‘ധോനിയെ വെല്ലുന്ന റിവ്യൂ’; ഞെട്ടിച്ച് വൈഭവിന്റെ ആ നീക്കം | VIDEO

#സ്പോർട്സ് ഡെസ്ക്
വൈഭവ് സൂര്യവംശി | PTI
വൈഭവ് സൂര്യവംശി | PTI

ചെന്നൈ: ദുലീപ് ട്രോഫി ഫൈനലിൽ നിർണായക ഇടപെടലുമായി ആരാധകരെ ഞെട്ടിച്ച് കൗമാരതാരം വൈഭവ് സൂര്യവംശി. ദക്ഷിണ മേഖലയ്‌ക്കെതിരേ കിഴക്കൻ മേഖലയ്ക്കായി റിവ്യൂ തീരുമാനങ്ങൾ കൈക്കൊണ്ടാണ് വൈഭവ് ശ്രദ്ധപിടിച്ചുപറ്റിയത്. ദക്ഷിണ മേഖലയുടെ ആദ്യ ഇന്നിങ്‌സിൽ മൂന്നാം ദിനമാണ് ഡിആർഎസ് സ്‌പെഷ്യലിസ്റ്റായി പതിനഞ്ചുകാരൻ മാറിയത്. ഒന്നാമിന്നിങ്‌സിൽ കിഴക്കൻ മേഖല 372 റൺസിന്റെ വൻ ലീഡാണ് നേടിയത്.

ദക്ഷിണ മേഖല ഓപ്പണർ റിക്കി ഭുയിയുടെ പുറത്താകലിലാണ് വൈഭവ് നിർണായക ഇടപെടൽ നടത്തിയത്. കിഴക്കൻ മേഖല പടുത്തുയർത്തിയ 708 റൺസെന്ന കൂറ്റൻ ഒന്നാമിന്നിങ്‌സ് സ്‌കോറിനെതിരേ ബാറ്റിങ്ങിനിറങ്ങിയതായിരുന്നു ദക്ഷിണ മേഖല. മുകേഷ് കുമാർ എറിഞ്ഞ ആറാം ഓവറിൽ ബാറ്റർ റിക്കിയെയും കടന്ന് പന്ത് കീപ്പർ കൈപ്പിടിയിലാക്കി. ബാറ്റിൽ പന്ത് കൊണ്ടെന്ന സംശയത്തിൽ കീപ്പർ കുശാഗ്ര അപ്പീൽ ചെയ്തു. എന്നാൽ അമ്പയർ ഔട്ട് നൽകിയില്ല.

അത് ഔട്ടാണെന്നായിരുന്നു കുശാഗ്രയുടെയും വൈഭവിന്റെയും നിഗമനം. ക്യാപ്റ്റൻ ഇഷാൻ കിഷന് അമ്പയറുടെ തീരുമാനം റിവ്യൂ ചെയ്യാൻ ആദ്യഘട്ടത്തിൽ താത്പര്യമുണ്ടായിരുന്നില്ല. എന്നാൽ വൈഭവ് വിട്ടില്ല. ഇഷാൻ കിഷനെ നിർബന്ധിച്ച് വൈഭവ് റിവ്യൂ ചെയ്യിപ്പിച്ചു. റിവ്യൂ എടുക്കൂ എന്ന് വൈഭവ് പറയുന്നത് സ്റ്റമ്പ് മൈക്കിൽ വ്യക്തമായിരുന്നു. വൈഭവിന്റെ നിർബന്ധപ്രകാരം കിഷാൻ തീരുമാനം റിവ്യൂ ചെയ്തു. അൽട്രാ എഡ്ജിൽ പന്ത് ബാറ്റിൽ കൊണ്ടതായി വ്യക്തമായതോടെ റിക്കി പുറത്തായി.

പിന്നാലെ വീണ്ടും ഭൈവ് റിവ്യൂ ചെയ്യിപ്പിച്ചെങ്കിലും അത് പാളി. ദേവദത്ത് പടിക്കലിന്റെ എൽബിഡബ്യൂ അപ്പീലിന് പിന്നാലെയാണ് ഇഷാനെ വൈഭവ് വീണ്ടും നിർബന്ധിച്ചത്. എന്നാൽ അത് ഔട്ടല്ലെന്ന് റിപ്ലേകളിൽ വ്യക്തമായി. എന്നാൽ തുടർന്നും ഡിആർഎസ്സിൽ വൈഭവ് താരമാകുന്നതാണ് കണ്ടത്. ഇഷാൻ മൈതാനത്തില്ലാതിരുന്ന ഘട്ടത്തിൽ നായകനായ വൈഭവ് റിവ്യൂ എടുത്തു. ഷമിയുടെ പന്ത് സ്മരൺ രവിചന്ദ്രന്റെ ബാറ്റിൽ തട്ടിയോയെന്നാണ് സംശയമുന്നയിച്ചത്. ക്യാച്ചെടുത്ത കീപ്പർ കുശാഗ്ര ഉറപ്പിച്ചതോടെ വൈഭവ് അമ്പയറുടെ തീരുമാനം റിവ്യൂ ചെയ്തു. ആ നീക്കവും ഫലം കണ്ടു. അതോടെ സ്മരൺ പുറത്താകുകയും ചെയ്തു. രണ്ട് ഉഗ്രൻ റിവ്യൂകൾ വിജയിച്ചതോടെ ധോനിയുടെ പഴയ റിവ്യൂകളുമായി പലരും പതിനഞ്ചുകാരന്റെ നീക്കത്തെ താരതമ്യപ്പെടുത്തി.

Content Highlights: 15-year-old Vaibhav Suryavanshi successfully convinced captain Ishan Kishan to take crucial DRS reviews., His accurate decision-making led to the dismissal of South Zone batters Ricky Bhui and Smaran Ravichandran