‘ഇത് വിശ്വസിക്കാനാവുന്നില്ല’; ചർച്ചയായി തരൂരിന്റെ പോസ്റ്റ്, രണതുംഗയെ കണ്ട് അമ്പരന്ന് ആരാധകർ

ന്യൂഡൽഹി: ശ്രീലങ്കയുടെ മുൻ ക്യാപ്റ്റൻ അർജുന രണതുംഗയെ ക്രിക്കറ്റ് ആരാധകർ മറക്കാനിടയില്ല. ശ്രീലങ്കയ്ക്ക് 1996 ലോകകപ്പ് കിരീടം സമ്മാനിച്ച ക്യാപ്റ്റനാണ് രണതുംഗ. എന്നാൽ ഇതിഹാസതാരത്തെ ഇപ്പോൾ കാണുന്നവർക്ക് അദ്ദേഹത്തെ പെട്ടെന്ന് തിരിച്ചറിയാനാകണമെന്നില്ല. ബരിയാട്രിക് ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള രണതുംഗയുടെ ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. രണതുംഗയ്ക്ക് ഒപ്പമുള്ള ചിത്രം തരൂർ പങ്കുവെച്ചതാണ് സംഭവങ്ങളുടെ തുടക്കം.
‘കൊളംബോയിൽ എന്നെ സന്ദർശിച്ച മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ക്യാപ്റ്റനെ തിരിച്ചറിയാൻ ക്രിക്കറ്റ് ആരാധകർക്ക് ചിലപ്പോൾ പ്രയാസം തോന്നിയേക്കാം. അതെ, ഇത് പുതിയ, മെലിഞ്ഞ, ബരിയാട്രിക് സർജറിക്ക് ശേഷമുള്ള അർജുന രണതുംഗ ആണ്.’- രണതുംഗയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് തരൂർ കുറിച്ചു.
‘ക്രിക്കറ്റിലെ തന്റെ ഏറ്റവും മികച്ച കാലഘട്ടത്തിൽ പോലും വണ്ണമുള്ള ആളായിരുന്നതിന് ശേഷംഎന്തു തോന്നുന്നുവെന്ന് ചോദിച്ചപ്പോൾ, ഇപ്പോൾ ചാരിറ്റി മത്സരങ്ങൾ കളിക്കുകയും സന്തോഷത്തോടെ മൂന്ന് മണിക്കൂർ ബാറ്റ് ചെയ്യുന്നുവെന്നും എന്നോട് പറഞ്ഞു, എന്നാൽ ശസ്ത്രക്രിയയ്ക്ക് മുമ്പ് മൂന്ന് ഓവറുകൾ പോലും പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.’-തരൂർ എക്സിൽ കുറിച്ചു
Cricket fans might have some difficulty in recognizing this former Sri Lankan cricket captain who called on me in Colombo. Yes, this is the new, svelte, post-bariatric surgery @ArjunaRanatunga!
Asked how it felt after years of being famously roly-poly even at his cricketing… pic.twitter.com/7PJoxuB0ii— Shashi Tharoor (@ShashiTharoor) July 26, 2026
രണതുംഗയെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ പോലും സാധിക്കുന്നില്ലെന്നാണ് എക്‌സിൽ പലരും അഭിപ്രായപ്പെട്ടത്. ഇത് വിശ്വസിക്കാനാവില്ലെന്നും ആരോഗ്യത്തോടെയിരിക്കൂ എന്നും തരൂർ പങ്കുവെച്ച പോസ്റ്റിന് താഴെ കമന്റുകളുയർന്നു. അതേസമയം തരൂരിന്റെ പോസ്റ്റിന് പിന്നാലെ ബരിയാട്രിക് ശസ്ത്രക്രിയയെക്കുറിച്ചുള്ള ചർച്ചകളും ഉയരുന്നുണ്ട്.
അമിതവണ്ണം മൂലം ബുദ്ധിമുട്ടുന്ന ആളുകൾക്ക് ശരീരഭാരം കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒരു പരിഹാരമാർഗമാണ് Bariatric surgery (ശരീരഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയ). എന്നാൽ, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആദ്യത്തെ ഏതാനും ആഴ്ചകൾ ഏറ്റവും അപകടസാധ്യതയുള്ള സമയമാണെന്ന് വിദഗ്ധർ പറയുന്നു. പ്രത്യേകിച്ച്, രോഗികൾക്ക് ഛർദ്ദി, നിയന്ത്രിതമായ ഭക്ഷണക്രമം, സപ്ലിമെന്റുകൾ കഴിക്കാൻ ബുദ്ധിമുട്ട് എന്നിവ ഉണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം.
Content Highlights: Arjuna Ranatunga underwent a successful bariatric surgery., Shashi Tharoor shared the viral transformation photo on X