91/7, പിന്നെ കണ്ടത് എക്കാലത്തെയും മികച്ച ഏകദിന ഇന്നിങ്സ്; ക്രിക്കറ്റ് ലോകം മറക്കാത്ത മാക്സി ഷോ

‘മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് ഒരു യാത്രയയപ്പ് മത്സരം കളിക്കാൻ ആഗ്രഹിച്ചിരുന്നു, എന്നാൽ 2028 ഒളിമ്പിക്സ് ഉൾപ്പെടെയുള്ള ഭാവി ലക്ഷ്യമിട്ട് യുവതാരങ്ങൾക്ക് അവസരം നൽകാനുള്ള മാനേജ്മെന്റിന്റെ തീരുമാനത്തെ പൂർണമായി ഉൾക്കൊള്ളുന്നു’, ഓസീസ് ക്രിക്കറ്റിൽ വെടിക്കെട്ട് കൊണ്ട് തിളങ്ങിയ മാക്സി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നത് ആ ആഗ്രഹം ബാക്കിയാക്കിയാണ്. ഒരു യാത്രയയപ്പ് മത്സരം ലഭിച്ചില്ലെങ്കിലും ഭാവി താരങ്ങൾക്ക് വഴിയൊരുക്കിയാണ് മടക്കം.
വെടിക്കെട്ട് ബാറ്റർമാർ നിറഞ്ഞുനിന്ന ഓസീസ് ക്രിക്കറ്റിന് ഒരിക്കലും മറക്കാനാവാത്ത ഒരുപിടി നിമിഷങ്ങൾ സമ്മാനിച്ച താരം. 14 വർഷം ക്രിക്കറ്റ് ലോകത്തെ ഒരു ത്രില്ലർ സിനിമപോലെ മാറ്റിതീർത്തയാൾ. ക്ലൈമാക്സിൽ രക്ഷകന്റെ പരിവേഷം അണിഞ്ഞിട്ടുമുണ്ട്. ഒരുവട്ടമല്ല, പലവട്ടം. അപ്രതീക്ഷിതമെങ്കിലും അനിവാര്യമായ ആ വിരമിക്കൽ തീരുമാനം പ്രഖ്യാപിക്കുമ്പോൾ ആരാധകരുടെ മനസിൽ മൂന്നുവർഷം മുമ്പത്തെ ഏകദിനലോകകപ്പ് ചിത്രമായിരിക്കും കടന്നുവരുന്നുണ്ടാകുക. ഒറ്റക്കാലിൽ സിക്സറുകളുടെയും ഫോറുകളുടെയും പെരുമഴകൊണ്ട് ഓസീസിന് അദ്ഭുതജയം സമ്മാനിച്ച ആ മാസ്മരിക ഇന്നിങ്സ്.
2023 നവംബർ ഏഴിന് ഏകദിനലോകകപ്പിൽ അഫ്ഗാനെതിരേയാണ് മാക്സവെൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. ആടിയുലഞ്ഞ ഓസീസ് ക്രിക്കറ്റ് ടീമിനെ വേദന സഹിച്ചും ക്ഷമിച്ചും ആഞ്ഞടിച്ചും വിജയതീരത്തെത്തിച്ച കപ്പിത്താനായി മാക്സി മാറി. ഒരു ഘട്ടത്തിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 91 റൺസ് എന്ന നിലയിൽ തകർന്ന ഓസ്ട്രേലിയയെ ഇരട്ട സെഞ്ചുറി നേടി വിജയത്തിലെത്തിച്ച മാക്സ്വെൽ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് പുറത്തെടുത്തത്. കൂട്ടാളികളെല്ലാം മടങ്ങിയപ്പോൾ ഒറ്റയാനായി പൊരുതി 128 പന്തിൽ 201 റൺസുമായി പുറത്താകാതെനിന്ന ഗ്ലെൻ മാക്സ്വെല്ലിന്റെ അതുല്യ ഇന്നിങ്സ് ഓസീസിന് സെമി ടിക്കറ്റും നേടിക്കൊടുത്തു.
അഫ്ഗാനെതിരേ തുടക്കം തകർന്നടിഞ്ഞ ഓസീസ് 19-ാം ഓവറിൽ എത്തിനിൽക്കുമ്പോൾ ഏഴിന് 91 എന്ന നിലയിലായിരുന്നു. ലക്ഷ്യം 292 റൺസായിരുന്നു. ഓപ്പണർമാരായ ഡേവിഡ് വാർണർ (18), ട്രാവിസ് ഹെഡ് (0), മൂന്നാമനായ മിച്ചൽ മാർഷ് (24), മാർനസ് ലെബുഷെയ്ൻ (14), ജോഷ് ഇംഗ്ലിസ് (0), മാർക്കസ് സ്റ്റോയ്നിസ് (6), മിച്ചൽ സ്റ്റാർക് (3) എന്നിവർ വേഗം കൂടാരം കയറി. നിർണായകമായ പോരാട്ടത്തിൽ മാക്സ്വെൽ നായകൻ കമ്മിൻസിനെ ഒരുവശത്ത് നിർത്തി പോരാട്ടത്തിന് നാന്ദി കുറിക്കുകയായിരുന്നു. പിന്നെ അഫ്ഗാൻ ബൗളർമാരെ തലങ്ങും വിലങ്ങും താരം പ്രഹരിച്ചു.
22-ാം ഓവറിൽ അഫ്ഗാനിസ്താന്റെ എൽ.ബി. അപ്പീലിൽ മാക്സ്വെല്ലിന്റെ ഔട്ട് വിളിച്ചിരുന്നു. എന്നാൽ റിവ്യൂവിലൂടെ തിരിച്ചുവന്നു. അതേ ഓവറിൽ ഒരു ക്യാച്ച് അവസരത്തിൽനിന്നും രക്ഷപ്പെട്ടു. പിന്നീട് തിരിഞ്ഞുനോക്കിയില്ല. ലോക ക്രിക്കറ്റിൽ ഓപ്പണർ അല്ലാത്ത ബാറ്ററുടെ ഉയർന്ന സ്കോറും ഏകദിനത്തിൽ ഓസ്ട്രേലിയക്കാരന്റെ ഉയർന്ന സ്കോറിലേക്കുമുള്ള കുതിപ്പായിരുന്നു കണ്ടത്. 37 ഓവർ കഴിഞ്ഞപ്പോൾ പേശിവലിവിനെത്തുടർന്ന് ഓടാൻ ബുദ്ധിമുട്ടിയ മാക്സ്വെൽ പിന്നീട് ബൗണ്ടറികളിൽ ഊന്നി. അതിന് അവസരം ഒരുക്കിക്കൊടുക്കുകയായിരുന്നു കമിൻസിന്റെ ദൗത്യം. കഷ്ടപ്പെട്ടാണെങ്കിലും ഇടയ്ക്ക് സിംഗിളുകളും എടുത്തു.
അവസാന നാല് ഓവറിൽ ഓസ്ട്രേലിക്ക് ജയിക്കാൻ 21 റൺസ് വേണ്ടിയിരുന്നു. എന്നാൽ 47-ാം ഓവറിലെ ആദ്യ രണ്ടു പന്തും സിക്സും മൂന്നാം പന്ത് ഫോറും നാലാം പന്ത് വീണ്ടും സിക്സുമടിച്ച് മാക്സ്വെൽ ചരിത്രവിജയത്തിന് അടിവരയിട്ടു. നാലാം സിക്സോടെ ഇരട്ടസെഞ്ചുറി കുറിച്ചത് ആ ഇന്നിങ്സിന് ചേർന്ന ഉപസംഹാരമായി. 19-ാം ഓവറിൽ ഒന്നിച്ച മാക്സ്വെൽ-കമിൻസ് സഖ്യം 47-ാം ഓവറിൽ ടീമിനെ വിജയത്തിലെത്തിച്ച് മടങ്ങിയപ്പോൾ ലോക ക്രിക്കറ്റിൽ അവിസ്മരണീയമായ ഒരധ്യായമാണ് പിറവിയെടുത്തത്. സഖ്യം 170 പന്തിൽ 202 റൺസെടുത്തപ്പോൾ അതിൽ 179 റൺസും മാക്സ്വെല്ലിന്റെ ബാറ്റിൽനിന്നായിരുന്നു.
മാക്സ്വെല്ലിന്റെ ഈ പ്രകടനത്തിന്റെ കരുത്തിൽ നിരവധി റെക്കോഡുകളും തകർന്നുവീണു. ലോകകപ്പിന്റെ ചരിത്രത്തിൽ ചേസിങ്ങിൽ ആദ്യമായാണ് ഒരു താരം ഇരട്ടസെഞ്ചുറി നേടുന്നത്. ഇതിനുമുൻപ് 2011 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരേ ആൻഡ്രൂ സ്ട്രോസ് നേടിയ 158 ആയിരുന്നു ചേസിങ്ങിലെ ഉയർന്ന സ്കോർ. ഓസ്ട്രേലിയയ്ക്ക് വേണ്ടി ഏകദിനത്തിൽ ഡബിൾ സെഞ്ചുറി നേടുന്ന ആദ്യ താരം എന്ന വലിയൊരു റെക്കോഡും മാക്സ്വെൽ സ്വന്തമാക്കി. 185 റൺസെടുത്ത ഷെയ്ൻ വാട്സണിന്റെ റെക്കോഡ് മാക്സ്വെൽ തകർത്തു. ലോകകപ്പിൽ ഇരട്ടസെഞ്ചുറി നേടുന്ന മൂന്നാമത്തെമാത്രം താരമായി അന്ന് മാക്സ്വെൽ. ന്യൂസീലൻഡിന്റെ മാർട്ടിൻ ഗപ്റ്റിൽ, വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ൽ എന്നിവരാണ് ഇതിനുമുൻപ് ഈ നേട്ടം സ്വന്തമാക്കിയവർ.
ഗപ്റ്റിൽ 2015-ൽ വിൻഡീസിനെതിരായ മത്സരത്തിൽ 237 റൺസെടുത്തു. ലോകകപ്പിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്. ലോകകപ്പിൽ ആദ്യമായി സെഞ്ചുറി നേടിയത് വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ലാണ്. 2015-ൽ തന്നെയാണ് താരവും ഈ നേട്ടത്തിലെത്തിയത്. സിംബാബ്വെയ്ക്കെതിരായ മത്സരത്തിൽ താരം 215 റൺസാണ് അടിച്ചെടുത്തത്. ഏകദിനത്തിൽ ആദ്യമായി ഇരട്ടസെഞ്ചുറി നേടുന്ന ഓപ്പണറല്ലാത്ത താരം എന്ന റെക്കോഡും താരം സ്വന്തം പേരിൽ കുറിച്ചു. അങ്ങനെ ഒരുപിടി റെക്കോഡുകൾ കുറിച്ചാണ് അന്ന് മാക്സ്വെൽ മടങ്ങിയത്.
Content Highlights: Glenn Maxwell has announced his retirement from international cricket