കരാർ നീട്ടാതെ ബിസിസിഐ; ഇന്ത്യയുടെ കോച്ചിങ് സ്റ്റാഫിൽ മാറ്റം, ഡൊഷേറ്റും ദിലീപും പടിയിറങ്ങി

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ചിങ് സ്റ്റാഫിൽ മാറ്റം. സഹപരിശീലകനായ ടെൻ ഡൊഷേറ്റും ഫീൽഡിങ് കോച്ചായ ടി. ദിലീപും ഇന്ത്യയുടെ പരിശീലകസംഘത്തിൽ നിന്ന് പടിയിറങ്ങി. ഇരുവരുടെയും കരാർ കാലാവധി അടുത്തിടെ അവസാനിച്ചിരുന്നു. അത് പുതുക്കിയില്ല. ഇരുവർക്കും പകരം പുതിയ പരിശീലകർ ഉടനെത്തും.
ശ്രീലങ്കയ്‌ക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയാണ് ഇനി ഇന്ത്യക്ക് മുന്നിലുള്ളത്. പുതിയ പരിശീലകസംഘത്തിന് കീഴിലായിരിക്കും ഇന്ത്യ ഈ പരമ്പര കളിക്കുക. കരാർ കാലാവധി അവസാനിച്ചതോടെ ഇരുവരും ടീമിൽ നിന്ന് ഒഴിവായതായി ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ അറിയിച്ചു. കരാർ നീട്ടിനൽകേണ്ടെന്ന തീരുമാനത്തിലാണ് ബിസിസിഐ എത്തിയത്.
ടി. ദിലിപിന്റെ കരാർ കഴിഞ്ഞ ഒരു വർഷത്തേക്ക് നീട്ടിയിരുന്നു. കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ കരാർ അവസാനിച്ചെങ്കിലും, ഞങ്ങൾ അദ്ദേഹത്തിന് ഒരു വർഷത്തെ അധിക കാലാവധി നൽകി. റയാൻ ടെൻ ഡോഷേറ്റിനെ സംബന്ധിച്ചിടത്തോളം, അത് ജൂൺ 10 ന് അവസാനിച്ചു. എന്നാൽ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര കഴിയുന്നതുവരെ അവർ തുടർന്നു. അത് ഇപ്പോൾ കഴിഞ്ഞിരിക്കുന്നു, അവരുടെ കരാറുകൾ നീട്ടിനൽകിയില്ല.- സൈക്കിയ പറഞ്ഞു.
രാജിവെച്ചതാണെന്ന ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നുവെന്നും അത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവരുടെ കരാർ കാലയളവുകൾ അവസാനിച്ചപ്പോൾ, ഞങ്ങൾ അത് നീട്ടിയില്ല. ഞങ്ങൾ ഇപ്പോൾ പുതിയ ആളുകളെ നിയമിക്കാൻ പോകുകയാണ്, അതിൻ്റെ നടപടിക്രമത്തിലാണ്. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പകരക്കാരെ പ്രഖ്യാപിക്കുമെന്നും സൈക്കിയ വ്യക്തമാക്കി.
ഗൗതം ഗംഭീർ ഇന്ത്യയുടെ മുഖ്യപരിശീലകനായി എത്തിയതിന് പിന്നാലെയാണ് ടെൻ ഡൊഷേറ്റ് അസിസ്റ്റന്റ് കോച്ചായി വന്നത്. ബാറ്റിങ്, ഫീൽഡിങ് വിഭാഗങ്ങളിൽ ഗംഭീറിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഡൊഷേറ്റിന് സാധിച്ചു. 2025 ഏഷ്യാകപ്പ്, 2026 ടി20 ലോകകപ്പ് കിരീടനേട്ടങ്ങളിൽ പങ്കാളികളായി. ഡൊഷേറ്റിന്റെ കുടുംബം ലണ്ടനിലാണ് താമസിക്കുന്നത്. കുടുംബവുമായി ദീർഘകാലം വിട്ടുനൽകുന്നത് പരിഗണിച്ചാണ് ബിസിസിഐ തീരുമാനമെടുത്തതെന്നാണ് വിവരം. താരം രാജിവെച്ചതാണെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും കരാർ കാലാവധി അവസാനിച്ചതിനാൽ രാജിക്ക് പ്രസക്തിയില്ലെന്നാണ് ബിസിസിഐ അറിയിക്കുന്നത്. ഫീൽഡിങ് കോച്ചായി ടി. ദിലീപിന് പകരം മറ്റൊരാളെത്തും. 2021 മുതലാണ് ദിലീപ് പരിശീലകസംഘത്തിന്റെ ഭാഗമാകുന്നത്.
Content Highlights: Ryan ten Doeschate and T. Dilip exit as BCCI decides not to renew contracts.