ജന്മസമുദ്രം താണ്ടാന്‍ സഹായിക്കുന്ന കാവ്യം | ആര്‍ഷദര്‍ശനത്തിന്റെ കണ്ടെത്തലുകള്‍-7

''ആരാണോ രാമനാമം കേള്‍ക്കുകയോ, ഉച്ചരിക്കുകയോ ചെയ്യുന്നത് അയാള്‍ ജന്മങ്ങളുടെ സമുദ്രം ഒരു ചെറിയ കുഴിയെന്നപോലെ കടക്കുന്നു എന്നു''രാമനാമ മഹത്വം ഉദ്‌ഘോഷിക്കുന്നു. ''താന്‍ അഭിഷിക്തനാണെറിയുമ്പോഴും വനത്തിലെക്കു തിരസ്‌കൃതനാകുമ്പോഴും സമബുദ്ധിയോടെ, പുഞ്ചിരിച്ചു കൊണ്ട് എല്ലാം സ്വീകരിച്ച രാമന്റെ സ്മരണ ഭവസാഗരം കടത്തുന്നു'എന്ന്-തുളസീദാസ രാമായണവും, ''രാമനാമം വാനരരെ വിജയികളാക്കി, രാമനാമം ഹനുമാനെ സമുദ്രം കടത്തി ,രാമനാമം കലിയുഗം കടക്കാനുള്ള യാനപാത്രമാണ്. ധര്‍മ്മത്തിന്റെ ഏറ്റവും ഉച്ചസ്ഥായിയിലുള്ള സ്വരം.'എന്നു -ഗാന്ധിജിയും രാമായണത്തെ വിശേഷിപ്പിക്കുന്നു.
കര്‍ക്കിടകത്തെ രാമായണ മാസമായി ആചരിക്കുന്നതിനു പിന്നില്‍ നിരവധി ശാസ്ത്രീയ സത്യങ്ങളുണെന്നു നിരീക്ഷിക്കുന്നു. സൂര്യന്‍ ദക്ഷിണായന രാശിയില്‍ സഞ്ചരിക്കുന്നതു കൊണ്ടുള്ള ദോഷങ്ങള്‍ ഇല്ലാതാക്കുക എന്നതാണ് ഒരു കാര്യം. ദക്ഷിണായനം ദേവന്മാരുടെ രാശിയായാണ് അറിയപ്പെടുന്നത്. ആധ്യാത്മികമായ അര്‍ത്ഥത്തില്‍ ദേവന്‍ എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ജീവജാലങ്ങളിലെ ചൈതന്യമാണ്. ദേവന്മാര്‍ ദക്ഷിണായനത്തില്‍ നിദ്ര കൊള്ളുന്നു എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ജീവജാലങ്ങളിലെ ചൈതന്യത്തിനു ഈ സമയം ലോപം സംഭവിക്കുന്നു എന്നാണ്.
രണ്ടാമതായി ജലരാശിയായ കര്‍ക്കിടകത്തില്‍ സൂര്യന്‍ സഞ്ചരിക്കുന്നത് കൊണ്ട് സൂര്യനു ഹാനി സംഭവിക്കുന്നു. സുര്യനു സംഭവിക്കുന്ന ഈ ബലക്ഷയം ജീവജാലങ്ങളെയെല്ലാം ബാധിക്കുന്നു.ഊര്‍ജ്ജ ദാദാവാണല്ലോ സൂര്യന്‍. ഇതിനു പരിഹാരമായാണു രാമായണ പാരായണം വിധിച്ചിരിക്കുന്നതത്രെ. കര്‍ക്കിടകം ഒന്നു മുതല്‍ രാമായണം വായന തുടങ്ങി കര്‍ക്കടകം അവസാനിക്കുമ്പോഴേക്കും വായന തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം. പഴയകാലത്ത് കര്‍ക്കടകത്തിലെ ആദ്യത്തെ ആഴ്ച കൊണ്ടുതന്നെ രാമായണം പൂര്‍ണ്ണമായും പാരായണം ചെയ്തിരുന്നു.
കര്‍ക്കടക മാസത്തിനു രാമായണ മാസം എന്ന പുണ്യനാമം കൂടിയുണ്ട്. അതുകൊണ്ടുതന്നെ ഈ മാസം മുഴുവനും രാമായണം പാരായണം ചെയ്യുകയാണു വേണ്ടത്. പൊതുവെ നിഷ്‌ക്രിയതയും അസ്വസ്ഥതയും സൃഷ്ടിക്കുതാണു കര്‍ക്കടക മാസം. ഇതില്‍ നിന്നുള്ള മോചനത്തിനു പൂര്‍വ്വികന്മാര്‍ നല്‍കിയ ഉപായമാണു രാമായണപാരായണവും മറ്റനുഷ്ഠാനങ്ങളും.
കര്‍ക്കിടകത്തിലെ എല്ലാ ദോഷങ്ങളും ഇല്ലാതാക്കുവാന്‍ രാമായണ പാരായണം മാത്രം മതിയെന്നാണു വിശ്വാസം. മറ്റെല്ലാ ഹൈന്ദവാചാരങ്ങളിലുമെന്നപോലെ സ്നാനം, ഭസ്മധാരണം, ചന്ദനം തൊടല്‍ മുതലായവ ചെയ്ത ശേഷം ഏകാഗ്ര ചിത്തനായി ഇരുന്നു രാമായണ പാരായണം ആരംഭിക്കാം. കേരളത്തിന്റെ വടക്ക് പ്രത്യേകിച്ചു മലബാറില്‍ രാവിലെ ദശപുഷ്പങ്ങള്‍ വച്ചു ശ്രീഭഗവതിയെ വീട്ടിലേക്ക് എതിരേല്‍ക്കുന്ന ചടങ്ങും നടത്തിയതിനുശേഷമാണ് രാമായണവായന തുടങ്ങുന്നത്.. രാവിലെ കുളിച്ചു വീടു വൃത്തിയാക്കി വിളക്കു കൊളുത്തി, കിണ്ടിയില്‍ വെള്ളവും തുളസിക്കതിരും, താലത്തില്‍ ദശപുഷ്പങ്ങളും വാല്‍ക്കണ്ണാടിയും രാമായണവും പുതുവസ്ത്രവും വയ്ക്കും. വൈകീട്ടേ ഇത് എടുത്തു മാറ്റൂ. കര്‍ക്കിടകത്തിലെ എല്ലാ ദിവസവും ഇതു തുടരും.
രാമനും രാമകഥയും ഭാരതത്തിനാകമാനം വിശിഷ്ടമാണെങ്കിലും രാമായണത്തിനായി ഒരു മാസം മാറ്റിവെച്ചവരാണു മലയാളികള്‍. അതാകട്ടെ കൊല്ലവര്‍ഷത്തില്‍ ഏറ്റവും ഒടുവില്‍ കടന്നുവരുന്ന പഞ്ഞകര്‍ക്കടകവും. കര്‍ക്കടകം സ്വതേ ദുര്‍ഘടമാണെങ്കിലും ഭൗതികസാഹചര്യ ദാരിദ്ര്യത്തിലും ആധ്യാത്മിക തേജസ്സിനാല്‍ സമൃദ്ധമാണ് ഈ മാസം.
കാത്തിരിപ്പിന്റെ മാസം കൂടിയാണ് കര്‍ക്കിടകം. സമൃദ്ധിയുടെ പൊന്നിന്‍ ചിങ്ങത്തിനായുള്ള കാത്തിരിപ്പ്. കര്‍ക്കടകത്തില്‍ മിതമായ ആഹാരവും ആയുര്‍വേദ മരുന്നുകളും കഴിച്ചു ദേഹ ശുദ്ധി വരുത്തും. ചിലര്‍ ഉഴിച്ചിലും പിഴിച്ചിലും നടത്തി ശരീരം അരോഗദൃഢമാക്കും.
കൊടും വേനലില്‍ നിന്നു പെരുമഴക്കാലത്തിലേക്കു കടക്കുമ്പോള്‍ അതിനോടു പൊരുത്തപ്പെടാന്‍ ശരീരത്തിനു കഴിയാതെ വരും. അതുകൊണ്ടു വേനല്‍ കഴിഞ്ഞ ശേഷമുള്ള മൂന്നു മാസം ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി ക്ഷയിക്കും. രോഗങ്ങള്‍ ശരീരത്തെ ആക്രമിക്കുകയും ശക്തി കുറഞ്ഞ ശരീരം അതിനടിപ്പെടുകയും ചെയ്യുന്നതു സ്വാഭാവികം. മഴക്കാലം തുടങ്ങുമ്പോള്‍ രോഗാണുക്കള്‍ പെരുകിത്തുടങ്ങുകയും ചെയ്യും. ഈയൊരു അവസ്ഥയിലാണു സുഖ ചികിത്സ പ്രസക്തമാകുന്നത്. കര്‍ക്കിടകത്തില്‍ മരുന്നു സേവിച്ചാല്‍ കല്‍പ്പാന്തം സസുഖം എന്നാണ് ആയുര്‍ വേദത്തിന്റെ ശാന്തിമന്ത്രം. ആയുര്‍വേദത്തിന്റെ മഹിമയും ആചാര സൂക്തങ്ങളുടെ കുളിര്‍മയും ഔഷധ സേവയിലൂടെയും ചികിത്സയിലൂടെയും അനുഭവവേദ്യമാവുന്നത് കര്‍ക്കടക മാസത്തിലാണ്. ഈ കാലത്തെ ആയുര്‍ വേദത്തില്‍ വിസര്‍ഗ്ഗ കാലമായാണു കണക്കാക്കുന്നത്. സൂര്യന്‍ തന്റെ ശക്തി പ്രപഞ്ചത്തിലെ ജീവജാലങ്ങള്‍ക്കു വിട്ടുകൊടുക്കുന്ന കാലമാണിതെന്നാണു വിശ്വാസം. അതുകൊണ്ട് ഇക്കാലത്തു വേണം ആരോഗ്യപാലനത്തിനുള്ള സുഖചികിത്സ നടത്താന്‍.
നമ്മുടെ എല്ലാവരുടെയും മനസ്സിലെ അജ്ഞാനമാകുന്ന ഇരുട്ടു മാഞ്ഞ് ജ്ഞാനമാകുന്ന പ്രകാശം തെളിയിക്കാന്‍ രാമായണവായനകൊണ്ടു കഴിയുന്നു. ധര്‍മത്തിന്റെ മൂര്‍ത്തിമത്ഭാവമായ ശ്രീരാമചന്ദ്രന്റെ കഥ പാടിപ്പുകഴ്ത്തുന്ന രാമായണമാസത്തില്‍ ഭക്തി ലഹരിയായി പെയ്തിറങ്ങും. ആ ഒരു മാസക്കാലം നാടും നാലമ്പലങ്ങളും കുടുംബവും കുടുംബക്ഷേത്രങ്ങളും ഗ്രാമവും ഗ്രാമവീഥികളും രാമനാമത്താല്‍ മുഖരിതമാകും. രാമനാമശീലുകളാല്‍ ഇവിടുത്തെ പ്രഭാത-സായം സന്ധ്യകള്‍ കോരിത്തരിക്കും. രാമനും രാമായണവും ഭാരതീയര്‍ക്ക് ആദര്‍ശവും ആശ്രയവുമാണ്.
ത്രേതായുഗാവതാരവരിഷ്ഠനായ ശ്രീരാമന്റെ ധീരോദാത്തമായ ധാര്‍മികവാഞ്ചയിലൂടെ രാമായണം ധര്‍മശാസ്ത്രമായി മാറുകയായിരുന്നു. ആദികാവ്യത്തിലെ രാമനെ ധര്‍മപുരുഷനാക്കി ജനതയെ ധാര്‍മികതയിലേക്കുയര്‍ത്തുക എന്ന ലക്ഷ്യം ഭക്തിയുടെ പരിവേഷത്തിലായാലും തുഞ്ചന്റെ കിളിക്കൊഞ്ചലിലൂടെയും സാധ്യമായി. സ്വധര്‍മ നിര്‍വഹണത്തിനു വ്യക്തിജീവിതം വിലങ്ങുതടിയായപ്പോള്‍ സ്വസുഖം വെടിഞ്ഞു സ്വധര്‍മത്തെ നിലനിര്‍ത്തുകയാണു രാമന്‍ ചെയ്തത്. ധര്‍മവും ഭോഗവും തമ്മില്‍ ആന്തരിക സംഘര്‍ഷം നടപ്പോള്‍ ധര്‍മം വരിച്ച് ഭോഗം വെടിഞ്ഞു. അനുകരണണീയവും ആദരണീയവുമായ ധര്‍മത്തിന്റെ രക്ഷകനായിട്ടാണ് രാമന്‍ പ്രത്യക്ഷപ്പെടുന്നത്.
ആദികവി വാത്മീകിയുടെ രാമനും രാമകഥയും ഭാരതത്തിനാകമാനം ഉത്കൃഷ്ടമാണ്. ഇതില്‍ നിന്ന് വിവിധ ഭാഷകളില്‍ ഒട്ടനവധി വിവര്‍ത്തനങ്ങളുണ്ടായി. ഇതില്‍ തുഞ്ചത്താചാര്യന്റെ അധ്യാത്മരാമായണമായിരുന്നു മലയാളികള്‍ നേഞ്ചേറ്റിയത്. ജനമകുടമണിമാലികയായ ശുകതരുണിയെക്കൊണ്ട് സാധാരണക്കാരായ ജനകോടികളെ ഭക്തിയില്‍ ആറാടിക്കുകയായിരുന്നു ആധ്യാത്മികാചാര്യനും കവിയും സംഗമിച്ച എഴുത്തച്ഛന്‍. കോടികോടികണ്ഠങ്ങളില്‍ നിന്നും യുഗയുഗാന്തരങ്ങളായി മുഴങ്ങിക്കൊിരിക്കുന്ന രാമനാമത്തിന് അതാതുകാലത്തു പുത്തന്‍ ഉണര്‍വുണ്ടായി.
രാമായണം കാവ്യം ഇന്നത്തെ ജീവിതത്തിന് ഏറെ മാതൃകയാണ്. മനുഷ്യന്‍ എങ്ങനെ ജീവിക്കണമെ ന്ന് ഈ കാവ്യം വരച്ചുകാട്ടുന്നു. രാമനാകണോ രാവണനാകണോ സീതയാകണോ മന്ഥരയാകണോ എന്നു തീരുമാനിക്കാന്‍ ഈ പുണ്യഗ്രന്ഥം നമ്മോടു പറയുന്നു. ധര്‍മ്മം പുലര്‍ത്താനായി രാജ്യഭരണം ഉപേക്ഷിച്ച ശ്രീരാമന്‍ ഏറെ സംതൃപ്തിയിലാണു വനവാസത്തിനു പുറപ്പെട്ടത്. മാത്രമല്ല കുടുംബബന്ധങ്ങളുടെ ശ്രേഷ്ഠതയും മഹത്വവും മനസ്സിലാക്കാന്‍ രാമായണം മാതൃകയാക്കണം.
രാമായണത്തിലെ സാഹോദര്യം എടുത്തുപറയേതാണ്. പാതിവ്രത്യ പ്രതാപക്കൊടിയുടെ ചരടാണു സീത. മാത്രമല്ല ചുണ്ടില്‍ രാമനാമവും ഹൃദയത്തില്‍ രാമരൂപവുമായി രാമായണത്തില്‍ നിറഞ്ഞു നില്‍ക്കുന്നു ഹനുമാന്‍.ദാസനായിരുന്നിട്ടും ഭക്തഹൃദയങ്ങളില്‍ ദൈവമാണ് ഹനുമാന്‍. കാലം ചെല്ലുംന്തോറും രാമായണത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുകയാണ്. അധ്യാത്മരാമായണത്തില്‍ ബാലകാണ്ഡം, അയോധ്യകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം എന്നിവയിലൂടെ രാമായണത്തെ ഭക്തരിലേക്കെത്തിക്കുന്നു. മനോഹരമായ ഭാഷാവൃത്തങ്ങളായ കേക, കാകളി, കളകാഞ്ചി, മുതലായ ഭാഷാവൃത്തങ്ങളാണ് എഴുത്തച്ഛന്‍ ഇതിനായി തെരഞ്ഞെടുത്തത്. ആ ശീലുകള്‍ ഒരുമാസക്കാലം മലയാളിമനസ്സുകളെ ഭക്തിസാഗരത്തില്‍ ആറാടിക്കും. രാമായണമാസം കേവലം പാരായണത്തിലുപരി മന്യഷ്യജീവിതത്തിനു വഴികാട്ടാനുള്ള മാര്‍ഗദര്‍ശി കൂടിയാണ്.
രാമായണം പാരായണം ചെയ്യുതിനും ചില ചിട്ടകള്‍ നിലനില്‍ക്കുന്നുണ്ട്. കുളിച്ചു ശുദ്ധിവരുത്തി ശുഭ്ര വസ്ത്രം ധരിച്ചു ഭസ്മമോ ചന്ദനമോ തൊടണം. നിലവിളക്കു കൊളുത്തി വയ്ക്കുക. രണ്ടോ അഞ്ചോ തിരികള്‍ ഇടാം. കിഴക്കോട്ടോ, വടക്കോട്ടോ ഇരുന്നു വായിക്കണം. ആവണിപ്പലകയിലിരുന്നായിരുന്നു പഴമക്കാര്‍വായിച്ചിരുന്നത്. തടുക്കു പായോ കട്ടിയുള്ള തുണിയോ ഉപയോഗിക്കാം. വെറും നിലത്തിരുന്ന് വായിക്കരുത്. വെറും നിലത്ത് രാമായണം, ഭാഗവതം തുടങ്ങിയ ഗ്രന്ഥങ്ങള്‍ വയ്ക്കരുതെന്നാണ് വിശ്വാസം. യാതൊരു കേടുപാടുമില്ലാത്ത മഹത്ഗ്രന്ഥമാണ് പാരായണത്തിന് ഉപയോഗിക്കേണ്ടത്. മഹത്ഗ്രന്ഥം പരിശുദ്ധമായ പീഠത്തിലോ പട്ടിലോ വച്ച് ഞായര്‍, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വേണം ആദ്യമായി ഗ്രന്ഥം എടുത്ത് വായിക്കാന്‍. രാവിലെ കുളി കഴിഞ്ഞ് ശുദ്ധിയുള്ള വസ്ത്രം ധരിച്ച് പട്ടാഭിഷേക പടത്തിനു മുന്നില്‍ പാരായണം ചെയ്യുക. ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ വലതുകാല്‍ ആദ്യം പടിയില്‍ ചവിട്ടി കയറണം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് വന്ന് കൈകാല്‍ കഴുകാന്‍ പാടില്ല. ശുദ്ധിയുള്ള വസ്ത്രം ധരിച്ച് വടക്ക് അഭിമുഖമായി ഇരുന്ന് വായിക്കുക. കിഴക്കു സൂര്യനുള്ളപ്പോള്‍ പടിഞ്ഞാറ് ചന്ദ്രനുണ്ടായിരിക്കും. തെക്കോട്ടിരുന്ന് ഒരു കര്‍മ്മവും ചെയ്യാന്‍ പാടില്ല. ആയതിനാല്‍ വടക്കോട്ടാണ് ഇരിക്കേണ്ടത്. അക്ഷരശുദ്ധിയോടെ വേണം രാമായണ പാരായണം ചെയ്യാന്‍. രാമായണം പാരായണം ചെയ്യുമ്പോള്‍ ഏകാഗ്രതയും ശ്രദ്ധയും വേണം, മറ്റു കാര്യങ്ങളൊന്നും ആലോചിക്കാന്‍ പാടില്ല.
ബാലകാണ്ഡത്തിലെ ശ്രീരാമ രാമ രാമ എന്ന ഭാഗത്തില്‍ നിന്നായിരിക്കണം രാമായണപാരായണം ആരംഭിക്കേത്. ഏതൊരു ഭാഗം വായിക്കുതിനുമുന്‍പും ബാലകാണ്ഡത്തിലെ ഈ ഭാഗം പാരായണം ചെയ്തതിനുശേഷം വേണം വായിക്കാന്‍. ശ്രേഷ്ഠകാര്യങ്ങള്‍ വര്‍ണ്ണിക്കുന്നിടത്തു നിന്ന് ആരംഭിച്ച് നല്ല കാര്യങ്ങള്‍ വിവരിക്കുന്നിടത്ത് അവസാനിപ്പിക്കണം. അശുഭ സംഭവങ്ങള്‍ വരുന്ന ഭാഗം പാരായണം ചെയ്തു നിര്‍ത്തരുത്, ആ ഭാഗം തുടങ്ങുകയും ചെയ്യരുത്. ഒരു സന്ദര്‍ഭത്തിന്റെ മധ്യത്തില്‍ വച്ച് നിര്‍ത്തരുത്. ശ്രീരാമപട്ടാഭിഷേകം വരെയാണു വായിച്ചു സമര്‍പ്പിക്കേണ്ടത്. യുദ്ധം, കലഹം, മരണം തുടങ്ങിയവ വര്‍ണ്ണിക്കുന്നിടത്തു നിന്ന് ആരംഭിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യരുത്. മംഗളകരമായ സംഭവം അവസാനിപ്പിക്കുന്ന ഭാഗത്ത് വായന നിര്‍ത്തുതാണ് ഉത്തമം. നിത്യപാരായണം ചെയ്യുമ്പോള്‍ യുദ്ധകാണ്ഡത്തിന്റെ അവസാനഭാഗത്തു നല്‍കിയിരിക്കുന്ന രാമായണ മാഹാത്മ്യം കൂടി പാരായണം ചെയ്തു വേണം അവസാനിപ്പിക്കാന്‍.
ഇരുപത്തിനാലായിരം ശ്ലോകം കൊണ്ട് രാമായണ കഥ കാവ്യരൂപത്തില്‍ വാല്മീകി എഴുതിത്തീര്‍ത്തു. അഞ്ഞൂറ് അദ്ധ്യായങ്ങള്‍ ഇതിലുണ്ട്. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എിങ്ങനെ ഏഴു കാണ്ഡങ്ങളിലാണ് രാമകഥ രചിച്ചിരിക്കുത്. ഇതില്‍ ബാലകാണ്ഡവും ഉത്തരകാണ്ഡവും വാല്മീകി എഴുതിയതല്ല എന്നും അത് പിന്നീട് ചേര്‍ക്കപ്പെട്ടതാണെന്നും വാദമുണ്ട്.
കര്‍ക്കടകത്തിലെ ദുസ്ഥിതികള്‍ നീക്കി മനസ്സിനു ശക്തി പകരാനുള്ള വഴിയാണ് രാമായണ മാസാചരണം. ആദ്യന്തം ദുഃഖം നിറഞ്ഞതാണ് രാമകഥ. അവതാര പുരുഷനുപോലും വേദനകളിലൂടെ കടന്നു പോകേണ്ടിവന്നു. അതിനു മുന്നില്‍ സാധാരണ മനുഷ്യരുടെ ആകുലതകള്‍ക്ക് എന്തു പ്രസക്തിയാണുള്ളതെന്ന ചിന്തയാണ് രാമായണ പാരായണത്തിലൂടെ കഴിയുന്നു.
Content Highlights: Sree Raman, Valmiki,