ഡെഡ് ബോളെന്ന് ധരിച്ച് ക്രീസ് വിട്ട ബെയര്‍സ്‌റ്റോയെ പുറത്താക്കി ക്യാരി; ആഷസില്‍ വിവാദം

Photo: twitter.com/ICC
Photo: twitter.com/ICC

ലോര്‍ഡ്‌സ്: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും ജയം സ്വന്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ടീം. അഞ്ചാം ദിനം ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സ് ഉയര്‍ത്തിയ സമ്മര്‍ദം മറികടന്നാണ് ഓസീസ് 43 റണ്‍സിന്റെ ജയം സ്വന്തമാക്കിയത്. എന്നാല്‍ സ്‌റ്റോക്ക്‌സിന്റെ ഇന്നിങ്‌സിനൊപ്പം അഞ്ചാം ദിനത്തിലെ മത്സരത്തെ ശ്രദ്ധേയമാക്കിയത് ഇംഗ്ലീഷ് താരം ജോണി ബെയര്‍സ്‌റ്റോയുടെ പുറത്താകലാണ്.

ഓസീസ് താരം കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ 52-ാം ഓവറിലെ അവസാന പന്ത് കളിക്കാതെ വിട്ട ബെയര്‍‌സ്റ്റോ, പന്ത് ഡെഡ് ആയെന്ന് കരുതി തൊട്ടുപിന്നാലെ നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന ബെന്‍ സ്‌റ്റോക്ക്‌സിനോട് സംസാരിക്കാന്‍ ക്രീസ് വിട്ടിറങ്ങി. എന്നാല്‍ പന്ത് പിടിച്ചെടുത്ത ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി, ബെയര്‍‌സ്റ്റോ ക്രീസ് വിട്ടപാടേ സ്റ്റമ്പിളക്കി. എന്താണ് സംഭവിച്ചതെന്നറിയാതെ ബെയര്‍‌സ്റ്റോ നില്‍ക്കേ ഓസീസ് താരങ്ങള്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്തു.

സംഭവം ചര്‍ച്ച ചെയ്ത ഫീല്‍ഡ് അമ്പയര്‍മാര്‍ തീരുമാനം തേര്‍ഡ് അമ്പയര്‍ക്ക് വിട്ടു. തേര്‍ഡ് അമ്പയര്‍ മറൈസ് എറാസ്മസിന്റെ തീരുമാനം ലോര്‍ഡ്‌സിലെ ബിഗ് സ്‌ക്രീനില്‍ തെളിഞ്ഞു. ബെയര്‍സ്‌റ്റോ ഔട്ട്.

ഇതിനു പിന്നാലെ കളിയുടെ മാന്യതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുകയും ചെയ്തു. ഈ പുറത്താകലിന്റെ പേരില്‍ ക്രിക്കറ്റ് ലോകം തന്നെ രണ്ട് തട്ടിലായി. ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത രീതിയാണ് ഓസീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പറഞ്ഞ് മുന്‍ ഓസീസ് താരം കൂടിയായ ബ്രാഡ് ഹോഗ് രംഗത്തെത്തി. എന്നാല്‍ ബെയര്‍സ്‌റ്റോയുടെ അശ്രദ്ധയാണ് വിക്കറ്റ് നഷ്ടപ്പെടാന്‍ കാരണമെന്നാണ് മറുഭാഗത്തിന്റെ വാദം. പന്ത് ഡെഡ് ആയെങ്കില്‍ കൂടി ക്രീസ് വിട്ടിറങ്ങണമെങ്കില്‍ അമ്പയറെ അറിയിച്ച് അനുമതി വാങ്ങേണ്ടതുണ്ട്. പലപ്പോഴും കളിയുടെ ഒഴുക്കില്‍ ഇക്കാര്യം അങ്ങനെ ആരും ശ്രദ്ധിക്കാറില്ല. ഫീല്‍ഡിങ് ടീമും പലപ്പോഴും ഇത് ഒരു വിക്കറ്റിന് വേണ്ടി ഉപയോഗിക്കാറുമില്ല.

ഇന്ത്യന്‍ താരം ആര്‍. അശ്വിനടക്കമുള്ള താരങ്ങള്‍ ഓസീസിനെ പിന്തുണച്ചും രംഗത്തെത്തി. ന്യായമല്ലാത്ത നീക്കമെന്നോ കളിയുടെ മാന്യതയ്ക്ക് നിരക്കാത്ത കാര്യമെന്നുമൊക്കെ പറയുന്നതിന് കളിക്കിടെ കാണിക്കുന്ന ഈ മിടുക്കിനെ അഭിനന്ദിക്കണമെന്ന് അശ്വിന്‍ ട്വീറ്റ് ചെയ്തു.

ബെയര്‍‌സ്റ്റോയുടെ വിക്കറ്റ് വീണശേഷം ക്രീസിലെത്തിയ സ്റ്റുവര്‍ട്ട് ബ്രോഡും ഇക്കാര്യത്തിലെ അമര്‍ഷം പ്രകടിപ്പിച്ചു. ക്യാരിയോട് ഈ റണ്ണൗട്ടിന്റെ പേരില്‍ മാത്രമാകും നീ ഓര്‍മിക്കപ്പെടുകയെന്ന് ബ്രോസ് പറയുന്നത് സ്റ്റമ്പ് മൈക്ക് പിടിച്ചെടുക്കുകയും ചെയ്തു. ഇംഗ്ലീഷ് കാണികള്‍ ഓസീസ് താരങ്ങളെ കൂക്കി വിളിക്കുന്നതിനും സ്‌റ്റേഡിയം സാക്ഷിയായി.

Content Highlights: Ashes 2023 Jonny Bairstow run-out creates controversy