ജോണ്‍ഡി റോഡ്‌സിനെ വേണ്ടാ, ഇന്ത്യക്കാര്‍ മതി; ഗംഭീറിന്റെ അപേക്ഷ BCCI നിരസിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫീല്‍ഡിങ് പരിശീലകനായി ജോണ്‍ഡി റോഡ്‌സിനെ കൊണ്ടുവരാനുള്ള ഗംഭീറിന്റെ നീക്കം ഫലവത്തായില്ലെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ഗംഭീര്‍ നല്‍കിയ അപേക്ഷ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ.) നിരസിച്ചതായാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. സപ്പോര്‍ട്ട് സ്റ്റാഫുകളായി ഇന്ത്യയില്‍നിന്നുള്ളവര്‍ തന്നെ മതിയെന്നാണ് ബി.സി.സി.ഐ.യുടെ നിലപാട്.
രാഹുല്‍ ദ്രാവിഡ് മുഖ്യപരിശീലകസ്ഥാനത്തുനിന്ന് ഒഴിഞ്ഞതോടെ ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍, ബൗളിങ് കോച്ച് പരാസ് മാംബ്രെ, ഫീല്‍ഡിങ് കോച്ച് ടി. ദിലീപ് എന്നിവരുടെ കാലാവധിയും അവസാനിച്ചതാണ്. എന്നാല്‍ ബോര്‍ഡ് നല്‍കുന്ന സൂചനകളനുസരിച്ച് ദിലീപ് തന്നെ ഫീല്‍ഡിങ് കോച്ചായി തുടരാനുള്ള സാധ്യതയുണ്ട്.
ചൊവ്വാഴ്ചയാണ് ഗൗതം ഗംഭീറിനെ ഇന്ത്യയുടെ മുഖ്യ പരിശീലകനായി ബി.സി.സി.ഐ. പ്രഖ്യാപിച്ചത്. ടി20 ലോകകപ്പിന് പിന്നാലെ രാഹുല്‍ ദ്രാവിഡ് കളമൊഴിഞ്ഞതോടെയാണ് ഗംഭീര്‍ കോച്ചിങ് രംഗത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഐ.പി.എലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്ററായ ഗംഭീര്‍, കഴിഞ്ഞ സീസണില്‍ ടീമിനെ കിരീടത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
Content Highlights: gambhirs fielding coach suggestion rejected bcci report