കെ.എല്‍ രാഹുലിനെ ടീമിലെടുക്കുന്നത് പ്രകടനം അടിസ്ഥാനമാക്കിയല്ല, 'ഫേവററ്റിസം' - വെങ്കടേഷ് പ്രസാദ്

നാഗ്പുര്‍: കെ.എല്‍ രാഹുല്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനംപിടിക്കുന്നതിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം വെങ്കടേഷ് പ്രസാദ്. പ്ലെയിങ് ഇലവനിലേക്ക് രാഹുലിനെ തിരഞ്ഞെടുക്കുന്നത് പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും മറിച്ച് തികഞ്ഞ ഫേവററ്റിസമാണെന്നും പ്രസാദ് തുറന്നടിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരേ ഇന്ത്യ ഇന്നിങ്സിനും 132 റണ്‍സിനും വിജയം നേടിയതിനു പിന്നാലെയായിരുന്നു പ്രസാദിന്റെ ട്വീറ്റ്. 'കെ.എല്‍ രാഹുലിന്റെ പ്രാഗല്ഭ്യത്തിലും കഴിവിലും എനിക്ക് വളരെയധികം ബഹുമാനമുണ്ട്, പക്ഷേ സങ്കടകരമെന്നു പറയട്ടെ, അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ വളരെ താഴെയാണ്. രാജ്യാന്തര ക്രിക്കറ്റില്‍ എട്ട് വര്‍ഷവും 46 ടെസ്റ്റുകള്‍ക്കും ശേഷം 34 എന്ന ടെസ്റ്റ് ശരാശരി വെറും സാധാരണമാണ്. ഇത്രയധികം അവസരങ്ങള്‍ ലഭിച്ച മറ്റുള്ളവര്‍ ഉണ്ടോ എന്ന് പോലും അറിയില്ല. അതും മികച്ച ഫോമിലുള്ള നിരവധി പേര് കാത്തിരിക്കുമ്പോള്‍. ശുഭ്മാന്‍ ഗില്‍ മികച്ച ഫോമിലാണ്, സര്‍ഫറാസ് ഖാന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സെഞ്ചുറികള്‍ സ്കോര്‍ ചെയ്യുന്നു. അങ്ങനെ പലരുമുണ്ട് രാഹുലിനേക്കാള്‍ അര്‍ഹതയുള്ളവര്‍. രാഹുലിന്റെ തിരഞ്ഞെടുപ്പ് പ്രകടനത്തെ അടിസ്ഥാനമാക്കിയല്ല, മറിച്ച് ഫേവററ്റിസമാണ്.' - പ്രസാദ് ട്വീറ്റ് ചെയ്തു.
ഇതില്‍ ഏറ്റവും വഷളായ കാര്യം രാഹുല്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായതാണെന്നും മികച്ച ക്രിക്കറ്റ് തലച്ചോറുള്ള ആര്. അശ്വിനോ അതുമല്ലെങ്കില്‍ ചേതേശ്വര്‍ പൂജാരയോ രവീന്ദ്ര ജഡേജയോ ടെസ്റ്റില്‍ വൈസ് ക്യാപ്റ്റനാകണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മായങ്ക് അഗര്‍വാളിനും ഹനുമ വിഹാരിക്കും പോലും ടെസ്റ്റില്‍ രാഹുലിനേക്കാള്‍ സ്വാധീനം ചെലുത്താനാകുന്നുണ്ടെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Former Indian player Venkatesh Prasad made a scathing attack on KL Rahul