‘ദുഃഖത്തിൽ മാത്രം ദൈവത്തെ ഓർത്താൽ മതിയോ? സന്തോഷത്തിൽ വേണ്ടേ?’

പ്രസിദ്ധമായ ഒരു കബീർ വാണിയുണ്ട്: "എല്ലാവരും ദൈവത്തെ ഓർക്കുന്നത് ദുരിതം അനുഭവിക്കുമ്പോഴാണ്; സന്തോഷം വരുമ്പോൾ ആരും തന്നെ ദൈവത്തെ ഓർക്കുന്നില്ല. അതെന്തുമാകട്ടെ, സന്തോഷമുള്ളപ്പോൾ ദൈവത്തെ ഓർക്കുകയാണെങ്കിൽ, അവർ ഒരിക്കലും ദുരിതത്തിൽ വീഴുകയില്ല."
വാസ്തവത്തിൽ, സന്തോഷമായിരിക്കുമ്പോൾ സ്വയം ഓർക്കുന്നവരൊന്നും ദുരിതം അനുഭവിക്കുന്നില്ല.
ഏവർക്കും അറിയാവുന്നതാണിത്, എന്നാൽ ആരും തന്നെ അത് പാലിക്കുന്നില്ലെന്നു മാത്രം. സന്തോഷമുണ്ടായിരിക്കുമ്പോൾ ആളുകൾ ആരും തന്നെ ധ്യാനിക്കുകയോ പ്രാർഥിക്കുകയോ ചെയ്യാറില്ല. സന്തോഷവും വിജയവുമെല്ലാം അവരുടെ തലയ്ക്കു പിടിക്കുന്നു. തങ്ങളുടെ പരിശ്രമം കൊണ്ടും സാമർഥ്യം കൊണ്ടും നേടിയതാണ് എല്ലാ വിജയവും എന്ന് വിചാരിച്ചുകൊണ്ട് എല്ലാ മതിപ്പും അവർ എടുക്കുന്നു.
പ്രാർത്ഥനകളെല്ലാം നടക്കുന്നത് ദുഃഖമുള്ളപ്പോഴാണ്, കഷ്ടപ്പാടുകൾ ഉണ്ടായിരിക്കുമ്പോഴാണ്. പുറമെ നിന്നും യാതൊരു പിന്തുണയും കിട്ടാതെ വരുമ്പോൾ ഒരുവൻ ദൈവം തമ്പുരാന്റെ പിന്തുണയെപ്പറ്റി ഓർമ്മിക്കുന്നു. ആരാധനായലങ്ങളിലേക്ക് വരുന്ന ജനക്കൂട്ടത്തെ നിങ്ങൾ ശരിക്കും സൂക്ഷ്മമായി പരിശോധിക്കുകയാണെങ്കിൽ കാണാൻ കഴിയും, ഓരോരുത്തരും വന്നിട്ടുള്ളത് ഏതെങ്കിലും വിധത്തിലുള്ള ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണെന്ന്; ആരും തന്നെ ഇപ്പോഴുള്ള അവസ്ഥയിൽ തൃപ്തരല്ല. എല്ലാവരും തന്നെ നൂറായിരം പ്രശ്‌നങ്ങൾക്ക് നടുവിലാണ് നിലകൊള്ളുന്നത്.
അതേസമയം, ശാസ്ത്രീയമായ ഒരു കാഴ്‌ചപ്പാടിൽ നോക്കിയാൽ കാണാൻ സാധിക്കും കഷ്‌ടപ്പാടുകൾക്കും ദൈവികതക്കും തമ്മിൽ യാതൊരു സംബന്ധവുമുണ്ടായിരിക്കുന്നില്ലെന്ന്. എന്തെന്നാൽ, ദൈവം എന്ന് എന്തിനെയാണോ പേരിട്ടു വിളിക്കുന്നത്. അത് ആനന്ദമയമായ ഒരു ഊർജ്ജമാണ്; സത് - ചിത് - ആനന്ദം ആണ് അതിൻ്റെ പ്രകൃതം. ഭൗതിക നിയമങ്ങൾ വെച്ച് നോക്കിയാൽ, ദുഃഖമെന്നത് ആനന്ദത്തിൻ്റെ ഔന്നത്യമളക്കാൻ സാധിക്കാത്ത വിധം ഭാരക്കൂടുതലുള്ളതാണ്. വെള്ളവും തൈലവും ഒരുമിച്ചുചേർക്കാൻ സാധിക്കാത്തതുപോലെ, ദുഃഖവും ദൈവികതയും ഒരിക്കലും ഒന്നുചേരുകയില്ല; ചേർക്കാൻ സാധിക്കുകയുമില്ല. ഇനി ഇതിലെ വിരോധാഭാസമെന്തെന്നാൽ, ഒരു വ്യക്തി ദുഃഖിതനല്ലെങ്കിൽ, അയാൾക്ക് ദൈവത്തിന്റെയും ആവശ്യമില്ല എന്നതാണ്.
മനുഷ്യനും ദൈവവും തമ്മിലുള്ളത് വിചിത്രമായ ഒരു തരം ബന്ധമാണ്. നാം സ്വയം ദൈവത്തിന്റെ ആരാധകരെന്നു കരുതുന്നുണ്ടെങ്കിലും, വാസ്‌തവത്തിൽ ഉണ്ടായിരിക്കുന്ന ബന്ധം ഒരു ഡോക്‌ടറും രോഗിയും തമ്മിലുള്ളതാണ്. ഡോക്‌ടറെ നാം ഓർക്കാറുള്ളത് രോഗം വരുമ്പോൾ മാത്രമാണ്; അപ്പോൾ, നാം വിളിക്കുന്ന ആരാധന രോഗാതുരമായിട്ടുള്ളതാണ്. ആരോഗ്യകരമായിട്ടുള്ളതല്ല.
ഓഷോ പറയുന്നു, " ഞാൻ ഒരാൾ ആത്മീയമായി ജീവിക്കുന്നു എന്ന് പറയുക അയാൾ സന്തോഷത്തിലും ദൈവത്തെ ഓർമ്മിക്കുന്നുണ്ടെങ്കിലാണ്. എന്നാൽ സന്തോഷമുണ്ടായിരിക്കുമ്പോൾ അയാൾക്ക് ദൈവത്തെ ഓർമ്മിക്കാൻ മാത്രമേ സാധിക്കൂ: അയാൾ അനുഭവിക്കുക ദൈവത്തിൻ്റെ അഭാവത്തെയാണ്. സ്വന്തമായി വീടും പണവും മറ്റു സകലതുമുള്ള ഒരാൾ.. എന്നിട്ടും പക്ഷേ അയാൾക്കകത്ത് നികത്തപ്പെടാതെ കിടക്കുന്ന ഒരിടമുണ്ട്. പണം, ഭാര്യ, ഭർത്താവ് എന്നിവകൊണ്ടൊന്നും ശൂന്യമായ ആ ഇടം നിറയുന്നില്ല. ആ ശൂന്യതയിലാണ് ദൈവികതയുടെ ആദ്യത്തെ നാമ്പ് മുളയെടുക്കുന്നത്-ഉള്ളിനുള്ളിലെ പൊള്ളയായ ആ ഇടത്തിൽ. നിങ്ങൾക്കകത്ത് ആ ഇടം ഉണ്ടായിവന്നിട്ടുണ്ടോ? നിങ്ങളുടെ ഹൃദയത്തിന്റെ ഏതെങ്കിലും ഒരു മൂല, ഭൗതികമായ സകലതുമുണ്ടായിരുന്നിട്ടും പൂർത്തിയാകാതിരിക്കുന്നുണ്ടോ? സർവ്വവുമുണ്ടായിട്ടും ഒന്നുമില്ലാതിരിക്കുന്നതുപോലെ. ഇതാണ് അവസ്ഥയെങ്കിൽ, സന്തോഷമുണ്ടായിരിക്കുമ്പോഴും ധ്യാനിക്കാൻ നിങ്ങൾ സന്നദ്ധനാണ്." മനസ്സിന്റെ ഘടനയെ നാം ബോധപൂർവ്വം മനസ്സിലാക്കുന്ന ദിവസം, മനസ്സിനകത്തെ ശൂന്യത നമുക്കനുഭവപ്പെടും; അടിത്തട്ട് ഇല്ലാത്ത ഒരു പാത്രമാണത്. ഒരുപാട് ജന്മങ്ങളായി നിങ്ങൾ ആശയും അഭിലാഷങ്ങളും നിറച്ചുകൊണ്ടേയിരിക്കുന്ന ആ മനസ്സ് ഇപ്പോഴും ശൂന്യമാണ്. അത് എന്നും ശൂന്യമായിരുന്നു!
Content Highlights: Discover why remembering God during happy times prevents suffering. Explore the true nature of divinity and its connection to inner peace. Learn to find joy and fulfillment.