‘ഇതെന്ത് വൈസ് ക്യാപ്റ്റൻ’; തിലകും വൈഭവും നേർക്കുനേർ, സിറാജിനെ സിക്‌സറടിച്ച് കൗമാരതാരം

#സ്പോർട്സ് ഡെസ്ക്
വൈഭവും തിലക് വർമയും | X.com/@CricketCentrl
വൈഭവും തിലക് വർമയും | X.com/@CricketCentrl

ചെന്നൈ: ദുലീപ് ട്രോഫി ഫൈനലിൽ ആദ്യം ബാറ്റുചെയ്ത ഈസ്റ്റ് സോണിന് മികച്ച തുടക്കം നൽകിയാണ് കൗമാരതാരം വൈഭവ് സൂര്യവംശി മടങ്ങിയത്. 37 പന്തിൽ നിന്ന് 44 റൺസെടുത്താണ് വൈഭവ് പുറത്തായത്. ആദ്യ വിക്കറ്റിൽ അഭിമന്യു ഈശ്വരനുമൊത്ത് നൂറ് റൺസ് കൂട്ടുകെട്ട് പടുത്തുയർത്താനും വൈഭവിനായി. എന്നാൽ കളിക്കിടെ സൗത്ത് സോൺ നായകൻ തിലക് വർമയുമായി ചെറിയ തോതിൽ വാഗ്വാദത്തിൽ ഏർപ്പെടുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സൗത്ത് സോണിന്റെ ബൗളിങ് നിരയെ ശ്രദ്ധയോടെ നേരിട്ടാണ് വൈഭവ് ഇന്നിങ്‌സ് തുടങ്ങിയത്. എന്നാൽ, പിന്നീട് ട്രാക്ക് മാറ്റിയ കൗമാരതാരം ബൗണ്ടറികളുമായി കളംനിറഞ്ഞു. മുഹമ്മദ് സിറാജ് എറിഞ്ഞ ഏഴാം ഓവറിൽ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം പതിനാല് റൺസാണ് താരം അടിച്ചെടുത്തത്. ആദ്യ പത്തോവറിൽ ഈസ്റ്റ് സോൺ 72 റൺസിലെത്തി. വൈഭവ് ആക്രമിച്ച് കളിക്കുന്നതിനിടെ തിലക് വർമ പതിനഞ്ചുകാരനെ സ്ലെഡ്ജ് ചെയ്യാനും തുടങ്ങി.

വൈഭവിന്റെ അടുത്തെത്തിയ തിലക് വർമ കൗമാരതാരത്തെ പ്രകോപിപ്പിക്കാൻ ശ്രമിച്ചു. ഇതെന്ത് വൈസ് ക്യാപ്റ്റനാണെന്ന് തിലക് വൈഭവിനോട് ചോദിച്ചു. ഇരുതാരങ്ങളും നേർക്കുനേർനിന്ന് സംസാരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. തിലകിന്റെ സംഭാഷണം സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്തു. തിലകിന്റെ സ്ലെഡ്ജിങ്ങിന് പിന്നാലെ വൈഭവ് പുറത്താകുകയും ചെയ്തു.

വൈഭവിനെ കൂടാതെ അഭിമന്യു ഈശ്വരൻ അർധസെഞ്ചുറിയോടെ തിളങ്ങി. താരം 72 റൺസെടുത്തു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 133 റൺസെന്ന നിലയിലാണ് ഈസ്റ്റ് സോൺ.

Content Highlights: Vaibhav Suryavanshi scored 44 runs off 37 balls for East Zone in the Duleep Trophy final., Shared a 100-run opening partnership with Abhimanyu Easwaran., Engaged in a verbal altercation with South Zone captain Tilak Varma