ഇന്ത്യൻ അണ്ടർ-19 ടീമിൽ അരങ്ങേറിയതിന് പിന്നാലെ ക്യാപ്റ്റൻ സ്ഥാനവും; സെവാഗിന്റെ മകനെതിരെ വിമർശനം

ന്യൂഡൽഹി: വിനു മങ്കാദ് ട്രോഫിക്കുള്ള ഡൽഹി അണ്ടർ-19 ടീമിന്റെ ക്യാപ്റ്റനായി വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗിനെ നിയമിച്ച് ഡൽഹി ആന്റ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ. ഒക്ടോബർ എട്ട് മുതൽ വിശാഖപട്ടണത്ത് നടക്കുന്ന ടൂർണമെന്റിനുള്ള 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഇന്ത്യയുടെ അണ്ടർ-19 ടീമിൽ കളിച്ചതിന് പിന്നാലെയാണ് ആര്യവീറിനെ തേടി പുതിയ ചുമതലയെത്തിയത്.
കഴിഞ്ഞ മാസം രാജ്‌കോട്ടിൽ നടന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ യൂത്ത് ഏകദിനത്തിലാണ് ആര്യവീർ ഇന്ത്യൻ അണ്ടർ-19 ടീമിനായി കളിച്ചത്. അന്ന് മൂന്ന് മത്സരങ്ങളിൽ നിന്ന് 109 റൺസാണ് നേടിയത്. സെവാഗും മകന്റെ മത്സരം കാണാനെത്തിയിരുന്നു.
കുറച്ച് മത്സരങ്ങൾക്കുള്ളിൽതന്നെ ആര്യവീറിനെ ക്യാപ്റ്റനായി തിരഞ്ഞെടുത്തതിനെ വിമർശനങ്ങളുമുയർന്നു. അടുത്തിടെ മാത്രം ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറുകയും അതിന് പിന്നാലെ അണ്ടർ-19 ടീമിലെത്തുകയും ചെയ്തു. ഇപ്പോൾ ക്യാപ്റ്റൻ പദവിയും ലഭിച്ചത് സെവാഗിന്റെ മകനായതുകൊണ്ടാണെന്നാണ് വിമർശനം.
2024-ൽ കുച്ച് ബിഹാർ ട്രോഫിയിൽ മേഘാലയക്കെതിരായ മത്സരത്തിൽ ഡൽഹിക്കായി 297 റൺസ് അടിച്ചതോടെയാണ് ആര്യവീർ ശ്രദ്ധിക്കപ്പെട്ടത്. ഡൽഹി പ്രീമിയർ ലീഹിൽ വെസ്റ്റ് ഡൽഹി ലയൺസിനായി കളിച്ചിരുന്നു. അന്ന് രണ്ട് മത്സരങ്ങളിൽ നിന്ന് 24 റൺസ് മാത്രമാണ് നേടിയത്.
Content Highlights: Aryavir Sehwag appointed Delhi U19 captain for the Vinoo Mankad Trophy., The tournament begins on October 8 in Visakhapatnam., Selection draws criticism regarding nepotism due to his brief domestic career., Previously played for India U19 against Australia in a youth ODI series.