15 ഫോറും 25 സിക്‌സും, 91 പന്തിൽ 233 റൺസ്; ഇന്റർ ഡിസ്ട്രിക്ട് മത്സരത്തിൽ കത്തിക്കയറി അഭിഷേക്

അമൃത്സർ: പഞ്ചാബ് ഇന്റർ ഡിസ്ട്രിക്ട് സീനിയർ ഏകദിന ടൂർണമെന്റിൽ മികച്ച ബാറ്റിങ് പുറത്തെടുത്ത് ഇന്ത്യൻ താരം അഭിഷേക് ശർമ. 91 പന്തിൽ 15 ഫോറിന്റേയും 25 സിക്‌സറുകളുടേയും അകമ്പടിയോടെ അഭിഷേക് അടിച്ചെടുത്തത് 233 റൺസാണ്. ടാൺ തരൺ ടീമിനെതിരെ അമൃത്സർ സീനിയർ ടീമിനായാണ് ഇന്ത്യൻ താരം കളിച്ചത്.
25-കാരനായ അഭിഷേകിന്റെ സ്‌ട്രൈക്ക് റേറ്റ് 256.04 ആണ്. മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ അഭിഷേക് ഓപ്പണിങ് കൂട്ടുകെട്ടിൽ അഭയ് ചൗധരിയുമായി ചേർന്ന് 305 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 85 പന്തിൽ 93 റൺസായിരുന്നു അഭയ്‌യുടെ സംഭാവന. 25-ാം ഓവറിൽ ആശിഷ് ലോറൻസിന്റെ പന്തിൽ അഭിഷേക് പുറത്താകുമ്പോഴേക്കും ഇരട്ട സെഞ്ചുറി പിന്നിട്ടിരുന്നു. ഇന്ത്യൻ താരത്തിന്റെ വെടിക്കെട്ട് ബാറ്റിങ്ങിൽ അമൃത്സർ ടീം നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 533 റൺസാണ് പടുത്തുയർത്തിയത്.
സിംബാബ്വെ, ഇംഗ്ലണ്ട് പരമ്പരകളിൽ തിളങ്ങാതിരുന്ന അഭിഷേകിന്റെ തിരിച്ചുവരവ് എന്ന തരത്തിലാണ് ആരാധകർ ഈ ഇരട്ട സെഞ്ചുറി ഇന്നിങ്‌സിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നത്. ഇംഗ്ലണ്ടിനെതിരെ അഞ്ച് ട്വന്റി 20യിൽ 131 റൺസ് മാത്രമാണ് അഭിഷേക് നേടിയത്. സിംബാബ്വെയ്‌ക്കെതിരെ 3.66 ശരാശരിയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 11 റൺസ് മാത്രമാണ് നേടിയത്.
Content Highlights: Abhishek Sharma scored 233 runs off 91 balls against Tarn Taran., The innings included 15 fours and 25 sixes at a strike rate of 256.04., The knock serves as a response to his recent international slump., Analysis of his declining T20I average and strike rate following the T20 World Cup.