ഒരു തെറ്റും ചെയ്തിട്ടില്ല, ബിസിസിഐയോട് മാപ്പ് പറഞ്ഞിട്ടില്ല; ഇന്ത്യയ്ക്ക് ട്രോഫി നല്‍കാന്‍ തയ്യാറെന്ന് മൊഹ്സിന്‍ നഖ്‌വി

Photo: AFP, AP
Photo: AFP, AP

ലാഹോര്‍: ഏഷ്യാ കപ്പ് സമ്മാനദാന ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്കു ശേഷം ആദ്യമായി പ്രതികരിച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) പ്രസിഡന്റും പാകിസ്താന്‍ മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്‌വി. എസിസി പ്രസിഡന്റ് എന്ന നിലയില്‍ ആ ദിവസം തന്നെ ട്രോഫി കൈമാറാന്‍ താന്‍ തയ്യാറായിരുന്നു, ഇപ്പോഴും തയ്യാറാണ്. അവര്‍ക്ക് അത് ശരിക്കും വേണമെങ്കില്‍ എസിസി ഓഫീസില്‍ വന്ന് തന്റെ പക്കല്‍ നിന്ന് അത് കൈപ്പറ്റാന്‍ ഇന്ത്യന്‍ ടീമിനെ സ്വാഗതം ചെയ്യുന്നുവെന്നും നഖ്‌വി പറഞ്ഞു. എക്‌സില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നഖ്‌വിയുടെ എക്‌സ് അക്കൗണ്ട് പക്ഷേ ഇന്ത്യയില്‍ നിരോധിച്ചിരിക്കുകയാണ്.

അതേസമയം ചൊവ്വാഴ്ച നടന്ന എസിസി വെര്‍ച്വല്‍ യോഗത്തില്‍ ബിസിസിഐ പ്രതിനിധികളോട് താന്‍ ക്ഷമാപണം നടത്തിയെന്ന മാധ്യമ വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അതിനാല്‍ തന്നെ ഒരിക്കലും ക്ഷമാപണം നടത്തില്ലെന്നുമാണ് നഖ്‌വി പറഞ്ഞത്.

'എസിസി പ്രസിഡന്റ് എന്ന നിലയില്‍, ആ ദിവസം തന്നെ ട്രോഫി കൈമാറാന്‍ ഞാന്‍ തയ്യാറായിരുന്നു, ഇപ്പോഴും ഞാന്‍ തയ്യാറാണ്. അവര്‍ക്ക് അത് ശരിക്കും വേണമെങ്കില്‍, എസിസി ഓഫീസില്‍ വന്ന് എന്നില്‍ നിന്ന് അത് വാങ്ങാന്‍ അവരെ സ്വാഗതം ചെയ്യുന്നു. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, ഞാന്‍ ഒരിക്കലും ബിസിസിഐയോട് ക്ഷമാപണം നടത്തിയിട്ടില്ല, ഒരിക്കലും അങ്ങനെ ചെയ്യുകയുമില്ല.' - നഖ്‌വി എക്‌സില്‍ കുറിച്ചു.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്താനെ അഞ്ചു വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ജേതാക്കളായത്. എന്നാല്‍ ഇന്ത്യയെയും ഇന്ത്യന്‍ സൈന്യത്തെയും നിരന്തരം അപമാനിച്ച നഖ്‌വിയില്‍ നിന്ന് ടീം ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യ, എസിസിയെ അറിയിച്ചിരുന്നു. ഇതോടെ, കപ്പും വിജയികള്‍ക്കുള്ള മെഡലുകളുമായി നഖ്വിയും അദ്ദേഹത്തിന്റെ പ്രതിനിധിയും സ്റ്റേഡിയം വിടുകയായിരുന്നു. കപ്പില്ലാത്തതിനാല്‍ ഇന്ത്യന്‍ ടീം പ്രതീകാത്മകമായി വിജയാഘോഷം നടത്തി.

ആശയക്കുഴപ്പത്തില്‍പ്പെട്ട് സമ്മാനവിതരണം ഒരു മണിക്കൂറോളം വൈകിയിരുന്നു. ബംഗ്ലാദേശ് ക്രിക്കറ്റ് കൗണ്‍സില്‍ എക്സിക്യുട്ടീവ് അംഗം അമിനുള്‍ ഇസ്ലാം ബുള്‍ബുളും ദുബായ് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ഖാലിദ് അല്‍ സരൂനിയും വേദിയിലുണ്ടായിരുന്നു. നഖ്വിയല്ലാതെ മറ്റാര് കിരീടം തന്നാലും സ്വീകരിക്കുമെന്ന് ഇന്ത്യ പറഞ്ഞിരുന്നു. ഇത് എസിസി അംഗീകരിച്ചില്ല. പാകിസ്താന് റണ്ണറപ്പിനുള്ള പുരസ്‌കാരവും മികച്ച കളിക്കാര്‍ക്കുള്ള സമ്മാനങ്ങളും നല്‍കിയതോടെ ചടങ്ങ് അവസാനിച്ചതായി അറിയിച്ചു. ഇതിനുശേഷം നഖ്വിക്കൊപ്പംപോയ എസിസി ചടങ്ങുകളുടെ ചുമതലയുള്ളയാള്‍ ട്രോഫിയും കൊണ്ടുപോകുകയായിരുന്നു.

Content Highlights: ACC President Mohsin Naqvi breaks silence on Asia Cup trophy controversy, stating he did not apologize to BCCI and India can collect the trophy from ACC office.