100 വിക്കറ്റും 1000 റണ്‍സും; ടി20 യില്‍ പുതിയ റെക്കോഡിട്ട് ദീപ്തി ശര്‍മ

നവി മുംബൈ: ടി20 ക്രിക്കറ്റില്‍ 1000 റണ്‍സ് തികയ്ക്കുകയും 100 വിക്കറ്റ് വീഴ്ത്തുകയും ചെയ്യുന്ന ആദ്യ ഇന്ത്യന്‍ താരമായി ദീപ്തി ശര്‍മ. ഞായറാഴ്ച നടന്ന ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ടി20യിലാണ് ഇന്ത്യന്‍ ഓള്‍റൗഡര്‍ ദീപ്തി ശര്‍മ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ 27 പന്തില്‍നിന്ന് 30 റണ്‍സ് നേടിയ ദീപ്തി ശര്‍മ ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍ ആയിരുന്നു.
മത്സരത്തില്‍ രണ്ട് വിക്കറ്റുകളാണ് ദീപ്തി ശര്‍മ നേടിയത്. ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം നല്‍കിയ ഓപ്പണര്‍മാരായ അലിസ്സ ഹീലി (21 പന്തില്‍ 26), ബേത്ത് മൂണി (29 പന്തില്‍ 20) എന്നിവരുടെ വിക്കറ്റാണ് ദീപ്തി ശര്‍മ നേടിയത്. ടി20-യില്‍ 100 വിക്കറ്റ് എന്ന നേട്ടം കഴിഞ്ഞ ഫെബ്രുവരിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ദീപ്തി ശര്‍മ കൈവരിച്ചിരുന്നു. ട്വന്റി 20 ക്രിക്കറ്റില്‍ പുരുഷ- വനിതാ വിഭാഗങ്ങളില്‍ തന്നെ ഈ നേട്ടം കൈവരിക്കുന്ന ഏക ഇന്ത്യന്‍ താരമാണ് ദീപ്തി ശര്‍മ.
ദീപ്തി ശര്‍മ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും രണ്ടാം ടി20-യില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു. ആറു വിക്കറ്റിന് പരാജയപ്പെട്ടത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര 1-1 ന് സമനിലയിലായി. പരമ്പരയിലെ അവസാന മത്സരം നവി മുംബൈ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ ചൊവ്വഴ്ച നടക്കും.
Content Highlights: Deepti Sharma scripts history Indian Women’s Cricket 1000 Runs 100 Wickets T20