വൈഭവിനായി ഓപ്പണർ സ്ഥാനം വിട്ടുകൊടുത്തു; സഞ്ജുവിന്റെ നിസ്വാർഥതയെ പ്രശംസിച്ച് അഭിഷേക് ശർമ

വെല്ലിങ്ടൺ: ന്യൂസീലൻഡിനെതിരായ മൂന്നാം ടി20-യിൽ 15-കാരനായ വൈഭവ് സൂര്യവംശിക്ക് ഓപ്പണറായി ഇറങ്ങാൻ സ്വന്തം ബാറ്റിങ് പൊസിഷൻ വിട്ടുകൊടുത്ത് മൂന്നാം നമ്പറിലേക്ക് മാറിയ സഞ്ജു സാംസന്റെ നിസ്വാർഥതയെ പ്രശംസിച്ച് അഭിഷേക് ശർമ.
പരിക്കേറ്റ ഇഷാൻ കിഷൻ മുൻകരുതൽ നടപടിയുടെ ഭാഗമായി മാറിനിന്നതോടെയാണ് വൈഭവ് സൂര്യവംശിക്ക് പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിച്ചത്. മുൻ മത്സരത്തിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത വൈഭവിനെ ഈ മത്സരത്തിൽ ഓപ്പണറായി ഇറക്കുകയും, സഞ്ജു മൂന്നാം നമ്പറിലേക്ക് മാറുകയുമായിരുന്നു. ഈ പരീക്ഷണം വൻ വിജയമായി മാറുകയും അഭിഷേക് ശർമ്മയും വൈഭവും ചേർന്ന് ആദ്യ വിക്കറ്റിൽ 7.1 ഓവറിൽ 133 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു.
തനിക്ക് പരിചയമുള്ള ബാറ്റിങ് പൊസിഷൻ വിട്ടുനൽകുന്നത് എളുപ്പമല്ലെന്നും സഞ്ജു ഭായിയുടെ ഈ തീരുമാനം അദ്ദേഹത്തിന്റെ മികച്ച സ്വഭാവ മഹിമയാണ് കാണിക്കുന്നതെന്നും ബിസിസിഐ ടിവി പങ്കുവെച്ച വീഡിയോയിൽ അഭിഷേക് പറഞ്ഞു. ടീമിലെ എല്ലാവരും നിസ്വാർഥരാണെന്നും മറ്റുള്ളവരുടെ വിജയത്തിൽ സന്തോഷിക്കുന്നവരാണെന്നും ഇത് ഒരു വലിയ ടീമിന്റെ ലക്ഷണമാണെന്നും താരം കൂട്ടിച്ചേർത്തു.
മത്സരത്തിനു പിന്നാലെ സഞ്ജുവിനെ പ്രശംസിച്ച് ഇന്ത്യയുടെ മുൻതാരം യുവരാജ് സിങ്ങും രംഗത്തെത്തിയിരുന്നു. മൂന്നാം നമ്പറിൽ കളിച്ച് ഒരു യഥാർഥ ടീം മാൻ ആയി മാറിയ സഞ്ജുവിന് ബിഗ് സല്യൂട്ട് എന്നാണ് യുവരാജ് എക്സിൽ കുറിച്ചത്. ഇതിനൊപ്പം വൈഭവിനേയും അഭിഷേകിനേയും യുവരാജ് അഭിനന്ദിക്കുകയും ചെയ്തു.
Content Highlights: Sanju Samson sacrificed his opening position for 15-year-old Vaibhav Suryavanshi., Abhishek Sharma and Vaibhav Suryavanshi built a 133-run opening partnership., Abhishek Sharma praised Sanju's team-first attitude in a BCCI TV interview., Former Indian cricketer Yuvraj Singh also appreciated Sanju Samson on social media.