വിജയദശമി: അക്ഷരപൂജയിലൂടെ അറിവിനെയും ആയുധപൂജയിലൂടെ പ്രവർത്തിയേയും, കലകളെയും ഉപാസിക്കുന്ന ദിനം

#ഡോ.പ്രഹേഷ് .ടി.പി
പ്രതീകാത്മക ചിത്രം എഐ നിർമ്മിതം
പ്രതീകാത്മക ചിത്രം എഐ നിർമ്മിതം

ലോകത്തിലെ ഏറ്റവും ഔന്നിത്യമുള്ള സംസ്കാരങ്ങളിലൊന്നായ ആർഷഭാരത സംസ്കാരത്തിൽ അറിവിനും വിദ്യയ്ക്കും എത്രമാത്രം പ്രാധാന്യം നൽകിയിരുന്നു എന്നതിന്റെ സാക്ഷ്യപത്രമാണ് വിജയദശമി നാളിലെ വിദ്യാരംഭം. മനുഷ്യന്‍റെ വ്യക്തിത്വ വികസനത്തിൽ ഏറ്റവും വലിയ ഘടകമാണ് വിദ്യയും വിനയവും. അക്ഷരപൂജയിലൂടെ അറിവിനെയും ആയുധപൂജയിലൂടെ പ്രവർത്തിയേയും, കലകളെയും ഉപാസിക്കുകയാണ് ചെയ്യുന്നത്.
ശരത്ത്ഋതു അശ്വിനി മാസത്തിൽ ഒമ്പത് രാത്രികളിലെ (നവരാത്രി) ദേവി പൂജയ്ക്കുശേഷം വരുന്ന വിജയദശമി വിജയത്തിന്‍റെ ദിവസമായാണ് കരുതപ്പെടുന്നത്. ഈ നാളിൽ തുടങ്ങുന്ന ഏതു നല്ലകാര്യവും ശുഭമായി ഭവിക്കും എന്നാണ് വിശ്വാസം. അസുരനുമേൽ ദേവി നേടിയ വിജയവും, രാവണനു മേൽ ശ്രീരാമൻ നേടിയ വിജയവും ഇവിടെ ഭക്തിപൂർവം അനുസ്മരിക്കുന്നു. അസുരനും രാവണനുമെല്ലാം തിന്മയുടെ പ്രതീകങ്ങളായാണല്ലോ കണക്കാക്കുന്നത്. മനസ്സും വപുസ്സും പഞ്ചേന്ദ്രിയങ്ങളും പവിത്രീകരിക്കുന്ന യജ്ഞമാണ് ഒമ്പതു രാത്രികളിൽ നടക്കുന്നതെന്ന് പറയാം. അസുരനുമേൽ വിജയം നേടിയ അറിവിന്‍റെ ദേവതയായ ആദിപരാശക്തിയായ ദേവിയെ ആദ്യത്തെ മൂന്നുനാളിൽ തമോഗുണയായ ദുർഗ്ഗാ രൂപത്തിലും അടുത്ത മൂന്നുനാളിൽ രജോഗുണയായ മഹാലക്ഷ്മി രൂപത്തിലും അവസാന മൂന്നു നാളിൽ സത്വഗുണയായ സരസ്വതി രൂപത്തിലുമാണ് പൂജിക്കുന്നത്.
അജ്ഞാനമാകുന്ന തമോഗുണത്തിൽ നിന്ന് ജ്ഞാനമാകുന്ന സത്വഗുണത്തിലേക്കുള്ള ജീവിതയാത്രയാണ് വിജയദശമിലൂടെ പ്രതീകവൽക്കരിക്കുന്നത്.
ഈ ദിവസങ്ങളിൽ ദേവിയുടെ /സ്‌ത്രീയുടെ ഒമ്പത് വ്യത്യസ്ത ഭാവങ്ങളെ ഉപാസിക്കുന്നവർക്ക് ലഭിക്കുന്നത് ഒന്നാമതായി ആത്മജ്ഞാനം, രണ്ടാമത് സമ്പദ് സമൃദ്ധിയും മറ്റു ഭൗതിക സുഖങ്ങളും മൂന്നാമതായി ശത്രു നാശവുമാകുന്നു. ദേവി അഷ്ടൈശ്വര്യദായിനിയാണ്. ആയിരം അശ്വമേധത്തിന്റെ പുണ്യമാണ് നവരാത്രിയിലെ നവാക്ഷരീ മന്ത്രജപമായ "ഓം സരസ്വതയൈ നമ:" കൊണ്ട് സിദ്ധിക്കുന്നതെന്നാണ് വിശ്വാസം.

എഴുത്തിനിരുത്ത്

ശിശുക്കളുടെ വിദ്യാരംഭം കുറിക്കുന്ന ചടങ്ങാണ് എഴുത്തിനിരുത്ത്. മൂന്നു വയസ്സിനും അഞ്ചുവയസ്സിനും മധ്യേ പ്രായമുള്ള കുട്ടികളെ ഗുരുവിന്‍റെയോ ഗുരുസ്ഥാനീയന്‍റെയോ മടിയിലോ സമീപത്തോ ഇരുത്തി "ഹരി: ശ്രീ: ഗണപതയേ നമ: എന്നോ ഹരിശ്രീയോടൊപ്പം അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും ക്രമമായി ചേർത്തോ ആദ്യമായി എഴുതിക്കുക എന്നതാണ് ഈ സമ്പ്രദായം. സാധാരണയായി നവരാത്രിയുടെ അവസാനം വിജയദശമി നാളിൽ സരസ്വതി പൂജയ്ക്കു ശേഷമാണ് എഴുത്തിനിരുത്തുന്നത്. നിലവിളക്കും നിറനാഴിയും വെച്ച് ഗണപതിക്ക് നേർച്ച അർപ്പിച്ചതിനുശേഷമാണ് ചടങ്ങ്. കുട്ടിയുടെ നാവിൽ സ്വർണ്ണം കൊണ്ട് ഹരി: ശ്രീ: ഗണപതയേ നമ: എന്നെഴുതിക്കുകയും അനന്തരം ഗുരു മുമ്പിൽ ഓട്ടുരുളിയിലോ നാക്കിലയിലോ വച്ചിട്ടുള്ള ഉണക്കലരിയിൽ കുട്ടിയുടെ മോതിരവിരൽ കൊണ്ട് എഴുതിക്കുകയും ചെയ്യുന്നു. ചില ഭാഗങ്ങളിൽ ചൂണ്ടു വിരൽ കൊണ്ടാകും എഴുതിക്കുക . ഗുരുദക്ഷിണ കൊടുക്കലും മധുരപലഹാര വിതരണവും ഈ ചടങ്ങിന്റെ ഭാഗമാണ്.
വിജയദശമി ദിവസം അക്ഷരങ്ങളെ പൂജിക്കുന്ന ചടങ്ങായ അക്ഷരപൂജയും നടത്തുന്ന പതിവുണ്ട്. വിജയദശമിക്കു രണ്ടു ദിവസം മുമ്പ് ദുർഗാഷ്ടമി ദിനത്തിൽ പുസ്തകങ്ങൾ പൂജയ്ക്ക് വയ്ക്കുന്ന ചടങ്ങും അക്ഷരപൂജയുടെ ഭാഗമാണ്. പൂജയ്ക്ക് വച്ചു കഴിഞ്ഞാൽ വിദ്യാരംഭം കഴിഞ്ഞേ പുസ്തകങ്ങൾ തിരിച്ചെടുക്കാറുള്ളൂ അതുവരെ എഴുത്തും വായനയും പാടില്ലെന്നാണ് വിശ്വാസം.

വിദ്യയെയും അറിവിനെയും മതത്തിന്റെയും ആചാരത്തിന്റെയും സംസ്‌കാരത്തിൻ്റെയും ഭാഗമാക്കുകയും ഗ്രന്ഥങ്ങളെയും അവരവരുടെ പണിയായുധങ്ങളെയും വർഷത്തിൽ നിശ്ചിത ദിവസങ്ങൾ ഭക്തിയോടെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ചടങ്ങ് ലോകത്തിൽ മറ്റെവിടെയെങ്കിലും ഉണ്ടോ എന്നുള്ള കാര്യം സംശയമാണ്. അറിവിനും തൊഴിലിനും ഭാരതം എത്രമാത്രം പ്രാധാന്യം നൽകിയിരുന്നു എന്നുള്ളതിന്റെ നേർചിത്രമാണ് വിജയദശമി എന്ന ചടങ്ങിലൂടെ പുതിയ തലമുറയ്ക്കു മുന്നിൽ അനാവരണം ചെയ്യപ്പെടുന്നത്.

Content Highlights: Vijayadashami marks the triumph of knowledge and righteousness over ignorance., Navaratri worships the Goddess in forms of Durga, Lakshmi, and Saraswati., Vidyarambham (Ezhuthiniruthu) initiates young children into the world of letters., Books and tools are revered as part of ancient Indian traditions honoring work and learning.