താരങ്ങളുടെ കാലുപിടിക്കാനൊന്നും വയ്യ, ഈ തീരുമാനം ശരിയല്ല; വിമര്‍ശനവുമായി വിന്‍ഡീസ് പരിശീലകന്‍

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പ്രമുഖതാരങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച് ടീമിന്റെ മുഖ്യ പരിശീലകന്‍ ഫില്‍ സിമ്മണ്‍സ്. ട്വന്റി 20 ലോകകപ്പ് വരാനിരിക്കെ സീനിയര്‍ താരങ്ങള്‍ ടീമിന്റെ ഭാഗമാകാന്‍ താത്പര്യം കാണിക്കുന്നില്ലെന്ന് വിന്‍ഡീസ് പരിശീലകന്‍ ആരോപിച്ചു.
' ട്വന്റി 20 ലോകകപ്പ് അടുത്തുവരികയാണ്. വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി കളിക്കണമെന്ന് താരങ്ങളോട് യാചിക്കാനൊന്നും പറ്റില്ലല്ലോ. എല്ലാവരുടെയും ചിന്താഗതികള്‍ മാറിയിരിക്കുന്നു. പണത്തിന്റെ പിന്നാലെ പായുകയാണ് താരങ്ങള്‍. അവര്‍ക്ക് സ്വന്തം ദേശീയ ടീമിനേക്കാള്‍ വലുത് മറ്റ് രാജ്യങ്ങളിലുള്ള ക്ലബ്ബുകളാണ്' -സിമ്മണ്‍സ് തുറന്നടിച്ചു.
നിലവിലുള്ള ടീമിനെയും കൊണ്ട് ട്വന്റി 20 ലോകകപ്പ് കളിക്കാനാവില്ലെന്നും ടീം ഇപ്പോള്‍ പൂജ്യത്തില്‍ നില്‍ക്കുകയാണെന്നും പരിശീലകന്‍ പറഞ്ഞു. ' എനിക്ക് ലഭിച്ച താരങ്ങളെ വെച്ചാണ് ഞാന്‍ ടീമിനെ ഒരുക്കുന്നത്. എല്ലാവരും വിന്‍ഡീസിനുവേണ്ടി കളിക്കണമെന്നാണ് എന്റെ ആഗ്രഹം. വെസ്റ്റ് ഇന്‍ഡീസിനേക്കാളും വലുതായി താരങ്ങള്‍ മറ്റ് ഫ്രാഞ്ചൈസികളെ കണ്ടാല്‍ എനിക്കൊന്നും ചെയ്യാനില്ല. ഉള്ള താരങ്ങളെയുംകൊണ്ട് ഞങ്ങള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കേണ്ടിവരും'- സിമ്മണ്‍സ് പറഞ്ഞു.
മുന്‍ ട്വന്റി 20 ലോകചാമ്പ്യന്മാര്‍ കൂടിയായ വെസ്റ്റ് ഇന്‍ഡീസ് തുടര്‍ച്ചയായി പരമ്പരകളില്‍ പരാജയപ്പെടുകയാണ്. പ്രമുഖ താരങ്ങള്‍ ഏറെയുണ്ടെങ്കിലും ആരും ദേശീയ ടീമില്‍ കളിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നില്ല. ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, എവിന്‍ ലൂയിസ്, ഒഷെയ്ന്‍ തോമസ്, ഷെല്‍ഡണ്‍ കോട്രെല്‍, ഫാബിയന്‍ അലന്‍, റോസ്റ്റണ്‍ ചേസ് തുടങ്ങിയ താരങ്ങളെല്ലാം തന്നെ ദേശീയ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
2022 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ട്വന്റി 20 ലോകകപ്പ് ആരംഭിക്കുന്നത്. ഓസ്‌ട്രേലിയയാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
Content Highlights: west indies, west indies cricket, 2022 t20 world cup, 2022 cricket world cup, sports news, cricket