BCCI-യുടെ പോളി ഉമ്രിഗർ പുരസ്‌കാരം ബുംറയ്ക്ക്; മികച്ച അന്താരാഷ്ട്ര അരങ്ങേറ്റ താരം ആശ ശോഭന

ജസ്പ്രീത് ബുംറ, ആശ ശോഭന | PTI, AP
ജസ്പ്രീത് ബുംറ, ആശ ശോഭന | PTI, AP

ന്യൂഡല്‍ഹി: ബി.സി.സി.ഐ.യുടെ 2023-24ലെ മികച്ച അന്താരാഷ്ട്ര പുരുഷ ക്രിക്കറ്റര്‍ക്കുള്ള പോളി ഉമ്രിഗര്‍ പുരസ്‌കാരം ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക്. സ്മൃതി മന്ദാനയ്ക്കാണ് മികച്ച അന്താരാഷ്ട്ര വനിതാ താരത്തിനുള്ള പുരസ്‌കാരം. 13 ടെസ്റ്റുകളില്‍നിന്ന് 71 വിക്കറ്റുകളും എട്ട് ടി20-കളില്‍നിന്ന് 13 വിക്കറ്റുകളും ടി20 ലോകകപ്പില്‍ ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതുമാണ് ബുംറയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ടി20 ലോകകപ്പില്‍ ഇന്ത്യക്ക് കിരീടം നേടിക്കൊടുക്കുന്നതില്‍ നിസ്തുലമായ പങ്കുവഹിച്ചു.

കഴിഞ്ഞദിവസം ഐ.സി.സി.യുടെ 2024-ലെ ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും ബുംറയെത്തേടിയെത്തിയിരുന്നു. ഏറ്റവും മികച്ച ക്രിക്കറ്റര്‍ക്കുള്ള ഐ.സി.സി. പുരസ്‌കാരം നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരന്‍കൂടിയാണ് ബുംറ. ഓസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റുകളില്‍നിന്നായി 32 വിക്കറ്റുകളാണ് ബുംറ നേടിയത്. 2024-ന്റെ ആരംഭത്തില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ 4-1ന് നേടിയിരുന്നു. ഇതിലും നിര്‍ണായകമായ ഭാഗഭാക്കായിരുന്നു ബുംറ. 

ഐ.സി.സി.യുടെ കഴിഞ്ഞവര്‍ഷത്തെ ഏകദിന ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്മൃതി മന്ദാനയ്ക്കായിരുന്നു.  2024-ല്‍ ഏകദിനത്തില്‍ നാല് സെഞ്ചുറികള്‍ ഉള്‍പ്പെടെ 743 റണ്‍സാണ് സ്മൃതിയുടെ സമ്പാദ്യം.

പുരുഷ ക്രിക്കറ്റില്‍ അന്താരാഷ്ട്ര അരങ്ങേറ്റ താരത്തിനുള്ള പുരസ്‌കാരം സര്‍ഫറാസ് ഖാനും വനിതാ അരങ്ങേറ്റ താരത്തിനുള്ള പുരസ്‌കാരം കേരള താരം ആശ ശോഭനയ്ക്കുമാണ്. 

Content Highlights: bumrah wins bcci polly umrigar award asha sobhana wins best debutant