ഗംഭീറിനെ വിമര്‍ശിച്ചതിന് ശ്രീശാന്തിനെതിരേ നടപടി; വീഡിയോ നീക്കംചെയ്യാതെ ചര്‍ച്ചയ്ക്കില്ലെന്ന് LLC

Photo: twitter.com/
Photo: twitter.com/

സൂറത്ത്: ലീഗ്‌ ക്രിക്കറ്റ് കരാര്‍ ലംഘിച്ചെന്നാരോപിച്ച് മലയാളി താരം എസ്. ശ്രീശാന്തിന് എല്‍.എല്‍.സി.യുടെ (ലെജന്റ്‌സ് ലീഗ് ക്രിക്കറ്റ്) നോട്ടീസ്. ഗ്രൗണ്ടില്‍ സംഭവിച്ച കാര്യത്തെച്ചൊല്ലി സാമൂഹികമാധ്യമത്തില്‍ ശാഠ്യം പിടിച്ചത് എല്‍.എല്‍.സി. കരാറിന്റെ ലംഘനമാണെന്ന് നോട്ടീസില്‍ പറയുന്നു. ഗൗതം ഗംഭീറിനെതിരെയുള്ള പരാമര്‍ശങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍നിന്ന് നീക്കംചെയ്യാതെ ശ്രീശാന്തുമായി സംഭാഷണത്തിനില്ലെന്നും എല്‍.എല്‍.സി. അധികൃതര്‍ വ്യക്തമാക്കി. 

ഗംഭീര്‍ ഗ്രൗണ്ടില്‍വെച്ച് ഏതെങ്കിലും തരത്തിലുള്ള അപവാദ പരാമര്‍ശങ്ങള്‍ നടത്തിയതായി അംപയര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ശ്രീശാന്തിനയച്ച നോട്ടീസിലുണ്ട്. 

ലീഗ് ക്രിക്കറ്റിനിടെ ഇന്ത്യ ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ 'ഒത്തുകളിക്കാരന്‍' എന്ന് വിളിച്ചെന്നാരോപിച്ച് ശ്രീശാന്ത് രംഗത്തെത്തിയിരുന്നു. ശ്രീ എറിഞ്ഞ ഓവറില്‍ ഫോറും സിക്‌സും അടിച്ചെടുത്ത ശേഷമായിരുന്നു ഗംഭീറിന്റെ അധിക്ഷേപ പരാമര്‍ശമെന്നാണ് ശ്രീ പറയുന്നത്. ഇതോടെ ഇരുവരും തമ്മില്‍ കളിക്കളത്തില്‍ വാക്കുതർക്കവുമുണ്ടായി.

പിന്നാലെ, ഗംഭീറില്‍നിന്ന് നേരിട്ട മോശമായ അനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് ശ്രീശാന്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടു. ഒത്തുകളിക്കാരന്‍ എന്നാണ് ഗ്രൗണ്ടില്‍വെച്ച് വിളിച്ചതെന്നും തിരിച്ച് ഒരു മോശം വാക്കുപോലും ഗംഭീറിനോട് പറഞ്ഞില്ലെന്നും വിശദീകരിച്ച് ശ്രീശാന്ത് വീണ്ടും വീഡിയോ പോസ്റ്റ് ചെയ്തു. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയായിരുന്നു.
 

Content Highlights: gautam gambhir, s sreesanth fixer calling controversy, llc stand, legal notice