാധകരില്‍ ആവേശം ജനിപ്പിച്ചു. അതിനിടെ ഒരു ആരാധകന്‍ മരത്തില്‍ കയറി റോഡിലേക്ക് നീണ്ട ചില്ലയില്‍ തൂങ്ങിനിന്ന് താരങ്ങളോട് ചേര്‍ന്നുനിന്ന് ഫോട്ടോയെടുത്തത് കൗതുകക്കാഴ്ചയായി. രോഹിത്തും കോലിയും ചേര്‍ന്ന് ട്രോഫി ഉയര്‍ത്തി ആരാധകരെ അഭിവാദ്യം ചെയ്തതും ആവേശത്തിരയിളക്കി.
വിശ്വകിരീടം നേടിയ ടീമിന് ആശംസകളര്‍പ്പിക്കാന്‍ മഴയെ വകവയ്ക്കാതെ ജനസാഗരങ്ങളാണ് മുംബൈയില്‍ തടിച്ചുകൂടിയത്. മറൈന്‍ ഡ്രൈവ് മുതല്‍ വാംഖഡെ സ്റ്റേഡിയംവരെ ഓപ്പണ്‍ ബസില്‍ വിക്ടറി പരേഡ് നടന്നു. തുടര്‍ന്നാണ് വാംഖഡെ സ്റ്റേഡിയത്തില്‍ വിജയാഘോഷ പരിപാടികള്‍ നടന്നത്. വാംഖഡെ സ്റ്റേഡിയത്തിലേക്ക് സൗജന്യമായി പ്രവേശിക്കാന്‍ ആരാധകര്‍ക്ക് അനുമതി നല്‍കിയിരുന്നു.
അതിനിടെ സീനിയര്‍ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും എയര്‍ലൈന്‍ വിസ്താര ആദരം നല്‍കി. ഡല്‍ഹിയില്‍നിന്ന് ഇന്ത്യന്‍ ടീമംഗങ്ങളെയും വഹിച്ച് മുംബൈയിലെത്തിയ വിസ്താര വിമാനത്തിന്റെ നമ്പര്‍ യു.കെ.1845 എന്നതായിരുന്നു. വിരാട് കോലിയുടെ ജഴ്‌സി നമ്പറായ പതിനെട്ടും രോഹിത് ശര്‍മയുടെ ജഴസി നമ്പറായ നാല്‍പ്പത്തഞ്ചും പ്രതിനിധാനം ചെയ്യുന്നു ഇത്. വിമാനത്തിന് വാട്ടര്‍ സല്യൂട്ട് നല്‍കിയും ആദരമര്‍പ്പിച്ചു.
ജൂണില്‍ യു.എസ്.എ.യിലും കരീബിയയിലുമായി നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം നേടിയിരുന്നു. 2007-ലെ പ്രഥമ ടി20 ലോകകപ്പ് കിരീടം നേടി 17 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇന്ത്യ രണ്ടാം കിരീടം നേടിയത്. ചാമ്പ്യന്മാരായതിനു പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സീനിയര്‍ താരങ്ങളായ വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവര്‍ ടി20യില്‍നിന്ന് വിരമിച്ചു. ലോകകപ്പിനുശേഷം ഇന്ത്യയിലേക്ക് കഴിഞ്ഞ ഞായറാഴ്ചതന്നെ മടങ്ങാനിരുന്നതായിരുന്നെങ്കിലും കരീബിയയിലെ ബെറില്‍ ചുഴലിക്കാറ്റ് വിലങ്ങുതടിയായി. ഇതോടെ ബുധനാഴ്ച വൈകിയാണ് ടീമംഗങ്ങള്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങാനായത്. പ്രത്യേക വിമാനത്തിലെത്തിയ സംഘം വ്യാഴാഴ്ച രാവിലെ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.