പിതൃതര്‍പ്പണം ആരംഭിച്ചു; മോക്ഷതീരങ്ങളായി ക്ഷേത്രങ്ങളും സ്‌നാനഘട്ടങ്ങളും

തിരുവനന്തപുരം: പിതൃപരമ്പരയുടെ മോക്ഷപ്രാപ്തിക്കായി അനന്തരതലമുറ കൊല്ലത്തിലൊരിക്കല്‍ ശ്രാദ്ധമൂട്ടുന്ന കര്‍ക്കടകവാവ് ഇന്ന്. കര്‍ക്കടകവാവും പിതൃതര്‍പ്പണവും വിശ്വാസികള്‍ക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്തതാണ്. ദക്ഷിണായനത്തിലെ ആദ്യ അമാവാസിയാണ് കര്‍ക്കടകവാവ്. ഈ സമയം സൂര്യന്‍ പിതൃലോകത്തിലേക്ക് കടക്കുമെന്നും പിതൃയാനത്തിനുള്ള പ്രവേശനകവാടമാണ് കര്‍ക്കടകവാവെന്നും വിശ്വാസമുണ്ട്. അതിനാലാണ് സാധാരണ ശ്രാദ്ധത്തില്‍ നിന്നും വ്യത്യസ്തമായി പ്രധാന തീര്‍ഥഘട്ടങ്ങളില്‍ കര്‍ക്കടകവാവിന് എല്ലാവരും ബലിയര്‍പ്പിക്കുന്നത്. അത് പിതാ, പ്രപിതാ, പിതാമഹ പരമ്പരയിലേക്കുള്ള സമര്‍പ്പണമാണ്. അറിയുന്നതും അറിയാത്തതുമായ പിതൃക്കളും സര്‍വചരാചരങ്ങളും ഇതിലുള്‍പ്പെടും. അനന്തരതലമുറയുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കായുള്ള പ്രാര്‍ഥനയും അതില്‍ അന്തര്‍ലീനമാകുന്നു.
ബലിതര്‍പ്പണച്ചടങ്ങുകള്‍ പുലര്‍ച്ചെ മുതല്‍ ആരംഭിച്ചു. ക്ഷേത്രങ്ങളിലും വിവിധ സ്‌നാനഘട്ടങ്ങളിലും ബലിയര്‍പ്പിക്കാന്‍ വിശ്വാസികള്‍ ഒഴുകിയെത്തുകയാണ്.
വര്‍ക്കല: ദക്ഷിണകാശി എന്നറിയപ്പെടുന്ന വര്‍ക്കല പാപനാശത്ത് കര്‍ക്കടക വാവിനോടനുബന്ധിച്ചുള്ള പിതൃതര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി. നാടിന്റെ നാനാദിക്കുകളില്‍ നിന്നും വാവുബലിഭക്തരുടെ പ്രവാഹം തുടങ്ങി. പിതൃമോക്ഷത്തിനായുള്ള ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ദക്ഷിണേന്ത്യയില്‍ ഏറെ പ്രാധാന്യമുള്ള തീരമാണ് പാപനാശം. പിതൃദേവ സങ്കല്പത്തിലുള്ള ജനാര്‍ദനസ്വാമിയെ പ്രാര്‍ഥിച്ച് പാപനാശിനിയിലെ ബലിതര്‍പ്പണം പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുന്നതിനും പിതൃദോഷം പരിഹരിക്കുന്നതിനും ഏറ്റവും ഉത്തമമെന്നാണ് വിശ്വാസം.
ഈ പ്രാധാന്യമുള്‍ക്കൊണ്ടാണ് ഭക്തലക്ഷങ്ങള്‍ പാപനാശത്തെത്തുന്നത്. ബുധനാഴ്ച വൈകീട്ടോടെ പാപനാശത്ത് ഭക്തര്‍ എത്തിത്തുടങ്ങി. പുലര്‍ച്ചെ 2.30 മുതല്‍ ബലിതര്‍പ്പണത്തിന് തിരക്കേറി. വാവിനോടനുബന്ധിച്ച് ജനാര്‍ദനസ്വാമി ക്ഷേത്രം പുലര്‍ച്ചെ മൂന്നിന് തുറന്നു. തുടര്‍ന്ന് പിതൃമോക്ഷക്രിയയായ തിലഹോമം ആരംഭിച്ചു. ബലിപൂജകള്‍ നടത്തുന്നതിന് നൂറിലേറെ പുരോഹിതര്‍ക്ക് ലൈസന്‍സ് കാര്‍ഡ് നല്‍കി. ബലികര്‍മികള്‍ക്ക് കടല്‍ത്തീരത്ത് നറുക്കെടുപ്പിലൂടെ ഇരിപ്പിടം നല്‍കി. തീരത്ത് ആയിരത്തോളം പേര്‍ക്ക് ഒരേസമയം ബലിയിടാന്‍ സൗകര്യമുണ്ട്.
പാപനാശം ബലിമണ്ഡപത്തിലും സമീപത്തെ പന്തലിലുമായി ഒരേസമയം 500 പേര്‍ക്ക് ബലിയിടാനാകും. ജനാര്‍ദനസ്വാമി ക്ഷേത്രത്തിലും ബലിമണ്ഡപത്തിലും തിലഹോമത്തിനും പ്രസാദ വിതരണത്തിനും പ്രത്യേക കൗണ്ടറുകള്‍ തുറന്നു. ബലിതര്‍പ്പണത്തിന് ശേഷം ചക്രതീര്‍ഥക്കുളത്തില്‍ മുങ്ങിക്കുളിച്ച് ശുദ്ധിവരുത്തിയാണ് ഭക്തര്‍ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നത്.
ഇവിടെ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കടല്‍ത്തീരത്ത് 31 ലൈഫ് ഗാര്‍ഡുകളുടെ സേവനം ലഭ്യമാക്കി. ചക്രതീര്‍ഥക്കുളത്തില്‍ അഗ്‌നിരക്ഷാസേനയുടെ സ്‌കൂബാ ടീമും ഉണ്ട്.
വര്‍ക്കലയില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി. വാഹന പാര്‍ക്കിങ്ങിന് 12 കേന്ദ്രങ്ങളിലായി പ്രത്യേക സൗകര്യം ഒരുക്കി. സുരക്ഷയ്ക്കും ഗതാഗത നിയന്ത്രണത്തിനുമായി അഞ്ഞൂറിലധികം പോലീസുകാരെ നിയോഗിച്ചു.
അപകടസാഹചര്യം നേരിടാന്‍ അഗ്‌നിരക്ഷാസേന വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ആംബുലന്‍സ് സേവനവും ഉറപ്പാക്കി. ആരോഗ്യവിഭാഗവും ദേവസ്വം ബോര്‍ഡും ഉള്‍പ്പെടെ പ്രധാന വകുപ്പ് ഉദ്യോഗസ്ഥരെല്ലാം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കെഎസ്ആര്‍ടിസി വിവിധ ഡിപ്പോകളില്‍ നിന്നും പാപനാശത്തേക്ക് പ്രത്യേക സര്‍വീസ് നടത്തുന്നു.
മഴ മുന്നറിയിപ്പുള്ളതിനാല്‍ അതിനുവേണ്ട ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വേലിയേറ്റം കാരണം തീരത്ത് തിട്ട രൂപപ്പെട്ടിട്ടുണ്ട്.
ബലിമണ്ഡപത്തിന് സമീപം ഒരുക്കിയ പന്തലിന്റെ ഒരു തൂണിനടിയിലെ മണ്ണ് ഒലിച്ചുപോയിട്ടുണ്ട്. മണല്‍ചാക്ക് അടുക്കി പ്രശ്നം പരിഹരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വര്‍ക്കല ക്ഷേത്രത്തിലും പാപനാശത്തും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. ബലിയിടാനെത്തുന്നവരെ സഹായിക്കാന്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും സജീവമാണ്. വാവുവിപണി ലക്ഷ്യമിട്ട് കച്ചവടക്കാരും പാപനാശത്ത് എത്തിയിട്ടുണ്ട്.
കൊല്ലം: നാക്കിലയില്‍ നിറഞ്ഞ എള്ളും പൂവും ചന്ദനവും ദര്‍ഭയും... വിരലില്‍ പവിത്രം... ഈറനണിഞ്ഞ്, മന്ത്രങ്ങളുരുവിട്ട്, പിണ്ഡം പിതൃക്കള്‍ക്കു സമര്‍പ്പിച്ച് പ്രാര്‍ഥനയോടെ, ഓര്‍മ്മകളുടെ തീരത്തുകൂടി വീടുകളിലേക്കുള്ള മടക്കം. ബുധനാഴ്ച സന്ധ്യമുതല്‍തന്നെ സ്‌നാനഘട്ടങ്ങളില്‍ പിതൃമോക്ഷച്ചടങ്ങുകള്‍ക്കായി ആയിരങ്ങളെത്തിത്തുടങ്ങിയിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരമുതലാണ് ചടങ്ങുകള്‍ ആരംഭിച്ചത്. മണിക്കൂറുകള്‍ക്കുമുന്‍പേ കടവുകളില്‍ തിരക്ക് തുടങ്ങി. കൊല്ലത്ത് തിരുമുല്ലവാരം, മുണ്ടയ്ക്കല്‍ പാപനാശനം, അഷ്ടമുടി വീരഭദ്രസ്വാമിക്ഷേത്രം അടക്കമുള്ളിടങ്ങളില്‍ പുലര്‍ച്ചെമുതല്‍ നൂറുകണക്കിനുപേര്‍ തര്‍പ്പണം നടത്തി.
കടല്‍ത്തീരത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും ഗുരുജി സാംസ്‌കാരികസമിതിയുടെയും നേതൃത്വത്തില്‍ പന്തലുകള്‍ ഒരുക്കിയിരുന്നു. ദേവസ്വം ബോര്‍ഡിനു കീഴില്‍ 70 കാര്‍മികരാണ് തര്‍പ്പണച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ക്ഷേത്രത്തില്‍ തിലഹോമത്തിനും സൗകര്യമൊരുക്കി.
ടിക്കറ്റ് വിതരണത്തിനും മറ്റുമായി പ്രത്യേക ക്രമീകരണങ്ങളും ബോര്‍ഡ് ഒരുക്കിയിരുന്നു. ക്ഷേത്രക്കുളത്തിനു സമീപം അപകടങ്ങളൊഴിവാക്കാന്‍ അഗ്‌നിരക്ഷാസേനാംഗങ്ങളുടെ സേവനവുമുണ്ടായി. സുരക്ഷയ്ക്കും ഗതാഗതക്രമീകരണത്തിനുമായി കൂടുതല്‍ പോലീസുകാരെയും നിയോഗിച്ചിരുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ തര്‍പ്പണത്തിന് എത്തിയവര്‍ക്ക് ചുക്കുകാപ്പി വിതരണം നടത്തി.
മുണ്ടയ്ക്കലില്‍ ഒരേസമയം 1,000 പേര്‍ക്ക് തര്‍പ്പണം നടത്താനാണ് സംവിധാനമുണ്ടായിരുന്നത്. വനംവകുപ്പിന്റെ നേതൃത്വത്തില്‍ തൈവിതരണവും നടന്നു. സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിരുന്നു. വിവിധ ക്ഷേത്രങ്ങളിലും ബലിതര്‍പ്പണച്ചടങ്ങുകള്‍ നടന്നുവരികയാണ്.
പത്തനാപുരം:പിതൃപുണ്യംതേടി സ്‌നാനഘട്ടങ്ങളില്‍ കര്‍ക്കടകവാവുബലി തുടങ്ങി. ക്ഷേത്രക്കുളങ്ങളിലും കല്ലടയാറിന്റെ വിവിധ കടവുകളിലും അരുവികളിലും വ്യാഴാഴ്ച പുലര്‍ച്ചെമുതലാണ് ചടങ്ങുകള്‍ തുടങ്ങിയത്. ക്ഷേത്രങ്ങളോടു ചേര്‍ന്നുള്ള ബലിത്തറകളിലെ തര്‍പ്പണത്തിനുശേഷം ക്ഷേത്രങ്ങളില്‍ പിതൃപൂജ, തിലഹവനം, പാല്‍പ്പായസനിവേദ്യം എന്നീ വഴിപാടുകള്‍ നടത്താനും സൗകര്യമൊരുക്കിയിട്ടുണ്ട്.
ക്ഷേത്രഭരണസമിതികള്‍, വിവിധ ഹൈന്ദവ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് ബലിതര്‍പ്പണവും അനുബന്ധ ചടങ്ങുകളും നടക്കുക. പട്ടാഴി ആറാട്ടുപുഴ ഇടമനക്കാവ് നാഗരാജ അര്‍ദ്ധനാരീശ്വരക്ഷേത്രത്തില്‍ വിപുലമായ ഒരുക്കങ്ങളാണുള്ളത്. ആറാട്ടുപുഴ കടവില്‍ ബലിത്തറയൊരുങ്ങി.
പട്ടാഴി കേരളമംഗലം മഹാവിഷ്ണുക്ഷേത്രം, പിടവൂര്‍ പ്ലാക്കാട് മഹാവിഷ്ണുക്ഷേത്രം, കുണ്ടയം മഹാദേവക്ഷേത്രം, പിടവൂര്‍ പുത്തന്‍കാവ് മഹാവിഷ്ണുക്ഷേത്രം, എലിക്കാട്ടൂര്‍ ദേവീക്ഷേത്രം, പുന്നല ശിവക്ഷേത്രം, കണ്ണങ്കര ശിവക്ഷേത്രം എന്നിവിടങ്ങളിലും ബലിതര്‍പ്പണം നടക്കും.
പുനലൂര്‍:കര്‍ക്കടകവാവുദിനത്തില്‍ പുനലൂര്‍ നഗരത്തിലടക്കം കിഴക്കന്‍ മേഖലയില്‍ 25-ലധികം കേന്ദ്രങ്ങളിലാണ് ബലിതര്‍പ്പണം നടക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ 4.30-ന് ചടങ്ങുകള്‍ ആരംഭിക്കും. പുനലൂരില്‍ സ്‌നാനഘട്ടം, പുതിയിടത്ത് ശ്രീകൃഷ്ണസ്വാമിക്ഷേത്രം, മുഹൂര്‍ത്തിക്കാവ്, ശിവന്‍കോവില്‍, മുളന്തടം മുത്താരമ്മന്‍കോവില്‍, പൂങ്ങോട് ശിവക്ഷേത്രം, നെല്ലിപ്പള്ളി കൈപ്പുഴ മഹാദേവക്ഷേത്രം, അഷ്ടമംഗലം, ചാവരുകാവ്, കരവാളൂര്‍ പടിഞ്ഞാറ്റിന്‍കര ശിവക്ഷേത്രം, വല്ലാറ്റ് ദേവീക്ഷേത്രം, ഉറുകുന്ന് ദേവീക്ഷേത്രം, ആര്യങ്കാവ് ശാസ്താക്ഷേത്രം തുടങ്ങിയ ദേവാലയങ്ങളിലും കിഴക്കന്‍ മേഖലയിലെ ജലപാതങ്ങളിലും തര്‍പ്പണത്തിനു സൗകര്യമുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, സമാജസേവാ ട്രസ്റ്റ്, കേരള ക്ഷേത്രസംരക്ഷണസമിതി, വിശ്വഹിന്ദു പരിഷത്ത്, ക്ഷേത്രോപദേശകസമിതികള്‍ തുടങ്ങിയവയുടെ നേതൃത്വത്തിലാണിത്.
തിരുനാവായ: ത്രിമൂര്‍ത്തിസംഗമസ്ഥാനമായ തിരുനാവായയില്‍ കര്‍ക്കടക വാവുബലി തര്‍പ്പണത്തിനായി വ്യാഴാഴ്ച എത്തുക ആയിരങ്ങള്‍. പുലര്‍ച്ചെ 2.30 മുതലാണ് ബലിതര്‍പ്പണം. 16 കര്‍മികളുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍. വാവുബലി രസീതിയുടെ വിതരണം ബുധനാഴ്ച ഉച്ചമുതല്‍ ദേവസ്വംകൗണ്ടറിലും തിരുനാവായ ഗാന്ധിസ്മാരകത്തിനടുത്തും പടിഞ്ഞാറെ ആല്‍ത്തറ ഭാഗത്തും പ്രത്യേക കൗണ്ടറില്‍ തുടങ്ങി. ക്ഷേത്രപരിസരത്തും പുറത്തും സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
മഴയും വെയിലും കൊള്ളാതെ ബലിയിടുന്നതിന് ക്ഷേത്രകവാടം മുതല്‍ പടിഞ്ഞാറുവരെ പന്തല്‍ സൗകര്യമുണ്ട്. ബലി രസീതി എടുത്ത് പടിഞ്ഞാറെ നടയിലൂടെവന്ന് ബലികര്‍മങ്ങള്‍ നടത്തി ക്ഷേത്രദര്‍ശനവും വഴിപാടുകളും നടത്തി കിഴക്കേ നടയിലൂടെയാണ് വിശ്വാസികള്‍ തിരിച്ചുപോകേണ്ടത്. നിരവധി ഭക്തര്‍ ബുധനാഴ്ച രാത്രിതന്നെ എത്തിയിട്ടുണ്ട്. ഇവര്‍ക്ക് സേവാഭാരതിയുടെ നേതൃത്വത്തില്‍ ചുക്കുകാപ്പി നല്‍കുന്നു. കോയമ്പത്തൂര്‍ ഭക്തരുടെ വക സൗജന്യ പ്രഭാതഭക്ഷണ വിതരണമുണ്ടാകും.
തിരൂര്‍ ഡിവൈഎസ്പി എസ്. പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലെ 200-ഓളം പോലീസ് സംഘം സുരക്ഷയ്ക്കുണ്ട്. പോലീസ് വൊളന്റിയര്‍മാര്‍, തിരൂര്‍ അഗ്‌നിരക്ഷാസേനാ വിഭാഗം, സേവാഭാരതി പ്രവര്‍ത്തകര്‍, ദേവസ്വം വൊളന്റിയര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, വൈദ്യുതി ജീവനക്കാര്‍, മുങ്ങല്‍സംഘം എന്നിവരുടെ നേതൃത്വത്തില്‍ ബുധനാഴ്ച വൈകുന്നേരം മുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
Content Highlights: karkidakavavu is a significant day for Hindus to perform rituals for their ancestors.