തിലക് വർമ 99 റൺസിന് പുറത്ത്, കിഴക്കൻ മേഖലയ്ക്ക് നിർണായക ഒന്നാമിന്നിങ്‌സ് ലീഡ്

ചെന്നൈ: ദുലീപ് ട്രോഫി ഫൈനലിൽ കൂറ്റൻ ഒന്നാമിന്നിങ്‌സ് ലീഡുമായി കിഴക്കൻ മേഖല. ആദ്യ ഇന്നിങ്‌സിൽ 708 റൺസ് അടിച്ചെടുത്ത കിഴക്കൻ മേഖല ദക്ഷിണ മേഖലയെ 336 റൺസിന് ഓൾഔട്ടാക്കി. ആദ്യ ഇന്നിങ്‌സിൽ 372 റൺസിന്റെ ലീഡാണുള്ളത്. മത്സരം സമനിലയിലായാൽ ഒന്നാമിന്നിങ്‌സ് ലീഡിന്റെ ബലത്തിൽ ഈസ്റ്റ് സോണിന് ജേതാക്കളാകാം.
ആറുവിക്കറ്റ് നഷ്ടത്തിൽ 242 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണ മേഖലയ്ക്കുവേണ്ടി സി.വി. മിലിന്ദും തിലക് വർമയും ചേർന്നാണ് പൊരുതിയത്. ഏഴാം വിക്കറ്റിൽ ഒന്നിച്ച ഇരുവരും ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തി. അതോടെ ദക്ഷിണ മേഖല സ്‌കോർ കുതിച്ചു. മൂന്നാം ദിനം തന്നെ അർധസെഞ്ചുറി തികച്ച തിലക് വർമയായിരുന്നു നാലാം ദിനവും ദക്ഷിണ മേഖലയുടെ നെടുംതൂൺ. ഏഴാം വിക്കറ്റിൽ കൂട്ടുകെട്ട് അർധസെഞ്ചുറി കടന്നതോടെ ടീം മുന്നൂറ് കടന്നു.
ഒടുക്കം സ്‌കോർ 318 ൽ നിൽക്കേ മിലിന്ദിനെ പുറത്താക്കി ശിഖർ മോഹൻ കിഴക്കൻ മേഖലയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. മിലിന്ദ് 43 റൺസെടുത്തു. ഏഴാം വിക്കറ്റിൽ 78 റൺസാണ് മിലിന്ദും തിലകും പടുത്തുയർത്തിയത്. എന്നാൽ പിന്നീട് ദക്ഷിണ മേഖലയ്ക്ക് പിടിച്ചുനിൽക്കാനായില്ല. നിരനിരയായി ബാറ്റർമാർ കൂടാരം രയറി. വിജയ് (1), മുഹമ്മദ് സിറാജ് (1) എന്നിവർ നിരാശപ്പെടുത്തി. ഒടുക്കം തിലക് വർമയും പുറത്തായതോടെ ടീം 336 ന് പുറത്തായി. തിലക് വർമ 99 റൺസെടുത്താണ് മടങ്ങിയത്.
ആദ്യ ഇന്നിങ്‌സിൽ 372 റൺസിന്റെ വലിയ ലീഡും ഈസ്റ്റ് സോണിന് ലഭിച്ചു. ആ ലീഡുമായാണ് പിന്നീട് രണ്ടാമിന്നിങ്‌സിൽ ഈസ്റ്റ് സോൺ ബാറ്റിങ്ങിനിറങ്ങിയത്. എന്നാൽ തുടക്കത്തിൽ തന്നെ ടീമിന് ഓപ്പണർമാരെ നഷ്ടമായി. വൈഭവ് സൂര്യവംശി (8), അഭിമന്യു ഈശ്വരൻ (3) എന്നിവരാണ് പുറത്തായത്. ശിഖർ മോഹനും ഇഷാൻ കിഷനുമാണ് ക്രീസിൽ. നിലവിൽ ലീഡ് 400 കടന്നു.
Content Highlights: East Zone scored 708 runs in their first innings., South Zone was bowled out for 336 runs, giving East Zone a 372-run lead