അതുല്യനായ ആഞ്ജനേയന്‍ | എന്റെ ഇഷ്ടകഥാപാത്രം

#ഡോ.എം.വി നടേശന്‍
ഹനുമാന്‍ വര: ഗോപീകൃഷ്ണന്‍
ഹനുമാന്‍ വര: ഗോപീകൃഷ്ണന്‍

അഞ്ജനയുടെയും വായുഭഗവാന്റെയും പുത്രനാണ് മാരുതി. ഹനുമാന്‍ ഭക്തിയോട് കണ്‍പാര്‍ത്തു നില്‍ക്കുന്നത് കണ്ടപ്പോള്‍ ശ്രീരാമചന്ദ്രനാണ് 'നമ്മുടെ തത്ത്വം ഇവനോട് അറിയിക്കണം' എന്ന് സീതാദേവിയോട് നിര്‍ദേശിച്ചത്.

ഭക്തി, ജ്ഞാനം, കര്‍മം എന്നിങ്ങനെയുള്ള യോഗവിജ്ഞാനം വാനരരൂപമെടുത്താല്‍ അതിന്റെ പേരാണ് ഹനുമാന്‍. നിസ്വാര്‍ഥമായ ദൗത്യനിര്‍വഹണത്തിന്റെ ഉദാത്ത മാതൃകയായ ഹനുമാന്‍ ചിരഞ്ജീവിമാരുടെ പട്ടികയിലും പ്രമുഖനാണ്. ഒരിക്കല്‍ ശ്രീരാമന്‍ ഹനുമാനോട് ആരാണ് നീ എന്ന് ചോദിച്ചു?

ദേഹബുദ്ധിയില്‍ അങ്ങയുടെ ദാസനും ജീവബുദ്ധിയില്‍ അങ്ങയുടെ അംശവും ആത്മബുദ്ധിയില്‍ അങ്ങ് തന്നെയുമാണ് ഞാന്‍- ഈ മറുപടിമാത്രംമതി ഹനുമാന്‍ ആരെന്നറിയാന്‍.

ചെറുതാകാനും വലുതാകാനും പൊങ്ങിപ്പറക്കാനും ഒക്കെയുള്ള അദ്ദേഹത്തിന്റെ അസാധാരണമായ കഴിവിനെ തുഞ്ചനും തുളസിയും കമ്പരും കൃത്തിവാസും എത്രമനോഹരമായാണ് വര്‍ണിച്ചത്.

വേഗത്തിന്റെ പര്യായമായ മാരുതി സൂര്യദേവനില്‍നിന്ന് ഒന്‍പതു വ്യാകരണസമ്പ്രദായങ്ങളാണത്രേ പഠിച്ചത്. ഛന്ദശാസ്ത്രത്തിലും മറ്റു വിജ്ഞാനങ്ങളിലുമുള്ള അദ്ദേഹത്തിന്റെ നൈപുണ്യം പറയാതെ വയ്യ. ശിക്ഷാശാസ്ത്രം പഠിച്ചതിന്റെ ഗുണം ഉച്ചരിക്കുന്ന ഓരോവാക്കിലും കാണാം. അങ്ങേയറ്റം ഹൃദ്യമാണവ. അശോകവനികയില്‍ ശോകത്തോടെ തേങ്ങിയിരുന്ന സീതാഹൃദയത്തില്‍ രാമകഥാ ഗാനലയം തീര്‍ത്ത് ആനന്ദം നിറച്ച സംഗീതജ്ഞന്‍. ഇങ്ങനെ മാരുതിയുടെ മഹിമ ഏറെയുണ്ട് പറയാന്‍.

Content Highlights: Hanuman Ramayanam