കുറച്ചുസമയം വെറുതേയിരിക്കുക, ഈ നിമിഷം ആസ്വദിക്കുക

#അമൃത് സാധന
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

എല്ലാവർക്കും വൃക്ഷങ്ങളെപ്പറ്റിയും, അനുയോജ്യമായ കാലാവസ്ഥ വരുമ്പോൾ മാത്രമാണ് അവ കായ്ക്കുന്നത് എന്നും അറിയാം. എന്നാൽ നമ്മുടെ സ്വന്തം ആഗ്രഹങ്ങളുടെ കാര്യത്തിൽ നാം മറന്നുപോകുന്നു, അവയ്ക്ക് കായ്ക്കുന്നതിന് അവയുടേതായ സമയം ആവശ്യമുണ്ടെന്നുള്ള കാര്യം.

ഇക്കഴിഞ്ഞ വർഷങ്ങളിൽ പ്രശസ്‌തരായ കുറെയധികം കലാപ്രതിഭകൾ, അവരുടെ വിജയത്തിന്റെ ഉന്നതിയിൽ എത്തിനില്ക്കുമ്പോൾ പൊടുന്നനെയുള്ള മരണത്തിന് അടിപ്പെടുകയുണ്ടായി. മിക്കവർക്കും ഹൃദയസ്‌തംഭനമുണ്ടായത് സ്റ്റേജിൽ വെച്ചോ ജിംനേഷ്യം സെന്ററുകളിൽ വെച്ചോ ആയിരുന്നു. എല്ലായ്പോഴും കടുത്ത ആശ്ചര്യത്തിലും ആശങ്കയിലും കഴിയുക എന്നത് ആരോഗ്യത്തെ സംബന്ധിച്ച് ഒട്ടും ഹിതകരമല്ല. ഏതു തരത്തിലുമുള്ള അത്യാവേശം ഒരു തരം ജ്വരം പോലെയാണ്. അതേസമയം, മനസ്സിൻ്റെ ഗണിതം നേരെ തിരിച്ചാണ്; നിങ്ങൾക്ക് എത്രത്തോളം ക്ഷമയുണ്ടോ, അത്രയ്ക്കും വേഗത്തിലായിരിക്കും അതിൻ്റെ പ്രവർത്തനം. അക്ഷമ കൂടുന്നതിനനുസരിച്ച് മനസ്സ് മന്ദഗതിയിലായിത്തീരും. മനസ്സിൻ്റെ അടിത്തട്ടിലാണ് ക്ഷമയും സഹനശക്തിയുമൊക്കെ വളർച്ച പ്രാപിക്കുന്നത്. ക്ഷമ മനസ്സിന് വിശ്രാന്തി പകരുന്നു. ജീവിതത്തിന്റെ വേഗം കൂടുന്നതിനനുസരിച്ച് മനുഷ്യൻ്റെ ക്ഷമാശക്തി കുറഞ്ഞുകുറഞ്ഞു വരുന്നു.

ഇത്രയ്ക്കും മനസ്സമ്മർദമുണ്ടാക്കുംവിധം അക്ഷമയും അസ്വാസ്ഥ്യവും മനുഷ്യന് ഇതുവരേക്കുമുണ്ടായിട്ടില്ല. ഓഷോ പറയുന്നത് ക്ഷമയാണ് ആത്മീയാന്വേഷണത്തിന്റെ അടിസ്ഥാനമെന്നാണ്. നമ്മുടെ മനസ്സ് ഒരു കൊച്ചു കുഞ്ഞിനെപ്പോലെയാണ്. കുട്ടികൾ ചെടികളുടെ വിത്തുകൾ നടുന്നത് കണ്ടിട്ടില്ലേ? കുറച്ചു നേരം കഴിഞ്ഞാൽ അവരത്  പൊക്കി നോക്കും, വിത്തുകൾക്ക് മുള വന്നോ എന്നറിയാൻ. തീരെ ക്ഷമയില്ലാത്തവരാണ് കുട്ടികൾ. ഒരു മണിക്കൂറിനു ശേഷം അവർ ആ വിത്തിനെ വീണ്ടും പൊക്കി നോക്കും, എന്തെങ്കിലും സംഭവിച്ചുവോ എന്നറിയാൻ. ഒരു വിത്ത് മുളച്ചു പൊന്തണമെങ്കിൽ ആവശ്യത്തിന് നേരം അത് മണ്ണിനടിയിൽ കഴിയേണ്ടതുണ്ട്. ഇരുട്ടിൽ നിശബ്ദമായി കഴിഞ്ഞാൽ മാത്രമേ അതിൻ്റെ തോട് പൊട്ടി മുള പുറത്തുവരികയുള്ളൂ.

ചാഞ്ചല്യമെന്നത് മനസ്സിൻ്റെ പ്രകൃതമാണ്. നാം ധ്യാനിക്കാൻ ശ്രമിക്കുകയാണെങ്കിൽ, രണ്ടോ മൂന്നോ മിനിറ്റു നേരം കണ്ണുകളടച്ചിരുന്നതിനു ശേഷം വിചാരിക്കും 'ഒന്നും സംഭവിച്ചില്ലല്ലോ' എന്ന്. എന്ത് ബോറിങ് ആണ്! വെറുതെ സമയം കളയാനുള്ള പരിപാടി!.
അതിശയിപ്പിക്കുന്ന കാര്യമെന്തെന്നാൽ, നാം നമ്മുടെ ജീവിതം മുഴുവനും തന്നെ അസ്വസ്ഥരായി കഴിഞ്ഞു കൂടി; അതേസമയം, ശാന്തരായി ഇരിക്കാനുള്ള സമയമൊട്ടുണ്ടായതുമില്ല! സമയമുള്ളപ്പോൾ, സ്വസ്ഥമായി, ശാന്തമായിരിക്കാൻ എന്തെങ്കിലും ചെയ്‌തുനോക്കുന്ന കാര്യത്തിൽ മനസിന് താല്പര്യമില്ല.
കാത്തിരിപ്പിനെ ആസ്വദിക്കുന്നതെങ്ങനെയെന്ന് നാം മറന്നേ പോയിരിക്കുന്നു. കാത്തിരിപ്പിന്റെ മാധുര്യത്തെപ്പറ്റിയും  സാഫല്യത്തിനുള്ള തീവ്രാഭിലാഷത്തെപ്പറ്റിയുമെല്ലാം നൂറ്റാണ്ടുകളായി ധാരാളം കവിതകൾ എഴുതപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്ന് അവയെല്ലാം മാറിയിരിക്കുന്നു. ആരും തന്നെ കാത്തിരിക്കാൻ തയ്യാറല്ല.
ജീവിതത്തിൽ ക്ഷമ വീണ്ടെടുക്കണമെന്നുണ്ടെങ്കിൽ, നിത്യവൃത്തികളിൽ ധ്യാനത്തെ ഉൾപ്പെടുത്തിയേ തീരൂ. ദിവസവും കുറച്ചുനേരത്തേക്ക് വെറുതെയിരിക്കുക; എവിടേയ്ക്കും പോകാനില്ലാത്തതുപോലെ, യാതൊന്നും ചെയ്യാനില്ലാത്തതുപോലെ, യാതൊരു നഷ്ടവുമില്ല, യാതൊരു ലാഭവുമില്ല. ശരിക്കും വെറുതേയിരിക്കുക മാത്രം ചെയ്യുക. നിങ്ങൾ ഇപ്പോൾ, ഇവിടെയാണ്. ഈ നിമിഷത്തെ ആസ്വദിച്ചുകൊണ്ട്. വൃക്ഷത്തെ പരിപാലിക്കുകയെന്നത് നമുക്ക് ചെയ്യാവുന്നതാണ്; കായ്കനികൾ ഋതുക്കൾക്കനുസരിച്ച് ഉണ്ടായിവരട്ടെ!

Content Highlights: Discover the power of patience in a fast-paced world. Learn how to cultivate patience and find peace