17ാമത് നറുക്കില്‍ എസ്. അരുണ്‍കുമാര്‍ നമ്പൂതിരി, 13-ല്‍ ടി. വാസുദേവന്‍ നമ്പൂതിരി

#പ്രിയേഷ് ചന്ദ്രന്‍
ശബരിമല മേൽശാന്തിയെ തിരഞ്ഞെടുക്കാനുള്ള നറുക്ക് പന്തളം കൊട്ടാരത്തിലെ ഋഷികേശ് വർമ എടുത്തശേഷം ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണന് കൈമാറുന്നു
ശബരിമല മേൽശാന്തിയെ തിരഞ്ഞെടുക്കാനുള്ള നറുക്ക് പന്തളം കൊട്ടാരത്തിലെ ഋഷികേശ് വർമ എടുത്തശേഷം ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണന് കൈമാറുന്നു


ശബരിമല: എസ്. അരുണ്‍കുമാര്‍ നമ്പൂതിരിക്ക് അയ്യപ്പനെ സേവിക്കാനുള്ള ഭാഗ്യം ലഭിച്ചത് 17-ാമത്തെ നറുക്കില്‍. വ്യാഴാഴ്ച ഉഷഃപൂജയ്ക്കുശേഷമായിരുന്നു മേല്‍ശാന്തി നറുക്കെടുപ്പ്. ശബരിമലയിലേക്കുള്ള മേല്‍ശാന്തിമാരുടെ പട്ടികയിലുള്ള 24 പേരുകള്‍ എഴുതിയ കുറിപ്പുകളിട്ട വെള്ളിക്കുടം ശ്രീകോവിലില്‍ അയ്യപ്പന് മുന്നില്‍ തന്ത്രി കണ്ഠര് രാജീവര് പൂജിച്ചു. പിന്നീട് നറുക്കെടുക്കാന്‍ നല്‍കി.

തുടര്‍ന്ന് പന്തളം കൊട്ടാരത്തിലെ ഋഷികേശ് വര്‍മ നറുക്കെടുത്തു. മാളികപ്പുറത്ത് ശ്രീകോവിലിന് മുന്നില്‍ പന്തളം കൊട്ടാരത്തിലെ വൈഷ്ണവിയാണ് നറുക്കെടുത്തത്. 13-ാമത്തെ നറുക്കിലാണ് ടി. വാസുദേവന്‍ നമ്പൂതിരിക്ക് മാളികപ്പുറത്തമ്മയെ പൂജിക്കാനുള്ള ഭാഗ്യം ലഭിച്ചത്. 15 പേരാണ് അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നത്. ഹൈക്കോടതി നിരീക്ഷകന്‍ ടി.ആര്‍. രാമചന്ദ്രന്‍ നായരുടെ മേല്‍നോട്ടത്തില്‍ ദേവസ്വംപ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോര്‍ഡ് അംഗങ്ങളായ അഡ്വ.എ. അജികുമാര്‍, ജി. സുന്ദരേശന്‍, സ്‌പെഷ്യല്‍ കമ്മിഷണര്‍ ആര്‍. ജയകൃഷ്ണന്‍, ദേവസ്വം കമ്മിഷണര്‍ സി.വി. പ്രകാശ്, സെക്രട്ടറി എസ്. ബിന്ദു, ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ മുരാരി ബാബു, ദേവസ്വം വിജിലന്‍സ് എസ്.പി. വി.സുനില്‍കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.

Content Highlights: S Arun Kumar Namboothiri new chief priest.of Sabarimala