സുരക്ഷിതമല്ലാത്ത ജീവിതം

റോസാ ലക്സംബർഗ് പ്രശസ്‌തയായ ജർമൻ എഴുത്തുകാരിയും ശക്തയായ യുദ്ധവിരുദ്ധ സാമൂഹിക പ്രവർത്തകയുമായിരുന്നു. ഒരിക്കൽ അവർ അവരുടെ സുഹൃത്തിനോട് പറഞ്ഞു.' രണ്ടറ്റത്തു നിന്നും കത്തിയമരുന്ന പന്തത്തെപ്പോലെ തീക്ഷ്‌ണതയോടെയാകണം ഒരു വ്യക്തി ജീവിക്കേണ്ടത്. ഏതെങ്കിലും ഒരറ്റത്തുനിന്നും കത്തിക്കൊണ്ടിരുന്നാൽ പോരാ."

"അങ്ങനെയെങ്കിൽ", അവരുടെ സുഹൃത്ത് പറഞ്ഞു, "ആ പന്തം വളരെ പെട്ടെന്ന് കത്തിത്തീരില്ലേ? സാധാരണയായി, ഒരു രാത്രി മുഴുവനും കത്തേണ്ടതാണ്. എന്നാൽ ഇങ്ങനെയെങ്കിൽ, അത് പകുതി സമയം കൊണ്ട് തീർന്നു പോകും." റോസാ ലക്സ‌ംബർഗ് പറഞ്ഞു, "നിങ്ങൾക്ക് കത്തിയമരുന്നതിൻ്റെ തീക്ഷ്‌ണത ആസ്വദിക്കണമെന്നുണ്ടെങ്കിൽ, പൊടുന്നനെ തീർന്നുപോകുന്നതിന് തയ്യാറായിരിക്കേണ്ടതുണ്ട്."

തീക്ഷ്‌ണതയോടെ, പൂർണ്ണതയോടെ ജീവിക്കുന്നതിന് കൊടുക്കേണ്ടിവരുന്ന വിലയാണത്. തീവ്രമായി കത്തിയമരുന്നത് ആസ്വദിക്കാൻ സാധിക്കുന്ന ഒരാൾക്ക് പൊടുന്നനെ കഴിഞ്ഞുപോകുന്നതും ആസ്വദിക്കാനാകും. എന്തെന്നാൽ തീക്ഷ്‌ണതയിലാണ് കാര്യം, കുറേ നേരം വെറുതെയിങ്ങനെ പുകഞ്ഞുകൊണ്ടിരിക്കുന്നതിലല്ല. പതുക്കെപ്പതുക്കെ അവസാനിക്കുന്നതും, പതുക്കെപ്പതുക്കെ പുകഞ്ഞുകൊണ്ടിരിക്കുന്നതും ദുഃഖകരമായ സംഗതിയാണ്. എന്നാൽ മിക്കയാളുകളും ആഗ്രഹിക്കുന്നത്. യാതൊരു അപകടവുമില്ലാത്ത സുരക്ഷിതമായ ഒരു ജീവിതമാണ്; യാതൊരു റിസ്‌കുമില്ലാത്ത ഒരു റെഡിമേയ്‌ഡ് ജീവിതം. കൃത്രിമമായി ഉണ്ടാക്കിയ ഒരു നടപ്പാതയിലൂടെയുള്ള അന്ധമായ നടത്തം.

ഓഷോ പറയുന്നു. അരക്ഷിതത്വമാണ് ജീവിതം. സുരക്ഷിതമായിരിക്കാനുള്ള ത്വരയും അന്വേഷണവും ഏറ്റവും ആഴത്തിൽ, ജീവിതത്തിനോടുള്ള ഭയമാണ്. ഇന്ന് നാം എങ്ങനെയാണോ ജീവിക്കുന്നത്, അങ്ങനെത്തന്നെ നാളേയും ജീവിക്കണം എന്നാണ് നാം ആഗ്രഹിക്കുന്നത്. അസാധ്യമാണത്. ജീവിതം വിശദീകരിക്കാനാവാത്ത വിധം ആകർഷകമായിരിക്കുന്നത്, അത് എല്ലായ്പ്‌പോഴും മാറിക്കൊണ്ടിരിക്കുന്നു എന്നതിനാലാണ്. ശരിക്കും പറഞ്ഞാൽ, മരണം മാത്രമാണ് ഏറ്റവും സുരക്ഷിതമായിരിക്കുന്ന താവളം. അവിടെ ചെന്നതിനു ശേഷം യാതൊരു മാറ്റവുമില്ല പിന്നെ; സുരക്ഷയുടെ യാതൊരു ആവശ്യവുമില്ല പിന്നെ.

സുരക്ഷിതത്തിനുവേണ്ടിയുള്ള അന്വേഷണം ജീവിതത്തിനെതിരായിട്ടുള്ളതാണ്. വളരെ വിശാലമർന്ന ഒരു പ്രപഞ്ചജീവിതത്തിൻ്റെ ഭാഗമാണ് നമ്മുടെ വ്യക്തിജീവിതം എന്ന കാര്യം നാം മിക്കപ്പോഴും മറന്നേപോകുന്നു. സമയാതീതമായിട്ടുള്ള ഒരു വലിയ പ്രവാഹം സംഭവിച്ചുകൊണ്ടേയിരിക്കുന്നുണ്ട്; നാം അതിനോട് പങ്കുചേരുക മാത്രമേ വേണ്ടതുള്ളൂ. നാം അതിൽ നിന്നും ഒട്ടും തന്നെ വേറിട്ട് നില്ക്കുന്നവരല്ല. നാം പക്ഷേ ശ്രമിക്കുന്നത്, മണ്ണിനു മുകളിൽ നമ്മുടേത് മാത്രമായ ഒരു വീട് പണിത് അതിനെ സംരക്ഷിക്കാനാണ്. വ്യക്തിബന്ധങ്ങളിൽ പോലും നാം ആഗ്രഹിക്കുന്നത് ഇതേ സുരക്ഷിതത്വമാണ്. ഞാൻ ഒരാളെ സ്നേഹിക്കുകയാണെങ്കിൽ, ഞാൻ വിചാരിക്കുന്നത് എന്നന്നേക്കുമായി ആ ബന്ധം അതേപടി നിലനിൽക്കണമെന്നാണ്. സ്നേഹം അതുകൊണ്ടാണ് ഏറ്റവും ബുദ്ധിമുട്ടുള്ള സംഗതിയായിരിക്കുന്നത്. എന്തെന്നാൽ, സ്നേഹമാണ് ഏറ്റവും അരക്ഷിതം ആയിട്ടുള്ളത്. അതൊരു കാറ്റിനെപ്പോലെയാണ്, ഒരു ജാലകത്തിലൂടെ കടന്നുവന്ന് മറ്റൊരു ജാലകത്തിലൂടെ പുറത്തേക്കു പോകുന്നത്.

ജീവിതത്തെ കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കാതിരിക്കുക. ആർക്കും തന്നെ അതിനു സാധ്യമല്ല. ഉള്ളിനുള്ളിൽ നാം നാളേക്കുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടെന്നാൽ, നമുക്കറിയില്ല എങ്ങനെയാണ് നാം നാളെ ജീവിക്കാൻ പോകുന്നതെന്ന്; നാളെ ഏതു വീട്ടിലാണ് നാം താമസിക്കാൻ പോകുന്നതെന്ന്. നാളെ നമ്മുടെ കയ്യിൽ എത്ര പണമുണ്ടാകുമെന്ന് നമുക്കറിയില്ല. നാളെ നാം ഏതു വസ്ത്രമാണ് ധരിക്കാൻ പോകുന്നതെന്ന്

നമുക്കറിയില്ല. സുരക്ഷിതത്വം എന്നത് ആത്മഹത്യാപരമായ ഒരു മനോഭാവമാണ്.

അരക്ഷിതത്വമെന്ന വാക്കു പോലും ആളുകൾ തീരെ ഇഷ്‌ടപ്പെടുന്നില്ല. നിങ്ങൾക്ക് അരക്ഷിതത്വത്തിനു പകരം ഭംഗിയുള്ള പേര് നല്‌കാം; ഒരുപക്ഷേ അതിനു നേരെയുള്ള പ്രതിരോധത്തിന് കുറവ് വന്നേക്കാം. ഉദാഹരണത്തിന്, നിങ്ങൾ അരക്ഷിതനാണ് എന്ന് തോന്നുമ്പോൾ, സ്വയം പറയുക, ' ഞാൻ ഊർജ്ജവാനാണ്, ഞാൻ ഓകെയാണ്'. നിങ്ങൾ സ്വയം കബളിപ്പിക്കാൻ ശ്രമിക്കുകയാണ്. ഉള്ളിനുള്ളിൽ നടക്കുന്ന തിരസ്ക്കാരമാണ് അകത്ത് ടെൻഷൻ സൃഷ്ടിക്കുന്നത്. ജീവിതം അതിൻ്റെ പാട്ടിന് ഒഴുകിപ്പോകാൻ ആഗ്രഹിക്കുമ്പോൾ, നാം അതിനെ നമ്മുടെ വരുതിക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു. ടെൻഷൻ ഉണ്ടാകുന്നത് ഇങ്ങനെയാണ്.

ജീവിതത്തെ അതേപടി ജീവിക്കുക എന്നാൽ ജീവിതത്തെ അതിൻ്റെ അരക്ഷിതമായ പ്രകൃതത്തോടെ ജീവിക്കുക എന്നത് മാത്രമാണ്.