അനായാസം ഓസീസ് ! ഇന്ത്യൻ വനിതകളെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ചു, പരമ്പര

#സ്പോർട്സ് ഡെസ്ക്
ഓസ്ട്രേലിയൻ വനിതാ താരങ്ങൾ | X.com/@cricketcomau
ഓസ്ട്രേലിയൻ വനിതാ താരങ്ങൾ | X.com/@cricketcomau

ഹൊബാർട്ട്: ഇന്ത്യക്കെതിരായ വനിതാ ഏകദിന പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. രണ്ടാം ഏകദിനത്തിൽ അഞ്ചുവിക്കറ്റിന് ഇന്ത്യയെ കീഴടക്കിയാണ് ഓസീസ് പരമ്പര നേടിയത്. മൂന്നുമത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഓസീസ് വിജയിച്ചു. രണ്ടാം ഏകദിനത്തിൽ ഇന്ത്യ ഉയർത്തിയ 252 റൺസ് വിജയലക്ഷ്യം 36.1 ഓവറിൽ അഞ്ചുവിക്കറ്റുകൾ നഷ്ടപ്പെടുത്തി ഓസീസ് മറികടന്നു.

ജോർജിയാ വോളിന്റെ സെഞ്ചുറിയും ലിച്ച്ഫീൽഡിന്റെ അർധസെഞ്ചുറിയുമാണ് ഓസീസ് ജയം അനായാസമാക്കിയത്. ക്യാപ്റ്റൻ അലീസ ഹീലി ആറുറൺസെടുത്ത് പുറത്തായെങ്കിലും രണ്ടാം വിക്കറ്റിൽ ഒന്നിച്ച ലിച്ച്ഫീൽഡും ജോർജിയയും ഓസീസിനെ കരകയറ്റി. ഇരുവരും 119 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. അതോടെ ഇന്ത്യ പരാജയം മണത്തു. ലിച്ച്ഫീൽഡ് 62 പന്തിൽ നിന്ന് 80 റൺസെടുത്തു.

മൂന്നാം വിക്കറ്റിൽ ബെത്ത് മൂണിയുമായി ചേർന്നും ജോർജിയ മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും ടീമിനെ ഇരുന്നൂറ് കടത്തി. പിന്നാലെ വോൾ സെഞ്ചുറിയും നേടി. സ്‌കോർ 222 ൽ നിൽക്കേയാണ് താരം മടങ്ങിയത്. ജോർജിയ വോൾ 82 പന്തിൽ നിന്ന് 101 റൺസെടുത്തു. ബെത്ത് മൂണി 31 റൺസെടുത്തു. 36.1 ഓവറിൽ ടീം ലക്ഷ്യത്തിലെത്തി.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 251 റൺസെടുത്തത്. പ്രതിക റാവൽ, സ്മൃതി മന്ദാന, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ എന്നിവരുടെ ഇന്നിങ്‌സുകളാണ് ടീമിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. പ്രതികയും(52) ഹർമൻപ്രീതും(54) അർധസെഞ്ചുറിയോടെ തിളങ്ങി. മന്ദാന 31 റൺസെടുത്തു. റിച്ച ഘോഷ്(22), കശ്വീ ഗൗതം(19), ക്രാന്തി ഗൗഡ്(19) എന്നിവരുടെ ഇന്നിങ്‌സുകളും ചേർന്നതോടെ ഇന്ത്യൻ സ്‌കോർ 250 കടന്നു.

Content Highlights: australia womens cricket team beat india