ക്രിക്കറ്റിനോട് കലിപ്പ്, കാര്‍ത്തിക്കിനോട് അടുപ്പം, പ്രേമാഭ്യര്‍ഥന ഇംഗ്ലണ്ടില്‍; ഒരു പ്രണയകഥ

ന്യൂഡല്‍ഹി: പ്രണയ ദിനത്തില്‍ സ്‌ക്വാഷ് താരമായ ഭാര്യ ദീപിക പള്ളിക്കലിനെ പുകഴ്ത്തി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക്. കീപ്പര്‍ എന്നത് തന്റെ തൊഴിലാണെന്നും ദീപിക തന്റെ സന്തോഷത്തിന്റെ കീപ്പറാണെന്നും ദിനേഷ് കാര്‍ത്തിക് എക്‌സില്‍ കുറിച്ചു. ഇരുവരും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചാണ് താരത്തിന്റെ ട്വീറ്റ്. 'കീപ്പറാവുക എന്നത് എന്റെ തൊഴിലാണ്. പക്ഷേ, അവളാണ് എന്റെ സന്തോഷത്തിന്റെ കീപ്പര്‍'-രാഹുല്‍ എക്‌സില്‍ കുറിച്ചു.
ഇന്ത്യന്‍ കായികരംഗത്തെ എക്കാലത്തെയും മികച്ച പ്രണയ ജോഡിയാണ് ദിനേഷ് കാര്‍ത്തിക്കും ദീപിക പള്ളിക്കലും. ക്രിക്കറ്റ് ഇഷ്ടമില്ലായിരുന്ന ദീപിക, ജീവിതത്തിലേക്ക് ഒരു ക്രിക്കറ്ററെത്തന്നെ സ്വയം വരിക്കുകയായിരുന്നു. 2008-ല്‍ ഒരു മാരത്തണിനിടെയാണ് ഇരുവരും ആദ്യം കണ്ടുമുട്ടുന്നത്. അതിനുശേഷം അഞ്ചുവര്‍ഷം കഴിഞ്ഞ് ഒരു ജിമ്മില്‍ വെച്ചുള്ള പരിശീലനത്തിനിടെയാണ് പരസ്പരം അറിയുന്നത്. ഒരു ഫിറ്റ്‌നസ് ട്രെയിനറുടെ കീഴില്‍ പരിശീലനത്തിനെത്തിയതാണ് ഇരുവരെയും അടുപ്പിച്ചത്.
'ജിമ്മിലെ ആദ്യ ദിവസങ്ങളില്‍ ഇരുവരും പരസ്പരം കാണുമെന്നല്ലാതെ ഒരു ഹായ്, ബൈ ബന്ധം പോലുമില്ലായിരുന്നു. അക്കാലത്തൊക്കെ ക്രിക്കറ്റ് താരങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നു എന്ന വാദഗതിക്കാരിയായിരുന്നു ദീപിക. ദിനേഷ് കാര്‍ത്തിക്കാവട്ടെ, എളിമയുടെയും ലാളിത്യത്തിന്റെയും പ്രതിരൂപമാണെന്നുതന്നെ പറയാം. കാര്‍ത്തിക്കിന്റെ ഈ സ്വഭാവസവിശേഷതകളില്‍ ആകൃഷ്ടയായ ദീപിക, ക്രിക്കറ്റ് താരങ്ങളെക്കുറിച്ചുള്ള തന്റെ മുന്‍വിധികളെല്ലാം മാറ്റിവെച്ചു. കാര്‍ത്തിക്കിന്റെ വിനയവും അര്‍പ്പണബോധവും ദീപികയ്ക്ക് നന്നേ ബോധിച്ചു. അതവരെ നല്ല സുഹൃത്തുക്കളാക്കി. ബന്ധം പതിയെപ്പതിയേ പ്രണയത്തിലേക്ക് പൂവിട്ടു.
ദീപികയെക്കാണാന്‍വേണ്ടി മാത്രം യു.കെ.യില്‍ പോയിട്ടുണ്ട് കാര്‍ത്തിക്. 2013-ലാണത്. അക്കാലത്ത് കാര്‍ത്തിക് തിരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്ററാണെന്നോര്‍ക്കണം. തിരക്കുകള്‍ക്കിടയില്‍ തന്നെ വന്നു കാണാന്‍ സമയം ചെലവഴിച്ച കാര്‍ത്തിക്കിനെ ദീപികയ്ക്ക് അവഗണിക്കാനാവുമായിരുന്നില്ല. 2013-ല്‍ ഇന്ത്യ ഇംഗ്ലണ്ടില്‍ ചാമ്പ്യന്‍സ് ട്രോഫി വിജയിച്ചതിനു പിന്നാലെ കാര്‍ത്തിക് ദീപികയോട് പ്രേമാഭ്യര്‍ഥന നടത്തി. ദീപിക ആ അഭ്യര്‍ഥന സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു.
രണ്ടുപേരുടെയും കുടുംബത്തിന് ഇത് അംഗീകരിക്കാന്‍ കുറച്ച് സമയമെടുത്തു. കാര്‍ത്തിക് ഹിന്ദുവും ദീപിക ക്രിസ്ത്യാനിയും ആയിരുന്നുവെന്നതായിരുന്നു അതിനു പിന്നില്‍. എന്നിരുന്നാലും ഇരുകുടുംബവും കാര്യങ്ങളെ നല്ല നിലയില്‍ത്തന്നെ ഉള്‍ക്കൊണ്ടു. പിന്നീട് ചെന്നൈയില്‍വെച്ചായിരുന്നു വിവാഹ നിശ്ചയം. 2015 ഓഗസ്റ്റിലായിരുന്നു വിവാഹം. നിലവില്‍ രണ്ട് കുട്ടികള്‍ കൂടി ചേര്‍ന്ന് നാലുപേരുണ്ടവര്‍.
Content Highlights: dinesh karthik dipika pallikal love story