തോല്‍വിയോടെ വിടവാങ്ങല്‍; ബ്രാവോ ഇനി വെസ്റ്റിന്‍ഡീസ് ജഴ്‌സിയിലുണ്ടാകില്ല

ഡ്വെയ്ന്‍ ബ്രാവോ | Photo: AFP
ഡ്വെയ്ന്‍ ബ്രാവോ | Photo: AFP

ദുബായ്: ട്വന്റി-20 ലോകകപ്പോടെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ. സൂപ്പര്‍ 12 മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ തോറ്റതോടെ ലോകകപ്പില്‍ നിന്ന് നിലവിലെ ചാമ്പ്യന്‍മാരായ വിന്‍ഡീസ് പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് ബ്രാവോ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇനി വെസ്റ്റിന്‍ഡീസിന് ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരം മാത്രമാണ് ശേഷിക്കുന്നത്. 

'സമയമായി എന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് മികച്ച കരിയര്‍ ലഭിച്ചു. 18 വര്‍ഷം വെസ്റ്റിന്‍ഡീസിനായി കളിക്കാന്‍ കഴിഞ്ഞു. ഒരുപാട് കയറ്റിറക്കങ്ങളുണ്ടായി. എന്നാല്‍ തിരിഞ്ഞുനോക്കുമ്പോള്‍ ഞാന്‍ സംതൃപ്തനാണ്. ഇത്രയും കാലം കരീബിയന്‍ ജനതയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞു.'-ബ്രാവോ വ്യക്തമാക്കുന്നു.

വെസ്റ്റിന്‍ഡീസിനൊപ്പം മൂന്നു ഐസിസി കിരീടങ്ങളാണ് ബ്രാവോ നേടിയത്. ഏഴ് ട്വന്റി-20 ലോകകപ്പില്‍ വിന്‍ഡീസിനായി കളിച്ച 38-കാരന്‍ 2012ലും 2016ലും കിരീടം നേടിയ ടീമില്‍ അംഗമായിരുന്നു. ടെസ്റ്റില്‍ 40 മത്സരങ്ങളില്‍ 2200 റണ്‍സും 86 വിക്കറ്റും നേടിയിട്ടുണ്ട്. 164 ഏകദിനങ്ങളില്‍ നിന്ന് സ്വന്തമാക്കിയത് 2968 റണ്‍സും 199 വിക്കറ്റും. ട്വന്റി-20യില്‍ 90 മത്സരങ്ങളില്‍ നിന്ന് 1245 റണ്‍സും 78 വിക്കറ്റും നേടി. 

2006-ല്‍ ഓക്‌ലാന്‍ഡില്‍ ന്യൂസീലന്‍ഡിനെതിരേ ആയിരുന്നു അരങ്ങേറ്റം. ഡെത്ത് ഓവറുകളില്‍ ബ്രാവോയുടെ ബൗളിങ് വേരിയേഷനുകള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ യു.എ.ഇയിലെ ട്വന്റി-20 ലോകകപ്പില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. നാല് മത്സരങ്ങളില്‍ നിന്ന് നേടിയത് 16 റണ്‍സും രണ്ട് വിക്കറ്റും മാത്രമാണ്.

Content Highlights: Dwayne Bravo confirms international retirement after West Indies exit

Content Highlights: