വെളിച്ചമായി ഗുരുദേവ ദര്‍ശനം; വാദിച്ചു ജയിക്കാനല്ല, അറിയാനും അറിയിക്കാനുമാണ് സര്‍വമതസമ്മേളനം

ശ്രീനാരായണഗുരുദേവന്‍ ആലുവയില്‍ സംഘടിപ്പിച്ച സര്വമതമഹാസമ്മേളനത്തിന്റെ ശതാബ്ദിപ്രമാണിച്ച് വത്തിക്കാനില്‍ നവംബര്‍ 29, 30, ഡിസംബര്‍ ഒന്ന് തീയതികളിലായി ലോകമതപാര്‍ലമെന്റ് സംഘടിപ്പിക്കുകയാണ്. ക്രിസ്തുചൈതന്യം നിറഞ്ഞുനില്ക്കുന്ന വത്തിക്കാനില്‍ സര്‍വാദരണീയനായ മാര്‍പാപ്പ പങ്കെടുത്ത് അനുഗ്രഹിക്കുന്ന ഈ മഹാസമ്മേളനം ചരിത്രത്തില്‍ നവീന അധ്യായം കുറിക്കുമെന്നുറപ്പ്. സ്നേഹത്തിന്റെ അവതാരമൂര്‍ത്തിയായ ക്രിസ്തുദേവന്റെ ആധ്യാത്മിക ചൈതന്യത്തില്‍ പരിഭൂഷിതമായ അന്തരീക്ഷത്തില്‍ ലോകമതങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത്, ശ്രീനാരായണഗുരുവിന്റെ തത്ത്വദര്ശനത്തിന്റെ വെളിച്ചത്തില്‍ മതത്തിന്റെ ഏകതയും സൗഹാര്‍ദവും സമന്വയവും വിളംബരംചെയ്യുകയാണ്. പലമതസാരവുമേകം എന്ന ഗുരുദര്‍ശനത്തിന്റെ വെളിച്ചത്തില്‍, വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് എന്ന താത്ത്വികമായ നിലപാടിലാണ് സര്‍വമതസമ്മേളനം സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. 'ദൈവദശകം' ഇറ്റാലിയന്‍ ഭാഷയിലേക്ക് തര്‍ജമചെയ്തത് ആലാപനംചെയ്തുകൊണ്ടാണ് സമ്മേളനം ആരംഭിക്കുക.
ജഗത്തിന്റെ ഗുരു
ശ്രീനാരായണഗുരു അക്ഷരാര്‍ഥത്തില്‍ ഒരു വിശ്വഗുരുവായിരുന്നു. സംസ്കൃതം, തമിഴ്, മലയാളം എന്നീ മൂന്നുഭാഷകളിലായി ഗുരുദേവന് രചിച്ച എഴുപതോളം കൃതികളില്‍ ഒരിടത്തുപോലും കേരളം എന്നോ ഇന്ത്യ എന്നോ തുടങ്ങി ഒരു പ്രാദേശികപദവും കടന്നുവരുന്നില്ല. ജഗത്ത്, ലോകം തുടങ്ങിയ പദങ്ങളെല്ലാം ഗുരുദേവകൃതികളിലുണ്ട്. ഗുരുദര്‍ശനത്തിന്റെ അന്തര്‍ധാര ലോകസമാധാനമാണ്. ശ്രീനാരായണഗുരുദേവന്റെ വിശ്വഗുരുത്വവും സാര്‍വലൗകികമായ മഹിമാവിശേഷവും പ്രകാശിക്കുന്ന ഒന്നായിരുന്നു ആലുവയിലെ സര്വമതമഹാസമ്മേളനം.
നമുക്കറിയാം, ലോകചരിത്രത്തിലാദ്യമായി ഒരു സര്‍വമതസമ്മേളനം നടന്നത് അമേരിക്കയിലെ ഷിക്കാഗോയിലാണ്. എന്നാല്‍, ഈ സമ്മേളനം ലക്ഷണമൊത്ത സര്വമതസമ്മേളനമാണ് എന്നു പറയുകവയ്യ. കൊളംബസ് അമേരിക്ക കണ്ടുപിടിച്ചതിന്റെ നാനൂറാംവാര്ഷികംസംബന്ധിച്ച ഒരാഘോഷമായിരുന്നു അത്. സമബുദ്ധിയോടും സമഭക്തിയോടുംകൂടി, എല്ലാ മതങ്ങളുടെയും വൈശിഷ്ട്യം ഒന്നാണെന്ന് ഉപദേശിക്കാന്‍ പര്യാപ്തമാകുമാറ് നടത്തിയ, എല്ലാ മതങ്ങളെയുംകുറിച്ചുള്ള ഒരു പഠനസമീക്ഷയായിരുന്നു അത് എന്നു പറയാനാകില്ല. പ്രധാനമായും സംഘാടകര്‍ ഉദ്ദേശിച്ചത് ക്രിസ്തുമതവൈശിഷ്ട്യം ജനഹൃദയങ്ങളില്‍ എത്തിക്കുക എന്നതായിരുന്നു. എന്നാല്‍, വിവേകാനന്ദസ്വാമികളുടെയും ഭാരതത്തിലെ പലമഹത്തുക്കളുടെയും സാന്നിധ്യംകൊണ്ട് ഒരു സര്‍വമതസമ്മേളനത്തിന്റെ കെട്ടുംമട്ടും ഉരുത്തിരിഞ്ഞു എന്നതാണ് സത്യം.
പലമതസാരവുമേകം
''ബുദ്ധന്റെകാലത്ത് ഹിംസ കലശലായിരുന്നു. അതിനാല്‍ ബുദ്ധന് അഹിംസാധര്‍മത്തിന് മുഖ്യതകല്പിച്ചു. ക്രിസ്തുവിന്റെ കാലത്ത് സ്നേഹത്തിന്റെ അഭാവമായിരുന്നു. അതിനാല്‍ ക്രിസ്തു സ്നേഹത്തിന് പ്രാധാന്യംനല്കി. നബിയുടെ കാലത്ത് സാഹോദര്യത്തിനു മുഖ്യതകല്പിക്കേണ്ടത് ആവശ്യമായിരുന്നിരിക്കാം. അതിനാല്‍ അദ്ദേഹത്തിന്റെ മതത്തില്‍ സാഹോദര്യത്തിന് മുഖ്യതകാണുന്നു. ഇന്നിന്റെ ആവശ്യമെന്താണ്? ജാതികള്തമ്മിലും മതങ്ങള്തമ്മിലുമുള്ള മത്സരത്തില്‍നിന്നു മോചനം'' -ഗുരുദേവന്റെ ഈ തിരുവായ്മൊഴികള്‍ തികച്ചും അര്‍ഥവത്തായിരുന്നു. 'പലമതസാരവുമേകം' എന്ന സിദ്ധാന്തം വെളിപ്പെടുത്താന്‍ ഒരു സര്‍വമതസമ്മേളനം സംഘടിപ്പിക്കുന്നത് എത്രയുംനന്നായിരിക്കുമെന്ന് ഗുരുദേവന് കണ്ടു. അത് ആലുവയിലെ അദ്വൈതാശ്രമത്തിലാകാം. കാരണം, രണ്ടില്ലാത്ത ഒന്നിനെ, അദ്വൈതബോധത്തെ സാക്ഷാത്കരിക്കാന്വേണ്ടിയുള്ളതാണല്ലോ അദ്വൈതാശ്രമം. ആശ്രമത്തിന്റെ ഭരണകര്‍ത്താവായി, മുക്ത്യാര്നാമാവായി തന്റെ പ്രിയശിഷ്യന് സത്യവ്രതസ്വാമികളുണ്ട്. സമത്വത്തിന്റെ പ്രതീകമായ സത്യവ്രതസ്വാമികളുടെ ചുമതലയില്‍ സര്‍വമതസമ്മേളനം സംഘടിപ്പിക്കാന്‍ ഗുരുദേവന് നിശ്ചയിച്ചു.
സാഹോദര്യം സര്‍വത്ര
ബോധാനന്ദസ്വാമികള്‍, നരസിംഹസ്വാമികള്‍, വിദ്യാനന്ദസ്വാമികള്‍, ആത്മാനന്ദസ്വാമികള്‍ (രാമന് ഗുരുക്കള്‍) തുടങ്ങിയ സന്ന്യാസിശിഷ്യന്മാരും ടി.കെ. മാധവന്, സഹോദരന് അയ്യപ്പന്, എന്‍. കുമാരന് (എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി), സി. കൃഷ്ണന് വക്കീല്‍, കെ.പി. കയ്യാലക്കല്‍, സി.വി. കുഞ്ഞുരാമന് തുടങ്ങിയ ഗൃഹസ്ഥശിഷ്യന്മാരും സമ്മേളനപ്പന്തലിന്റെ മുന്‍ഭാഗത്ത് ഹാജരായി. സാധു ശിവപ്രസാദ്, മഞ്ചേരി രാമയ്യര്, മഞ്ചേരി രാമകൃഷ്ണയ്യര്‍, പണ്ഡിറ്റ് ഋഷിറാം, കൃഷ്ണയ്യങ്കാര്‍, എബ്രഹാം സേലം, കൊറ്റിയത്ത് കൃഷ്ണന്‍വക്കീല്‍, പി.ടി. ഗീവര്‍ഗീസ്, മൊയ്തീന്‍മൗലവി, കെ.കെ. കുരുവിള തുടങ്ങിയ വിശിഷ്ടാതിഥികള്‍ അനുപമേയനായ മഹാഗുരുവിനെ വന്ദിച്ച് നിര്‍ദിഷ്ടസ്ഥാനങ്ങളില്‍ ഉപവിഷ്ടരായി. തുടര്‍ന്ന് യോഗനടപടികള്‍ ആരംഭിച്ചു. ശ്രീനാരായണഗുരുദേവന്‍ ഭദ്രദീപംതെളിയിച്ച് സര്വമതമഹാസമ്മേളനം ഉദ്ഘാടനംചെയ്തു. ഹിന്ദുമതം, ക്രിസ്തുമതം, ഇസ്ലാംമതം, ബുദ്ധമതം, തിയോസഫിക്കല്‍ സിദ്ധാന്തം, ജൈനമതം, യഹൂദമതം, ബ്രഹ്മസമാജം, വൈഷ്ണവമതം, ആര്യസമാജം, ബഹായി ധര്‍മം എന്നീ ദര്‍ശനങ്ങളുടെ പ്രതിനിധികളാണ് സമ്മേളനത്തില്‍ പ്രസംഗിച്ചതെന്നു കാണാവുന്നതാണ്.
ലോകചരിത്രത്തിലെ ഒന്നാമത്തേത് എന്നു വിശേഷിപ്പിക്കാവുന്ന സര്വമതമഹാസമ്മേളനമാണ് ആലുവയില്‍ നടന്നത്. മതമല്ല വലുത്, മനുഷ്യനാണ് എന്ന താത്ത്വികദര്‍ശനത്തിന്റെ വെളിച്ചത്തിലാണ് അതു നടന്നത്. 'മാനവരൊക്കെയും ഒന്ന്, അതാണ് നമ്മുടെ മതം' എന്ന് ഗുരുദേവന് അരുളിച്ചെയ്തിട്ടുണ്ട്. 'സാഹോദര്യം സര്‍വത്ര' -ഇതായിരുന്നു ഗുരുദേവന്റെ ദര്‍ശനം. സര്‍വമതസമ്മേളനത്തിന്റെ അടിസ്ഥാനതത്ത്വവും ഇതുതന്നെ.
സര്വമതസമ്മേളനത്തെത്തുടര്ന്ന് ശിവഗിരിയില്‍ ഗുരുദേവന് ഒരു സര്വമതപാഠശാലയ്ക്ക് തുടക്കംകുറിച്ചു. ഭാരതീയ വേദാന്തദര്‍ശനവും ധര്മപഥവും ബൈബിളും ഖുര്‍ആനും ഇതര മതഗ്രന്ഥങ്ങളും ഇവിടെ പാഠ്യവിഷയങ്ങളാണ്. ഇന്നും ശിവഗിരിയില്‍ നടക്കുന്ന ഈ മതമഹാപാഠശാലയില്‍ ജാതിമതഭേദമെന്യേ ആര്‍ക്കും ചേര്‍ന്നു പഠിക്കാവുന്നതാണ്. മുഴുവന്‍ ചെലവുകളും ശിവഗിരിമഠം വഹിച്ചുകൊള്ളും.
Content Highlights: Sri Narayana Guru All-Religion Conference Aluva Interfaith Religious Harmony Vatican World Parliamen