നർമ്മബോധം എന്നത് തന്നെപ്പറ്റിത്തന്നെ ചിരിക്കാൻ സാധിക്കുക എന്നതാണ്

ഒന്നോർത്തുനോക്കൂ, ഈ ലോകത്ത് ചിരിക്കാൻ കഴിവുള്ള ഒരേയൊരു ജീവി മനുഷ്യനാണ്! നർമ്മം എന്നത് ജീവൗഷധമാണ്; അതുകൊണ്ടാണ് നർമ്മത്തെ ഓഷോ ഒരു മെഡിറ്റേഷൻ തെറാപ്പിയായി ഉപയോഗപ്പെടുത്തിയത്. അദ്ദേഹം പങ്കുവെച്ച ഫലിതങ്ങളും കഥകളും മറ്റും പ്രഭാഷണത്തിനിടയിൽ പൂത്തിരികൾ പോലെയാണ് പൊട്ടിച്ചിരിയുടെ പ്രഭ പരത്തിയത്. ഓഷോയുടെ വാക്കുകൾ ഇങ്ങനെയാണ്:' ചിരിക്ക് നിങ്ങളെ ധ്യാനത്തിന്റെ ആഴത്തിലേക്ക് ആനയിക്കാനും ആരോഗ്യം പ്രദാനം
ചെയ്യാനുമുള്ള അതിശയകരമായ ശക്തിയുണ്ട്. ഉറപ്പായിട്ടും അത് നമ്മുടെ ആന്തരിക രസതന്ത്രത്തെയും മസ്‌തിഷ്‌കത്തിലെ വിദ്യുത് തരംഗങ്ങളെയും മാറ്റിമറിക്കുന്നു. അത് പ്രതിഭയെ ഉദ്ദീപിപ്പിക്കുന്നു. നിങ്ങൾ കൂടുതൽ ബുദ്ധിമാനായി മാറുന്നു. നിദ്രയിൽ ആഴ്ന്നു കിടക്കുകയായിരുന്ന മനസ്സിന്റെ പല ഭാഗങ്ങളും പൊടുന്നനെയെന്നോണം ഉണർന്നെണീക്കുന്നു. ചിരി നിങ്ങളുടെ ഹൃദയത്തിന്റെയും മനസ്സിൻ്റെയും അടിത്തട്ടുകളിലേക്കു കടന്നുചെല്ലുന്നു. എന്തെന്നാൽ, ചിരിയോടൊപ്പം മനസ്സ് നിശ്ചലമായിപ്പോകുന്നു. ചിരി കൂടുതൽ കൂടുതൽ ആഴമാർജ്ജിക്കേ സ്വാസ്ഥ്യത്തിന്റെറെ കൂടുതൽ ആഴങ്ങൾ വെളിപ്പെടാൻ തുടങ്ങും. ചിരി നിങ്ങളെ വിമലീകരിക്കുന്നു. പാരമ്പര്യത്തിന്റെയും ഭൂതകാലത്തിന്റെയും ചപ്പുചവറുകളെ ദൂരെക്കളഞ്ഞുകൊണ്ട് ചിരി നിങ്ങൾക്ക് ഒരു പുതിയ ജീവിത ദർശനം സമ്മാനിക്കുന്നു, നിങ്ങളെയത് കൂടുതൽ ഊർജ്ജവാനും ഉന്മേഷവാനും സർഗ്ഗസമ്പന്നനുമാക്കുന്നു."
അതേസമയം ഓഷോ ഇങ്ങനെകൂടി പറഞ്ഞിട്ടുണ്ട്, ചിരി നിഷ്‌കളങ്കവും നിർമ്മലവുമായിരിക്കണമെന്ന്. നർമ്മബോധം, ശരിക്കും പ്രവർത്തിക്കുന്നത്, നിങ്ങൾക്ക് നിങ്ങളെപ്പറ്റിത്തന്നെ ചിരിക്കാൻ സാധിക്കുമ്പോഴാണ്. മറ്റുള്ളവരെ കളിയാക്കിക്കൊണ്ട്, പരിഹസിച്ചുകൊണ്ട് ആളുകളിൽ ചിരിയുണർത്തുകയെന്നത്, തീരെ തരം താണ നർമ്മമാണ്; വാസ്തവത്തിൽ അതൊരു തരം രോഗമാണ്. തന്നെപ്പറ്റിത്തന്നെ ചിരിക്കാൻ സാധിക്കുന്ന ഒരാളെ സംബന്ധിച്ച്, അയാൾ തന്നിൽത്തന്നെ ആരോഗ്യവും ആനന്ദവും നിറയ്ക്കുകയാണ്, മാത്രവുമല്ല അയാൾ ആ ആനന്ദവും ആരോഗ്യവും മറ്റുള്ളവരിലേക്കും പടർത്തുന്നു.
ഇക്കാലത്ത്, വളരെ വിലകുറഞ്ഞ തരം ഫലിതപ്രകടനങ്ങൾ വ്യാപകമാണ്. ചോദ്യമെന്തെന്നാൽ, എന്തും പറയാൻ സാധിക്കും എന്നതുകൊണ്ട് മാത്രം നമുക്ക് എന്തും പറയാമെന്നാണോ? പ്രകൃതി നമുക്ക് നല്‌കിയിട്ടുള്ള നാക്ക് എന്നൊരു അവയവം ഒരു വാൾ പോലെയും ഉപയോഗിക്കാം, തേൻ പോലെയും ഉപയോഗിക്കാം. നാക്ക് എങ്ങനെയാണ് വളയുന്നത് എന്നതിനനുസരിച്ച് അയാളുടെ ഹൃദയത്തിൽ എത്രമാത്രം വിഷം ഊറിക്കൂടിയിരിക്കുന്നുവെന്നു നിശ്ചയിക്കാം. ഈ കാലഘട്ടം സംസാരത്തിൻ്റേതാണ്, ആളുകളുടെ മനസ്സാകട്ടെ വളരെ വിഷലിപ്തവും. ആർക്കും ആരുടേയും നാക്കിൽ താഴിട്ടുവെക്കാൻ സാധിക്കില്ല, എന്നാൽ കേൾക്കുന്നവർക്ക് കൂടുതൽ പക്വതയും വിവേകവും ഉറപ്പുവരുത്തുക സാധ്യമാണ്. നർമ്മാവബോധം വളരെ അത്യാവശ്യമായി വികസിച്ചുവരേണ്ടതിന്റെ ഒരാവശ്യകതയുണ്ടിപ്പോൾ. ആളുകൾ വല്ലാതെ അസഹിഷ്ണുക്കളായി മാറിയിരിക്കുന്നു. നർമ്മബോധമാണ് അക്രമവാസനയെ അനായാസം പരിവർത്തിപ്പിയ്ക്കാൻ പ്രാപ്‌തിയുള്ളത്. ഒരാളെ ഒരു പാഠം പഠിപ്പിക്കണമെന്ന് ഉദ്ദേശ്യമുണ്ടെങ്കിൽ, അക്രമമല്ല അതിനുള്ള മാർഗം. അത്തരക്കാരെ ഒഴിവാക്കുകയാണ് നല്ലത്.
ബൂമറാങ് എന്ന പേരിൽ ഒരായുധമുണ്ടായിരുന്നു. അത് ആർക്കുനേരെയാണോ പ്രയോഗിച്ചത്, അയാളെ പ്രഹരിച്ചതിനു ശേഷം അത് അയച്ച ആളിലേക്കുതന്നെ തിരിച്ചുവരും. അവഹേളനങ്ങളെ അവഗണിക്കുന്നത് അത്തരം ഒരു സമീപനമാണ്. നിങ്ങൾക്ക് നേരെ അയക്കപ്പെട്ട അധിക്ഷേപങ്ങളോട് നിങ്ങൾ പ്രതികരിക്കുന്നില്ലെങ്കിൽ, ആ ഊർജ്ജമത്രയും അത് അയച്ച ആളിലേക്കുത്തന്നെ തിരികെ ചെല്ലും. നെഗറ്റീവായവയ്ക്ക് മുഖം കൊടുക്കാതിരിക്കുക. നിങ്ങൾ അവക്ക് വേണ്ടി എത്രത്തോളം ഊർജ്ജം ചെലവഴിക്കുന്നുവോ അവ അത്രയ്ക്കും കൂടുതൽ പെരുകിക്കൊണ്ടിരിക്കും.