ഇന്ത്യൻ ടീമിനൊപ്പം ചാറ്റ് ജിപിടിയും, മൂന്ന് ബ്രാൻഡുകളുമായി 130 കോടി രൂപയുടെ കരാറുമായി ബിസിസിഐ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ടൈറ്റിൽ സ്‌പോൺസറെ കണ്ടെത്താനാവാതെ കുഴങ്ങുകയാണ് ക്രിക്കറ്റ് കൺട്രോൾ ബോർഡ്. എന്നാൽ ടീമിന് മൂന്ന് അസോസിയേറ്റ് സ്‌പോൺസർമാരെ ബോർഡ് കണ്ടെത്തിയിട്ടുണ്ട്. ശീതളപാനിയമായ കാമ്പ, എസ്ബിഐ ലൈഫ്, ചാറ്റ് ജിപിടി എന്നിവരുമായി 130 കോടി രൂപയുടെ കരാറാണ് ബോർഡ് ഒപ്പിട്ടത്. കഴിഞ്ഞ തവണത്തേക്കാൾ 44 ശതമാനം വർധനവാണിത്. വരാനിരിക്കുന്ന വിൻഡീസ് പരമ്പര മുതൽ 2028 മാർച്ച് വരെയാണ് ഇവരുമായുള്ള കരാർ.
വലിയ തുക ആവശ്യപ്പെടുന്നതിനാലാണ് ടൈറ്റിൽ സ്‌പോൺസറെ കണ്ടെത്താനാവാത്തത്. കഴിഞ്ഞ വർഷത്തേക്കാൾ 15 ശതമാനം വർധനവാണ് ഇക്കുറി ബി.സി.സി.ഐ ആവശ്യപ്പെട്ടത്. എന്നാൽ, ഇതിന് ഒരു കമ്പനിയും തയ്യാറായിട്ടില്ല. ക്രിക്കറ്റ് ആരാധകരുമായി ബന്ധപ്പെടാൻ ഇത് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നുവെന്ന് അസോസിയേറ്റ് സ്പോൺസർമാരെ പ്രഖ്യാപിച്ചതിന് പിന്നാലെ ബിസിസിഐ വ്യക്തമാക്കി. ബിസിസിഐയുടെ വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്താനും, ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനും, വലിയൊരു ആരാധകവൃന്ദവുമായി സംവദിക്കാനുമുള്ള ഒരു വേദിയെന്ന നിലയിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ വൈവിധ്യത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും ബിസിസിഐ പ്രസ്താവനയിൽ അറിയിച്ചു.
"ബിസിസിഐയുമായി ബന്ധപ്പെടുന്നതിലൂടെ ലഭിക്കുന്ന ജനസമ്മതിയിലും വാണിജ്യ സാധ്യതകളിലും മുൻനിര ബ്രാൻഡുകൾക്കുള്ള വിശ്വാസമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഓരോ ബ്രാൻഡും വ്യത്യസ്തമായ ആശയങ്ങളുമായാണ് ഇന്ത്യൻ ക്രിക്കറ്റിലേക്ക് എത്തുന്നത്. എല്ലാ പങ്കാളികൾക്കും മികച്ച മൂല്യം സൃഷ്ടിക്കുന്നതിനായി ശക്തമായ ബന്ധം കെട്ടിപ്പടുക്കുന്നതിന് അവരോടൊപ്പം പ്രവർത്തിക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു. - ബിസിസിഐ പ്രസിഡന്റ് മിഥുൻ മൻഹാസ് പ്രതികരിച്ചു.
പുതിയ പങ്കാളിത്തങ്ങൾ വഴി 130 കോടി രൂപയിലധികം മൂല്യം ലഭിക്കുകയും, കരാർ മൂല്യത്തിൽ 44% വർദ്ധനവ് ഉണ്ടാവുകയും ചെയ്തത് വലിയൊരു നേട്ടമാണ്. കാമ്പ, എസ്ബിഐ ലൈഫ്, ചാറ്റ്‌ജിപിടി എന്നിവരെ അസോസിയേറ്റ് പങ്കാളികളായി സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ആരാധകരുമായി സംവദിക്കുന്നതിനും ഇന്ത്യൻ ക്രിക്കറ്റ് അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള പുതിയ വഴികൾ കണ്ടെത്താൻ അവരോടൊപ്പം പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ പറഞ്ഞു.
Content Highlights: BCCI announced Campa, SBI Life, and ChatGPT as Associate Partners., Partnership covers India Home Cricket through March 2028