ബെയര്‍സ്‌റ്റോയുടെ വിവാദ പുറത്താകല്‍; ഓസ്‌ട്രേലിയ പരസ്യമായി മാപ്പ് പറയണമെന്ന് ജെഫ്രി ബോയ്‌ക്കോട്ട്

Photo: Photo: twitter.com, AP
Photo: Photo: twitter.com, AP

ലണ്ടന്‍: ലോര്‍ഡ്‌സ് ടെസ്റ്റിന്റെ അഞ്ചാം ദിനത്തില്‍ ഇംഗ്ലീഷ് താരം ജോണി ബെയര്‍സ്‌റ്റോയുടെ വിവാദ പുറത്താകലിന് ഓസ്‌ട്രേലിയ പരസ്യമായി മാപ്പുപറയണമെന്ന് മുന്‍ ഇംഗ്ലീഷ് താരവും കമന്റേറ്ററുമായ ജെഫ്രി ബോയ്‌ക്കോട്ട്. ടെലഗ്രാഫ് പത്രത്തിലെഴുതിയ കോളത്തില്‍ ബെയര്‍സ്‌റ്റോയെ പുറത്താക്കിയ അപ്പീല്‍ പിന്‍വലിക്കാതിരുന്ന ഓസീസിനെ കടുത്ത ഭാഷയില്‍ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.

'എന്ത് വിലകൊടുത്തും ജയിക്കണം എന്നാണെങ്കില്‍ നിങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല ക്രിക്കറ്റ്. ആളുകള്‍ മികച്ച രീതിയിലും സത്യസന്ധമായും കളിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, പക്ഷേ കളിയുടെ നിലവാരം ഉയര്‍ത്തിപ്പിടിക്കണം. ബാറ്റര്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിയമം നോക്കേണ്ടകാര്യമില്ല. സാമാന്യബുദ്ധി പ്രയോഗിക്കുക. ബാറ്റര്‍ ആനുകൂല്യം നേടാന്‍ ശ്രമിക്കുന്ന മങ്കാദ് പോലുള്ള സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. പക്ഷേ ഇവിടെ ജോണി (ബെയര്‍സ്‌റ്റോ) റണ്ണെടുക്കാൻ ശ്രമിച്ചിട്ടില്ല.' - അദ്ദേഹം കുറിച്ചു.

'എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് ചിന്തിച്ച് ഓസീസ് ടീം പരസ്യമായി മാപ്പ് പറയണം. അതുവഴി ഈ സാഹചര്യം പരിഹരിക്കപ്പെടും.' - ബോയ്‌ക്കോട്ട് കൂട്ടിച്ചേര്‍ത്തു.

രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിനത്തില്‍ കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ 52-ാം ഓവറിലെ അവസാന പന്തിലായിരുന്നു ബെയര്‍സ്റ്റോയുടെ അപ്രതീക്ഷിത പുറത്താകല്‍. ഷോര്‍ട്ട് ബോളായിരുന്ന ആ പന്ത് ബെയര്‍സ്റ്റോ കളിക്കാതെ ഒഴിഞ്ഞുമാറി. ശേഷം പന്ത് എവിടേക്ക് പോയെന്ന് പോലും ശ്രദ്ധിക്കാതെ അത് ഡെഡ് ബോള്‍ ആയെന്ന് കരുതി അദ്ദേഹം നോണ്‍സ്ട്രൈക്കേഴ്സ് എന്‍ഡിലുണ്ടായിരുന്ന ബെന്‍ സ്റ്റോക്ക്സിനോട് സംസാരിക്കാന്‍ ക്രീസ് വിട്ടിറങ്ങി. എന്നാല്‍ പന്ത് പിടിച്ചെടുത്ത ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരി, ബെയര്‍സ്റ്റോ ക്രീസ് വിട്ടപാടേ സ്റ്റമ്പിളക്കി. എന്താണ് സംഭവിച്ചതെന്നറിയാതെ ബെയര്‍സ്റ്റോ നില്‍ക്കേ ഓസീസ് താരങ്ങള്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്തു. ഫീല്‍ഡ് അമ്പയര്‍മാര്‍ തീരുമാനം തേര്‍ഡ് അമ്പയര്‍ക്ക് വിട്ടു. ദൃശ്യങ്ങള്‍ പരിശോധിച്ച തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഓസീസ് ടീമിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചര്‍ച്ചകളാണുണ്ടായത്.

Content Highlights: Geoffrey Boycott tells Australia to issue public apology after Jonny Bairstow dismissal