വളയനാട് അഷ്ടമാതൃക്കളുടെ കാവ്; ശാക്തേയകാവുകള്‍ കേരളത്തിൽ പതിനൊന്നെണ്ണം മാത്രം

#ഡോ. പി.ഐ. അജിതന്‍ | ajithanp@yahoo.com
വളയനാട് ദേവി ക്ഷേത്രം ( ഫയല്‍ ചിത്രം)
വളയനാട് ദേവി ക്ഷേത്രം ( ഫയല്‍ ചിത്രം)

ഈ നവരാത്രിക്കാലത്ത് കേരളത്തിലെ ശാക്തേയകാവുകളെക്കുറിച്ച് വിശിഷ്യാ വളയനാട് കാവിനെക്കുറിച്ച് താന്ത്രിക-സാംസ്‌കാരിക ദൃഷ്ടികോണിലൂടെ ഒന്ന് ചിന്തിക്കാം. കേരളത്തിലെ ശാക്തേയകാവുകള്‍ ഇന്നത്തെനിലയ്ക്ക് കേവലം പതിനൊന്നെണ്ണം മാത്രമാണുള്ളത്. കോഴിക്കോട്ടെ ശ്രീ വളയനാട്ട് കാവാണ് ഇതില്‍ ഏറെ പുകള്‍പെറ്റത്. മന്നംപുറത്ത് കാവ് (നീലേശ്വരം), കളരിവാതുക്കല്‍ ഭഗവതിക്ഷേത്രം (വളപട്ടണം), പനങ്കാവ് (കണ്ണൂര്‍), മാടായി തിരുവര്‍ക്കാട്ട്കാവ് (പഴയങ്ങാടി), മാമാനിക്കുന്ന് ഭഗവതിക്ഷേത്രം (ഇരിക്കൂര്‍), ശ്രീവാഴുഞ്ചേരി ഭഗവതിക്ഷേത്രം തിരുവഞ്ചേരിക്കാവ് (കൂത്തുപറമ്പ്), അമ്മങ്കോട്ടം (ശ്രീകണ്ഠാപുരം, ഇരിക്കൂര്‍), തിരുവളയനാട്ട് കാവ് (കോട്ടയ്ക്കല്‍), പിഷാരികാവ് (കൊയിലാണ്ടി), കളിയാംവള്ളി ഭഗവതിക്ഷേത്രം (ഇടച്ചേരി, വടകര) എന്നിവയാണ് മറ്റുള്ളവ.

ഇവിടങ്ങളില്‍മാത്രമേ ശാക്തേയവിധിപ്രകാരമുള്ള പൂജകള്‍ നടക്കുന്നതായി അറിവുള്ളൂ. ഇവ കൂടാതെ പണ്ടുകാലത്ത് ശാക്തേയപൂജ നടന്നതായി കേട്ടുകേള്‍വിയുള്ള രണ്ട് ക്ഷേത്രങ്ങളാണ് തിരുവാറാട്ട് കാവും പനയന്നാര്‍ കാവും. എന്നാല്‍, കുറെദശകങ്ങളായി ഇവിടങ്ങളില്‍ ശാക്തേയവിധാനം നിലവിലില്ല. ഘടനാപരമായ സവിശേഷതകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഈ കാവുകളെല്ലാംതന്നെ വാസ്തവത്തില്‍ ചാമുണ്ഡാക്ഷേത്രങ്ങളാണ്. അതായത് ചാമുണ്ഡയാണ് ഈ ക്ഷേത്രങ്ങളിലെ പ്രധാനദേവത. ചാമുണ്ഡ പ്രധാനമായിട്ടുള്ള കാവുകള്‍ സാങ്കേതികമായി രുരുജിത്ത് ക്ഷേത്രങ്ങളെന്നാണ് വ്യവഹരിക്കപ്പെടുന്നത്. എന്നാല്‍, സമൂഹത്തിലെ ഒരു ചെറിയവിഭാഗം ആളുകള്‍ക്കുമാത്രമേ ഇവയ്ക്ക് രുരുജിത് കാവുകളെന്ന് പേരുണ്ടെന്ന് അറിയാവൂ. പൊതുജനത്തെസംബന്ധിച്ച് ഇവയെല്ലാം കാളീക്ഷേത്രങ്ങളാണ്.

അഷ്ടമാതൃക്കളും വളയനാടും

മറ്റ് ക്ഷേത്രങ്ങളില്‍നിന്ന് ഭിന്നമായി ശാക്തേയകാവുകളുടെ ഘടനാപരമായ സവിശേഷത ഒരേമതില്‍ക്കകത്തുതന്നെ ചാമുണ്ഡാ അല്ലെങ്കില്‍ ഭദ്രകാളി, സപ്തമാതൃക്കള്‍, ശിവന്‍, ക്ഷേത്രപാലന്‍ എന്നീ ദേവതകളുടെ പ്രതിഷ്ഠകള്‍ കാണാമെന്നുള്ളതാണ്. ഈ നാല് ദേവതകളും ഒരു മതില്‍ക്കകത്ത് വെവ്വേറെ പ്രതിഷ്ഠകളായോ സങ്കല്പത്തിലോ വരുന്നുവെങ്കില്‍ അതിനെയാണ് രുരുജിത്ത് കാവ് എന്ന് ഇന്ന് വിളിച്ചുപോരുന്നത്. ബ്രാഹ്‌മി, മാഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡ ഇവരാണ് സപ്തമാതൃക്കള്‍. ഇവരെക്കൂടാതെ മഹാലക്ഷ്മിയെന്ന എട്ടാമതൊരു മാതൃസങ്കല്പവുമുണ്ട്. മേല്‍പ്പറഞ്ഞ പതിനെട്ട് കാവുകളില്‍ വളയനാട് കാവിലും പിഷാരികാവിലും മാത്രമാണ് അഷ്ടമാതൃക്കള്‍ ഉള്ളതെന്നത് ആ കാവുകളുടെ ഘടനാപരമായ ഒരു സവിശേഷതയാണ്.

വളയനാട്കാവിന്റെ പ്രത്യേകത അത് ഒരു ശാക്തേയകാവാണ് എന്നതാണ്. വാസ്തവത്തില്‍ തന്ത്രശാസ്ത്രത്തിലെ ഏറ്റവും ഉയര്‍ന്നതെന്ന് വാഴ്ത്തപ്പെട്ടിട്ടുള്ള ക്രമസമ്പ്രദായത്തിലെ ആരാധന ഭാഗികമായിട്ടെങ്കിലും നിലനിര്‍ത്തിപ്പോരുന്ന കാവുകളാണ് ഇവ. അതിനാല്‍ത്തന്നെ ഇത്തരം കാവുകളെ തരംതാഴ്ത്തിയുള്ള പരാമര്‍ശങ്ങള്‍ അറിവില്ലായ്മയില്‍നിന്ന് വരുന്നതാണെന്ന് നിസ്സംശയം പറയേണ്ടിവരും.

രാജരക്ഷാകര്‍ത്തൃത്വം

നാട്ടുരാജാക്കന്മാരായ കോലത്തിരി, സാമൂതിരി തുടങ്ങിയവരുടെ ശക്തമായ പിന്തുണയും രക്ഷാകര്‍ത്തൃത്ത്വവും ഇവിടെ ഉണ്ടായിരുന്നുവെന്നത് ഒരു വസ്തുതയാണ്. രാജാക്കന്മാരുടെ ശക്തികേന്ദ്രങ്ങളായിട്ടാണ് ഇവിടം കണക്കാക്കിപ്പോന്നത് എന്നതുതന്നെയായിരുന്നു കാരണം. സൂക്ഷ്മമായി നോക്കുമ്പോള്‍ ഈ കാവുകള്‍ക്കെല്ലാംതന്നെ ഒരു രാജബന്ധത്തിന്റെ കഥ അന്നും ഇന്നും പറയാനുണ്ട്. മാത്രവുമല്ല കോലത്തിരിയും സാമൂതിരിയുമൊക്കെ യുദ്ധത്തിന് പുറപ്പെടുന്നതിനുമുന്‍പ് കളരിവാതുക്കല്‍, വളയനാട് തുടങ്ങിയ ശാക്തസങ്കേതങ്ങളില്‍ സ്വന്തം പടവാള്‍ പൂജിച്ചിരുന്നതായി കൊട്ടാരത്തില്‍ ശങ്കുണ്ണി, സി.എസ്. ചെന്തേര തുടങ്ങിയ ഐതിഹ്യകാരന്മാര്‍ സൂചിപ്പിച്ചിട്ടുള്ളത് ഈ വാദത്തിന് ശക്തിപകരുന്നു. കൂടാതെ, രാജഭരണവുമായി ഇത്തരം കാവുകള്‍ ചേര്‍ന്നുനിന്നിരുന്നുവെന്നതിന് വാമൊഴിപാരമ്പര്യത്തിലും തെളിവുകള്‍ ധാരാളമായുണ്ട്.

ചാമുണ്ഡയുടെ ക്ഷേത്രാരാധനാവിധായകങ്ങളും പൂര്‍വകാലഗ്രന്ഥങ്ങളുമായ ദക്ഷിണേന്ത്യന്‍ ബ്രഹ്‌മയാമളം, മാതൃസദ്ഭാവം എന്നിവയിലും ഈശാനശിവഗുരുദേവപദ്ധതിയെന്ന ശൈവപദ്ധതിഗ്രന്ഥത്തിലും നാട്ടുരാജാക്കന്മാര്‍ക്കുവേണ്ടിയാണ് ചാമുണ്ഡാ ക്ഷേത്രങ്ങള്‍ പണിയുന്നതുതന്നെ എന്നതരത്തിലുള്ള തുറന്നപരാമര്‍ശങ്ങള്‍ കാണാം. രാജാവിന് ശത്രുരാജാവിന്മേലും രാജ്യത്തിലുമുള്ള അധിനിവേശം-ജയം, നാട്ടുരാജ്യത്തെ പ്രജകളുടെ ക്ഷേമം ഇവയൊക്കെയാണ് ചാമുണ്ഡാക്ഷേത്രങ്ങള്‍ നിര്‍മിക്കുന്നതിന് ആധാരമായ ഘടകങ്ങള്‍. ഇത്തരത്തില്‍ നോക്കിയാല്‍ ഭക്തിപ്രധാനമായ ഒരു ആരാധനാകേന്ദ്രമെന്നതിനെക്കാളുപരി രാഷ്ട്രീയമാണ് ചാമുണ്ഡാ ക്ഷേത്രനിര്‍മിതിയുടെ പ്രേരകഘടകമെന്ന് എളുപ്പം മനസ്സിലാക്കാം. ഇത്തരം ചാമുണ്ഡാപ്രധാനമായ ക്ഷേത്രങ്ങള്‍ കേരളത്തിലെത്തുന്നത് കര്‍ണാടകം വഴിയോ അല്ലെങ്കില്‍ ഒഡിഷ, ബംഗാള്‍ വഴിയോ ആയിരിക്കാമെന്ന് ചരിത്രകാരന്മാര്‍ നേരത്തേതന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

പുരാണങ്ങള്‍, ഭദ്രകാളീമാഹാത്മ്യം, ദേവീമാഹാത്മ്യം എന്നിവയിലെല്ലാം സപ്തമാതൃക്കള്‍ ഉടലെടുക്കുന്നതുതന്നെ യുദ്ധത്തിനുവേണ്ടിയാണെന്നത് ശ്രദ്ധേയമായ ഒരു വസ്തുതയാണ്. യുദ്ധത്തില്‍ ജയം കൈവരിക്കുന്നതിനാണോ അല്ലെങ്കില്‍ പ്രജകളുടെ ക്ഷേമത്തിനാണോ എന്നതിനനുസരിച്ച് ചാമുണ്ഡയുടെയും സപ്തമാതൃക്കളുടെയും ആയുധങ്ങള്‍ക്കും കൈകളുടെ എണ്ണത്തിനും മാറ്റംവരുന്നതായി ദക്ഷിണേന്ത്യന്‍ ബ്രഹ്‌മയാമളം ചൂണ്ടിക്കാണിക്കുന്നു. സപ്തമാതൃക്കളില്‍ ഓരോ ആള്‍ക്കും പ്രത്യേകം നിറം, വാഹനം എന്നിവയൊക്കെയുണ്ട്. പ്രതിഷ്ഠയുടെ ഉദ്ദേശ്യമനുസരിച്ച് ദേവതകളുടെ കൈകളുടെ എണ്ണം, ആയുധങ്ങള്‍, നിറം, സ്ഥാനങ്ങള്‍ ഇവയ്‌ക്കൊക്കെ വ്യത്യാസം വരുന്നു.

സപ്തമാതൃക്കളില്‍ പ്രധാനി ചാമുണ്ഡയാണ്. മാതൃനായിക എന്നാണ് പൊതുവേ ചാമുണ്ഡ അറിയപ്പെടുന്നത്. മാംസമാണ് ചാമുണ്ഡയുടെ ഇഷ്ടഭക്ഷണം. സദാസമയവും വിശന്നിരിക്കുന്നവളും ഒട്ടിയ വയറോടുകൂടിയവളും കറുത്തനിറമുള്ളവളും മെലിഞ്ഞ് വിരൂപയുമായവളാണ് ചാമുണ്ഡ. ചാമുണ്ഡയ്ക്ക് മൂന്ന് ധ്യാനഭേദങ്ങളാണുള്ളത്. എട്ട് കൈകള്‍, നാല് കൈകള്‍, രണ്ട് കൈകള്‍ എന്നിങ്ങനെ. ഈ ചാമുണ്ഡയാണ് കാപാലികന്മാരെന്ന ശൈവത്തിലെ അവാന്തരവിഭാഗക്കാരുടെ പ്രധാന ആരാധ്യദേവത. കാപാലിക ആചാരങ്ങളെ ഓര്‍മ്മിപ്പിക്കുന്നവണ്ണം മന്നംപുറത്ത്, കളരിവാതുക്കല്‍, മാടായിക്കാവ് തുടങ്ങിയ ശാക്തേയക്കാവുകളിലെല്ലാംതന്നെ ക്ഷേത്രമതിലിന് പുറത്തായി എന്നാല്‍, ക്ഷേത്രഭൂമിയില്‍ത്തന്നെ ഒരു ശ്മശാനവുമുള്ളതായിക്കാണാം. ഇത്തരം ശ്മശാനങ്ങളെ ശാക്തേയബ്രാഹ്‌മണര്‍ വിളിക്കുന്നത് തിരുനെല്ലി എന്നാണ്.


ബ്രഹ്‌മയാമളമനുസരിച്ച് ചാമുണ്ഡാക്ഷേത്രങ്ങള്‍ രുരുജിത്, ദാരുകജിത് എന്നിങ്ങനെ രണ്ടുതരത്തിലാണ്. സപ്തമാതൃക്കളും ദേവിയും ഒരേ ശ്രീകോവിലിലാണെങ്കില്‍ അത് രുരുജിത്. രുരുജിത് യുദ്ധപ്രധാനയായ ദേവിയായതിനാല്‍ ഉഗ്രസ്വരൂപിണിയാണ്. ദേവി വേറെയും സപ്തമാതൃക്കള്‍ വേറെയുമാണെങ്കില്‍ ദാരുകജിത്. ദാരുകജിത് ദേശരക്ഷയ്ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്. ഈ അര്‍ഥത്തില്‍ വളയനാട് കാവ് ദാരുകജിത് കാവാണ്. അതാകട്ടെ ഒരു ദേശത്തിന്റെ ഐശ്വര്യത്തിനും ക്ഷേമത്തിനും കണക്കാക്കി നിര്‍മിക്കപ്പെട്ടിട്ടുള്ളതാണെന്ന് ഈ നിര്‍വചനത്തില്‍നിന്ന് മനസ്സിലാക്കാം.

വളയനാട് കാവിനെക്കുറിച്ച് പഠിച്ച ചരിത്രകാരന്മാരൊക്കെത്തന്നെ സാമൂതിരിയുമായി ഈ കാവിനുള്ള അഭേദ്യമായ ബന്ധത്തെ പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, ഏത് സാമൂതിരിയുടെ കാലത്താണ് ഇത് നിര്‍മിക്കപ്പെട്ടതെന്നും ഏതുകാലത്താണ് ഇവിടെ പൂജ നിലവില്‍വന്നതെന്നും കൃത്യമായി ആരുംതന്നെ പറഞ്ഞുകാണുന്നില്ല. ഗ്രന്ഥവരികള്‍, ചെപ്പേടുകള്‍, സന്ദേശകാവ്യങ്ങള്‍, താന്ത്രികഗ്രന്ഥങ്ങള്‍ തുടങ്ങിയവ പരിശോധിക്കുമ്പോള്‍ മനസ്സിലാക്കാന്‍സാധിക്കുന്നത് ഏതാണ്ട് പതിന്നാലാം നൂറ്റാണ്ടോടെയാണ് കേരളത്തില്‍ ചാമുണ്ഡാക്ഷേത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത് എന്നാണ്. ഇന്ന് ചാമുണ്ഡാവിധാനത്തിന്റെ ഏറ്റവും ആധികാരികഗ്രന്ഥമായി വിലയിരുത്തപ്പെട്ടിട്ടുള്ള ചേന്നാസ് ശങ്കരന്‍ നമ്പൂതിരിയുടെ 'ശേഷസമുച്ചയം' സാമൂതിരിനാട്ടിലാണ് എഴുതപ്പെട്ടിട്ടുള്ളത്. അതാകട്ടെ പതിനഞ്ചാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിലാണ് എഴുതപ്പെട്ടതെന്നാണ് അനുമാനിക്കപ്പെടുന്നത്. അതുവെച്ചുനോക്കുമ്പോള്‍ പതിന്നാല്-പതിനഞ്ച് നൂറ്റാണ്ടുകളിലാവാം വളയനാടും പരക്കെ അറിയപ്പെടാന്‍ തുടങ്ങിയിട്ടുണ്ടാവുക. പക്ഷേ, കൃത്യമായ തെളിവുകള്‍ക്ക് ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു.

(ഇരിങ്ങാലക്കുട ശ്രീപുരം താന്ത്രികഗവേഷണകേന്ദ്രം റിസര്‍ച്ച് ആന്‍ഡ് അക്കാദമിക്‌സ് വിഭാഗം മേധാവിയും 'ശാക്തേയകാവുകളിലെ ആരാധനാസമ്പ്രദായ'ത്തില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന് കീഴിലുള്ള ഐ.സി.എസ്.എസ്.ആറില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് പൂര്‍ത്തീകരിച്ച വ്യക്തിയുമാണ് ലേഖകന്‍)

തന്ത്രശാസ്ത്രത്തിലെ ഏറ്റവുമുയര്‍ന്നതെന്ന് വാഴ്ത്തപ്പെട്ടിട്ടുള്ള ക്രമസമ്പ്രദായത്തിലെ ആരാധന ഭാഗികമായിട്ടെങ്കിലും നിലനിര്‍ത്തിപ്പോരുന്ന അപൂര്‍വ കാവുകളിലൊന്നാണ് വളയനാട്

Content Highlights: Navratri festival sree valayanad devi temple