‘ഭാവിയിൽ ആർക്കും നിങ്ങളുടെ കുട്ടിയെയും ലക്ഷ്യം വെക്കാം, ഇത് ലജ്ജാകരം’; റാണയെ പിന്തുണച്ച് ഗംഭീർ

ന്യൂഡൽഹി: താനുമായുള്ള ബന്ധം കാരണമാണ് ഇന്ത്യൻ പേസർ ഹർഷിത് റാണയ്ക്ക് ടീമിൽ തുടർച്ചയായി അവസരം കിട്ടുന്നതെന്ന മുൻ മുഖ്യ സെലക്ടർ ക്രിസ് ശ്രീകാന്തിന്റെ ആരോപണത്തിന് മറുപടിയുമായി പരിശീലകൻ ഗൗതം ഗംഭീർ.ഇത് ലജ്ജാകരമാണെന്നും ഒരു യൂട്യൂബ് ചാനൽ മുന്നോട്ടുകൊണ്ടുപോകാനായി 23 വയസ്സുള്ള പയ്യനെ ലക്ഷ്യം വെക്കരുതെന്ന് ഗംഭീർ പറഞ്ഞു. ഓസീസ് പരമ്പരയ്ക്കുള്ള ഏകദിന, ടി20 ടീമുകളില്‍ റാണ ഇടംപിടിച്ചതിന് പിന്നാലെയാണ് ശ്രീകാന്ത് വിമർശനവുമായെത്തിയത്.
ഇത് ലജ്ജാകരമാണ്. ഞാൻ നിങ്ങളോട് വളരെ സത്യസന്ധമായി പറയാം. നിങ്ങളുടെ യൂട്യൂബ് ചാനലിന് വേണ്ടി 23 വയസ്സുള്ള ഒരു പയ്യനെ ലക്ഷ്യം വെക്കുന്നത് വളരെ അന്യായമാണ്. അവന്റെ അച്ഛൻ ഒരു മുൻ ചെയർമാനോ മുൻ ക്രിക്കറ്റ് താരമോ ഒരു എൻആർഐയോ അല്ല. അവൻ ഇതുവരെ കളിച്ച ക്രിക്കറ്റെല്ലാം സ്വന്തം നിലയ്ക്കാണ്. തുടർന്നും അവൻ സ്വന്തം നിലയിൽ തന്നെ കളിക്കും. നിങ്ങൾ ഒരാളെ വ്യക്തിപരമായി ലക്ഷ്യം വെക്കുകയാണെങ്കിൽ, അത് ശരിയല്ല.- ഗംഭീർ പറഞ്ഞു.
"നിങ്ങൾക്ക് ആളുകളുടെ പ്രകടനത്തെ ലക്ഷ്യം വയ്ക്കാം. അങ്ങനെ ചെയ്യുന്ന സെലക്ടർമാരും പരിശീലകരുമുണ്ട്. പക്ഷേ, 23 വയസ്സുള്ള ഒരാളോട് നിങ്ങൾ ഇത്തരം കാര്യങ്ങൾ പറയുകയും, പിന്നീട് സോഷ്യൽ മീഡിയ അത് കൂടുതൽ പ്രചരിപ്പിക്കുകയും ചെയ്യുമ്പോൾ അവന്റെ മാനസികാവസ്ഥ ഒന്നാലോചിച്ചു നോക്കൂ. ഭാവിയിൽ, നിങ്ങളുടെ കുട്ടിയെയും ലക്ഷ്യം വെക്കാൻ കഴിയും. ആർക്ക് ആരെ വേണമെങ്കിലും ലക്ഷ്യം വെക്കാം." അദ്ദേഹം കൂട്ടിച്ചേർത്തു.
"അവനൊരു 33 വയസ്സുകാരനല്ല. നിങ്ങൾക്ക് എന്നെ വിമർശിക്കാം, എനിക്കത് കൈകാര്യം ചെയ്യാൻ കഴിയും. പക്ഷേ 23 വയസ്സുള്ള ഒരു പയ്യൻ, 23 വയസ്സുള്ള ഒരു പയ്യൻ തന്നെയാണ്. അത് അംഗീകരിക്കാൻ കഴിയാത്തതാണെന്നും ഗംഭീർ കൂട്ടിച്ചേർത്തു. യൂട്യൂബ് ചാനൽ മുന്നോട്ട് കൊണ്ടുപോകാൻ വേണ്ടി മാത്രമാണ് ഇത്തരം കാര്യങ്ങൾ പറയുന്നത്. എന്നാൽ എല്ലാവർക്കും ഇന്ത്യൻ ക്രിക്കറ്റിനോട് ഒരു ധാർമിക ഉത്തരവാദിത്തമുണ്ട്. നിങ്ങൾക്ക് വിമർശിക്കാം, പക്ഷേ പ്രകടനത്തിന്റെ പേരിൽ ആയിരിക്കണം.- ഗംഭീർ പറഞ്ഞു.
ടീമിൽ തിരഞ്ഞെടുക്കപ്പെടാൻ ഏറ്റവും നല്ലത് ഹർഷിത് റാണയെപ്പോലെ ഗംഭീറിന്റെ ഒരു സ്ഥിരം ആളാവുക എന്നതാണെന്നാണ് നേരത്തേ ശ്രീകാന്ത് വിമർശിച്ചത്. സാധ്യതാ പട്ടികയിൽ ഹർഷിത് റാണയെയും നിതീഷ് കുമാർ റെഡ്ഡിയെയും ഉൾപ്പെടുത്തിയാൽ, പിന്നെ നിങ്ങൾക്ക് കിരീടത്തോട് വിട പറയാമെന്നും ശ്രീകാന്ത് പ്രതികരിച്ചിരുന്നു.
സമീപകാലത്ത് നടന്ന ടൂര്‍ണമെന്റുകളിലല്ലാം ഇന്ത്യന്‍ സ്‌ക്വാഡില്‍ ഹര്‍ഷിത് റാണ ഉള്‍പ്പെട്ടിരുന്നു. ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായ ഇന്ത്യന്‍ ടീമിലും ഇക്കഴിഞ്ഞ ഏഷ്യാകപ്പ് ടീമിലും ഹര്‍ഷിത് റാണ ഇടംപിടിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വരെ ഇന്ത്യന്‍ ടീമില്‍ റാണയെത്തി. മൂന്നുഫോര്‍മാറ്റുകളിലും ടീമില്‍ ഇടംപിടിക്കുന്ന താരം അത്ര മികച്ച പ്രകടനം പുലര്‍ത്താത്തതും വിമര്‍ശനങ്ങൾക്ക് ആക്കംകൂട്ടി.
Content Highlights: harshit rana selection gambhir response