വെല്ലിങ്ടണിൽ തീക്കാറ്റായി അഭിഷേക്; കോലിയുടെയും ഗെയ്ലിന്റെയുമെല്ലാം റെക്കോഡുകൾ തകർന്നു

വെല്ലിംങ്ടണിലെ ഹാഗ്ലി ഓവലിൽ ന്യൂസീലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിൽ തട്ടുപൊളിപ്പൻ ഇന്നിങ്സാണ് ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ പുറത്തെടുത്തത്. വെറും 38 പന്തിൽ നിന്ന് 113 റൺസടിച്ച താരം തന്റെ അന്താരാഷ്ട്ര ടി20 കരിയറിലെ നാലാം സെഞ്ചുറിയാണ് കുറിച്ചത്.
ടി20 ഫോർമാറ്റിൽ അഭിഷേകിന്റെ 11-ാം സെഞ്ചുറി കൂടിയായിരുന്നു ഇത്. ഇന്ത്യൻ ദേശീയ ടീമിനായി നേടിയ നാല് സെഞ്ചുറികളും ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി നേടിയ രണ്ടും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ പഞ്ചാബിനായി കുറിച്ച അഞ്ച് സെഞ്ചുറികളും അടക്കമാണ് ഈ നേട്ടം. ഇതോടെ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോഡ് വിരാട് കോലിയെ (10) പിന്തള്ളി അഭിഷേക് സ്വന്തം പേരിലാക്കി. കോലി ഇന്ത്യക്കായി ഒന്നും ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി ഒമ്പതും സെഞ്ചുറികളാണ് നേടിയിട്ടുള്ളത്.
ലോക ക്രിക്കറ്റിൽ ടി20-യിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ താരങ്ങളുടെ പട്ടികയിൽ 22 സെഞ്ചുറികളോടെ വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയിലാണ് മുന്നിൽ. 13 സെഞ്ചുറികളോടെ പാകിസ്താന്റെ ബാബർ അസം രണ്ടാമതുണ്ട്. ഈ പട്ടികയിൽ 11 സെഞ്ചുറികളുമായി അഭിഷേക് മൂന്നാമതെത്തി. ഇന്ത്യക്കാർക്കിടയിൽ അഭിഷേകിനും (11) കോലിക്കും (10) പിന്നിലായി കെ.എൽ. രാഹുൽ (8), സഞ്ജു സാംസൺ (8), രോഹിത് ശർമ (8) എന്നിവരുമുണ്ട്.
11 സിക്സറുകളാണ് താരം വെല്ലിങ്ടണിൽ പറത്തിയത്. ഇതോടെ ഒരു ടി20 ഇന്നിങ്സിൽ പത്തോ അതിലധികമോ സിക്സറുകളെന്ന നേട്ടം മൂന്ന് തവണ കൈവരിക്കുന്ന ആദ്യ താരമായി അഭിഷേക് മാറി. രണ്ട് തവണ വീതം ഈ നേട്ടം കൈവരിച്ച ക്രിസ് ഗെയ്ൽ, ആരോൺ ഫിഞ്ച് എന്നിവരുടെ റെക്കോഡാണ് അഭിഷേക് മറികടന്നത്. ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളിലെ താരങ്ങളുടെ കണക്കാണിത്. അതേസമയം അസോസിയേറ്റ് രാജ്യങ്ങളിൽ നിന്ന് ഓസ്ട്രിയയുടെ കരൺബീർ സിങ് അഞ്ചു തവണ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.
Content Highlights: Abhishek Sharma scored a 38-ball 113 against New Zealand in Wellington., Reached his 4th international T20 century and 11th overall in T20 cricket., Surpassed Virat Kohli's record of 10 T20 centuries to become the leading Indian centurion in the format., Set a world record for hitting 10+ sixes in a T20 innings for the third time.