ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ്: തകർപ്പൻ ജയവുമായി ബംഗ്ലാദേശ് എ, ലങ്ക എ ടീമുകൾ; ഇന്ത്യ എ നാളെയിറങ്ങും

#സ്പോർട്സ് ഡെസ്ക്
വൈഭവും അഭിഷേകും | ANI
വൈഭവും അഭിഷേകും | ANI

ദോഹ: ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ ജയത്തോടെ തുടങ്ങി ബംഗ്ലാദേശ് എയും ശ്രീലങ്ക എയും. ബംഗ്ലാദേശ് എ ഹോങ്കോങ്ങിനെയും ശ്രീലങ്ക എ അഫ്ഗാനിസ്ഥാൻ എയെയും പരാജയപ്പെടുത്തി. ഇന്ത്യ എ, പാകിസ്താൻ എ ടീമുകൾ വെള്ളിയാഴ്ച കളത്തിലിറങ്ങും.

ആദ്യ മത്സരത്തിൽ എട്ടുവിക്കറ്റിനാണ് ബംഗ്ലാദേശ് എ ടീം വിജയിച്ചത്. ആദ്യം ബാറ്റുചെയ്ത ഹോങ്കോങ് നിശ്ചിത 50 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 219 റൺസാണെടുത്തത്. അൻഷുമാൻ റാത്ത്(77), ഐസാസ് ഖാൻ(67) എന്നിവരാണ് ഹോങ്കോങ് നിരയിൽ തിളങ്ങിയത്. ബംഗ്ലാദേശിനായി ഇഖ്ബാൽ ഹൊസ്സൈൻ മൂന്ന് വിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് എ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ക്യാപ്റ്റൻ സെയ്ഫ് ഹസ്സൻ(86), യാസിർ അലി(71) എന്നിവരുടെ അർധസെഞ്ചുറികളാണ് ബംഗ്ലാദേശിന് കരുത്തായത്. മൂന്നാം വിക്കറ്റിൽ 114 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്.

മറ്റൊരു മത്സരത്തിൽ ആറുവിക്കറ്റിനാണ് ലങ്കൻ എ ടീം വിജയിച്ചത്. ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്ഥാനെ 139 റൺസിന് ലങ്ക എറിഞ്ഞിട്ടു. 80 റൺസെടുത്ത ദർവിഷ് റസൂലി മാത്രമാണ് അഫ്ഗാനായി പൊരുതിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കൻ എ ടീം 21.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ജയത്തിലെത്തി. 40 റൺസെടുത്ത ലസിത് ആണ് ടോപ് സ്‌കോറർ.

വെള്ളിയാഴ്ച നേപ്പാളിനെതിരേയാണ് ഇന്ത്യ എയുടെ ആദ്യ മത്സരം. പാകിസ്താൻ എ - യുഎഇ മത്സരവും വെള്ളിയാഴ്ച നടക്കും. ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ എ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യ എ, പാകിസ്താൻ എ ടീമുകൾ ഒരേ ഗ്രൂപ്പിലാണ്. ഇന്ത്യൻ ടീമിൽ വൈഭവ് സൂര്യവംശിയും അഭിഷേക് ശർമയുമുണ്ട്. തിലക് വർമയാണ് ഇന്ത്യ എ ടീമിനെ നയിക്കുന്നത്.

Content Highlights: ACC Men's Asia Cup Rising Stars 2026