രോഹിത്തിനെ മറികടന്നു, ടി20 റണ്‍വേട്ടക്കാരില്‍ ഒന്നാമനായി ബാബര്‍

ലാഹോര്‍: ടി20 ക്രിക്കറ്റില്‍ ചരിത്രനേട്ടം സ്വന്തമാക്കി പാകിസ്താന്‍ ബാറ്റര്‍ ബാബര്‍ അസം. അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് ബാബര്‍ സ്വന്തമാക്കിയത്. ഇന്ത്യന്‍ താരം രോഹിത് ശര്‍മയെയാണ് ബാബര്‍ മറികടന്നത്.
കഴിഞ്ഞദിവസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന രണ്ടാം ടി20 മത്സരത്തിലാണ് ബാബര്‍ റെക്കോഡ് കുറിച്ചത്. മത്സരത്തില്‍ 11 റണ്‍സ് നേടി പുറത്താകാതെ നിന്ന ബാബര്‍ ടി20 യിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്തി. 130 ടി20 മത്സരങ്ങളില്‍ നിന്നായി 4234 റണ്‍സാണ് ബാബറിന്റെ സമ്പാദ്യം. രോഹിത് ശര്‍മ 159 മത്സരങ്ങളില്‍ നിന്നായി 4231 റണ്‍സാണ് നേടിയിരുന്നത്. 125 മത്സരങ്ങളില്‍ നിന്ന് 4188 റണ്‍സ് നേടിയ ഇന്ത്യന്‍ താരം വിരാട് കോലിയാണ് പട്ടികയില്‍ മൂന്നാമത്. കോലിയും രോഹിത്തും നേരത്തേ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു.
ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ടീമില്‍ ഇടംപിടിക്കാതിരുന്ന ബാബര്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലാണ് ടീമില്‍ തിരിച്ചെത്തുന്നത്. ആദ്യ മത്സരത്തില്‍ ഡക്കായ താരം രണ്ടാം മത്സരത്തില്‍ 11 റണ്‍സെടുത്തു. അതോടെയാണ് റണ്‍വേട്ടക്കാരില്‍ മുന്നിലെത്തിയത്. ടി20 യില്‍ 26 അര്‍ധസെഞ്ചുറിയും മൂന്ന് സെഞ്ചുറിയും ബാബര്‍ നേടിയിട്ടുണ്ട്.
Content Highlights: babar breaks rohits record most run scorer