ആഷസില്‍ ഇംഗ്ലണ്ട് തിരിച്ചടിച്ചു, മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ മൂന്ന് വിക്കറ്റിന് തകര്‍ത്തു

Photo: AFP
Photo: AFP

ഹെഡിങ്‌ലി: ആവേശകരമായ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ഓസ്‌ട്രേലിയയെ മൂന്ന് വിക്കറ്റിന് തകര്‍ത്ത് ആതിഥേയരായ ഇംഗ്ലണ്ട്. ഒരു ദിവസം ബാക്കിനില്‍ക്കെയാണ് ഇംഗ്ലണ്ടിന്റെ വിജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 251 റണ്‍സ് വിജയലക്ഷ്യം രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 

ഈ വിജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് പ്രതീക്ഷകള്‍ സജീവമാക്കി. ഇതോടെ സ്‌കോര്‍ 2-1 ആയി. ആദ്യ രണ്ട് ടെസ്റ്റുകളിലും ഓസ്‌ട്രേലിയ വിജയിച്ചിരുന്നു. മൂന്നാം ടെസ്റ്റില്‍ വിജയിച്ചിരുന്നെങ്കില്‍ ഓസീസിന് പരമ്പര നേടാനാകുമായിരുന്നു. 

വിക്കറ്റ് നഷ്ടപ്പെടാതെ 27 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. സ്‌കോര്‍ 42-ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍ ബെന്‍ ഡക്കറ്റ് പുറത്തായി. പിന്നാലെ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണപ്പോള്‍ ഇംഗ്ലണ്ട് പതറി. എന്നാല്‍ അഞ്ചാമനായി ക്രീസിലെത്തിയ ഹാരി ബ്രൂക്കിന്റെ ഉജ്ജ്വല പ്രകടനം ടീമിന് തുണയായി. 93 പന്തുകളില്‍ നിന്ന് 75 റണ്‍സാണ് ബ്രൂക്ക് നേടിയത്. ഈ ഇന്നിങ്‌സിന്റെ ബലത്തിലാണ് ഇംഗ്ലണ്ട് വിജയം നേടിയത്. 

എട്ടാം വിക്കറ്റില്‍ ക്രിസ് വോക്‌സും (32) മാര്‍ക്ക് വുഡും (16) ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇംഗ്ലണ്ടിനെ വിജയതീരത്തെത്തിച്ചത്. ഇരുവരും 24 റണ്‍സാണ് നേടിയത്. വോക്‌സിനെക്കൂടാതെ ഓപ്പണര്‍ സാക് ക്രോളിയും (44) മികച്ച പ്രകടനം പുറത്തെടുത്തു. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് അഞ്ചുവിക്കറ്റ് വീഴ്ത്തി. 

ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 263 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ടിന് 237 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ വെറും 224 റണ്‍സിന് ഓള്‍ ഔട്ടായതാണ് ഓസീസിന് തിരിച്ചടിയായത്. ഇതോടെ ഇംഗ്ലണ്ട് മത്സരത്തില്‍ പിടിമുറുക്കി. പരമ്പരയിലെ നാലാം ടെസ്റ്റ് മത്സരം ജൂലായ് 19 ന് നടക്കും.

Content Highlights: england beat australia by three wickets in the third test of ashes series 2023