അഭിമന്യു ഈശ്വരന് വീണ്ടും സെഞ്ചുറി; സഞ്ജുവിന്റെ സെഞ്ചുറി ഇന്ത്യ ഡി-യെ തുണക്കുമോ?

ന്യൂഡല്‍ഹി: മലയാളി താരം സഞ്ജു സാംസന്റെ സെഞ്ചുറി ബലത്തില്‍ 349 റണ്‍സ് നേടിയ ഇന്ത്യ ഡി-ക്കെതിരേ ഇന്ത്യ ബി മികച്ച നിലയില്‍. രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ 58 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ബി. നാലുവിക്കറ്റ് ശേഷിക്കേ 139 റണ്‍സ് പിറകിലാണ് അവര്‍. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ചുറി നേടിയ അഭിമന്യു ഈശ്വരന്റെ മികവിലാണ് ഇന്ത്യ ബി സ്കോര്‍ 200 കടത്തിയത്.
39 റണ്‍സുമായി വാഷിങ് ടണ്‍ സുന്ദറും (39) റണ്‍സൊന്നുമെടുക്കാതെ രാഹുല്‍ ചാഹറുമാണ് ക്രീസില്‍. അഞ്ചിന് 100 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യ ബി യെ ആറാംവിക്കറ്റില്‍ അഭിമന്യു ഈശ്വരനും (170 പന്തില്‍ 116) വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്ന് ടീം സ്കോര്‍ 200 കടത്തി. ആറാംവിക്കറ്റില്‍ 105 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തു. 13 ഫോറും ഒരു സിക്സുമാണ് അഭിമന്യുവിന്റെ ബാറ്റില്‍നിന്ന് പിറന്നത്.
അതേസമയം ഇന്ത്യയുടെ ടി20 ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (5), മുഷീര്‍ ഖാന് (5), എന്നിവര്‍ നിരാശപ്പെടുത്തി. ഇന്ത്യ ഡി യ്ക്കായി അര്‍ഷ്ദീപ് സിങ് മൂന്നും ആദിത്യ താക്കറെ രണ്ടും സൗരഭ് കുമാര്‍ ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി.
Content Highlights: duleep trophy sanju samson india b vs india d