വിഷമസന്ധികളിലേക്കുള്ള മന്ത്രണങ്ങൾ

പ്രതീകാത്മക ചിത്രം എഐ നിർമ്മിതം
പ്രതീകാത്മക ചിത്രം എഐ നിർമ്മിതം

നമുക്കെല്ലാവർക്കും അറിയാവുന്നതാണ്, ഒരു വല്ലാത്ത തരം ദുർഘടാവസ്ഥയെപ്പറ്റി; നാം തന്നെ തെരഞ്ഞെടുത്തവയിൽ നാം തന്നെ അകപ്പെട്ട അവസ്ഥ. പൊരുതി നേടിയ ജോലി. നിങ്ങൾ തന്നെ നയിക്കണമെന്ന് ആശിച്ച് ഒപ്പിച്ചെടുത്ത കമ്മിറ്റി. നിങ്ങൾ തന്നെ വാശി പിടിച്ചു, മുൻകൈയെടുത്ത് സംഘടിപ്പിച്ച ഏതെങ്കിലും ഒരു പരിപാടി. എന്നാൽ ഇപ്പോഴാകട്ടെ, നിങ്ങൾ നിങ്ങളുടെ വിധിയെ ശപിച്ചുകൊണ്ടിരിക്കുകയാണ്-മറ്റാരോ നിങ്ങളെ അതിലേക്ക് തള്ളിയിട്ടതാണ് എന്നതുപോലെ.

മനസ്സിന്റെ ഏറ്റവും കുസൃതി നിറഞ്ഞ ഒരു കുതന്ത്രമാണിത്: ആദ്യം നാം എന്തെങ്കിലും തെരഞ്ഞെടുക്കും, അതിനുശേഷം അത് ഒരു പൊല്ലാപ്പായി മാറുമ്പോൾ, നാം അതിന്റെ ഇരയായി എന്ന വിധത്തിൽ പെരുമാറാൻ തുടങ്ങും.

അപ്പോൾ, ഒരൊറ്റ നിമിഷത്തേക്ക് നിശ്ചലനാവുക, ഓർക്കുക, 'I chose this'.

അത് ഞാൻ തെരഞ്ഞെടുത്തതാകുമ്പോൾ.. അപ്പോഴത്തെ സാഹചര്യങ്ങൾ തീർത്തും വ്യത്യസ്തമായിരുന്നു. സംഗതികൾ മാറി മറിഞ്ഞു. അന്ന് അത് തെരഞ്ഞെടുക്കുമ്പോൾ, അവസാനം ആ തെരഞ്ഞെടുപ്പ് എന്തെല്ലാമാണ് എന്നിൽ നിന്നും ആവശ്യപ്പെടുക എന്ന് എനിക്കൊരു ധാരണയുമില്ലായിരുന്നു. ശരി. സമ്മതിച്ചു. ഇപ്പോൾ പക്ഷേ ആ തെരെഞ്ഞടുപ്പിന്റെ ഉത്തരവാദിത്തം എനിക്ക് ഏറ്റെടുത്തേ പറ്റൂ. മറ്റാരെയെങ്കിലും കുറ്റപ്പെടുത്തിക്കൊണ്ട് ഊർജ്ജത്തെ എന്തിന് ദുർവ്യയം ചെയ്യണം? ലളിതമായ ഈ വാക്യത്തിന് ശക്തമായ ഒരു മന്ത്രത്തെപ്പോലെ പ്രവർത്തിക്കാനാവും: ‘I chose this'.

ഇക്കാലത്ത്, ഇത്തരം വാക്യങ്ങളെ ആളുകൾ വിളിക്കുന്നത് 'ശാന്തി സൂത്രങ്ങൾ' - Coping Mantras - എന്നാണ്; ബോധപൂർവ്വം മെനഞ്ഞെടുക്കപ്പെട്ട, ഓർമ്മപ്പെടുത്താനുള്ള കുഞ്ഞു വാക്യങ്ങൾ. മനസ്സ് എപ്പോഴൊക്കെ കാടുകയറിപ്പോകുന്നുവോ, അല്ലെങ്കിൽ ഏറ്റവും ഭീകരമായ ഭാവനകളിൽ മുഴുകുന്നുവോ അപ്പോഴൊക്കെയും ഈ വാക്യങ്ങളെ നമുക്ക് ഉള്ളിൽ ആവർത്തിച്ച് ഉച്ചരിക്കാവുന്നതാണ്. നിങ്ങൾ വല്ലാത്ത സമ്മർദ്ദത്തിലായിരിക്കുമ്പോൾ യുക്തിയൊന്നും തീരെ സഹായകമായേക്കില്ല. ശരീരം ഒരിക്കൽ Fight - or - Flight മോഡിലേക്ക് പൊയ്ക്കഴിഞ്ഞാൽ, ഒരിടത്തിരുന്ന് നിങ്ങൾക്ക് നിങ്ങളുടെ നാഡീവ്യവസ്ഥയോടു സംസാരിക്കാനാവില്ല!

അതിനാൽ സ്വയം പറയുക: 'ഇത് ഞാൻ തെരെഞ്ഞെടുത്തതാണ്. ഞാൻ വീണ്ടും വീണ്ടും തിരഞ്ഞെടുത്തതാണ്. വേണമെങ്കിൽ അത്ര സങ്കീർണ്ണമല്ലാത്ത നേരങ്ങളിൽ എനിക്കതിനെ വിട്ടുകളയാമായിരുന്നു. പക്ഷേ, ഇഷ്ടത്തിന്റെ ഭാഗമായി ഞാൻ വീണ്ടും അതിനെ പിടിച്ചുവച്ചു. ഇനിയിപ്പോൾ വിലപിച്ചിട്ടു കാര്യമില്ല. അതിനെ നേരിടുക, അതിനെ നേരെചൊവ്വേ നോക്കിക്കാണുക, അടുത്ത പടി എന്തെന്നുവെച്ചാൽ മുന്നോട്ടു പോവുക.'

ഉത്തരവാദിത്തം ഏറ്റെടുക്കുന്നതോടെ അതിശയകരമാം വിധം നമ്മെ സ്വതന്ത്രരാക്കുന്ന എന്തോ ഒന്നുണ്ട്. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് നിറുത്തുന്ന നിമിഷം, നിങ്ങൾക്ക് നിങ്ങളുടെ ഊർജം തിരിച്ചു കിട്ടുന്നു. പൊടുന്നനെ ഇര അപ്രത്യക്ഷമാവുകയും നിങ്ങളിലെ യഥാർഥ സിംഹം/രാജാവ് തിരിച്ചുവരികയും ചെയ്യുന്നു.

ഏറെ സുപരിചിതമായ മറ്റൊരു വാക്യമാണ്, 'Everything will be alright.'

വളരെ ലളിതമാണെന്നു തോന്നാം, ഒരുപക്ഷേ ബാലിശമാണെന്നുവരെ തോന്നാം. എന്നാൽ, ചില നിമിഷങ്ങളിൽ കൃത്യമായി അതാണ് നമ്മുക്ക് ആവശ്യമായിട്ടുള്ളത്. സകലതും കൈവിട്ടുപോകുന്നെന്ന് തോന്നുന്ന നേരത്ത്, നിങ്ങൾക്ക് നിങ്ങളോടുതന്നെ യാതൊരു തത്വചിന്താപ്രഭാഷണവും നടത്താൻ സാധിക്കില്ല. എന്തെങ്കിലുമൊരു കൊച്ചു വാക്യമാണ് നിങ്ങൾക്കാവശ്യമായുള്ളത്, പിടിച്ചുനില്ക്കാനായിമാത്രം. 'Everything will be alright.'

ഓർക്കുക, ഇതൊരു പ്രവചനമൊന്നുമല്ല. നാളെ എന്തെല്ലാമാണ് സംഭവിക്കാൻ പോകുന്നതെന്ന് ആർക്കുമറിയില്ല. കടുത്ത ഇരുട്ടിൽ നിങ്ങൾ തെളിച്ചുവെക്കുന്ന ഒരു കൊച്ചു ദീപമാണ് ആ വാക്യം, നിങ്ങളുടെ മനസ്സ് അപ്പോൾ വഴി തെറ്റി എങ്ങോട്ടെന്നില്ലാതെ നഷ്ടമായേക്കില്ല.

നിങ്ങൾ ഈ വാക്യത്തെ മുഴുവനായും അവിശ്വസിക്കുന്നെങ്കിൽ തന്നെയും ആവർത്തിച്ച് ഉരുവിടുക-ഭാവിയെപ്പറ്റി യാതൊരു ഉറപ്പും കൊണ്ടുവരാനല്ല, മറിച്ച് ഈ നിമിഷത്തെപ്രതിയുള്ള നിങ്ങളുടെ വിശ്വാസത്തെ, ശ്രദ്ധയെ (trust)  വീണ്ടെടുക്കാൻ മാത്രം. ഇത്തരം മന്ത്രങ്ങളൊന്നും തന്നെ നിങ്ങളുടെ പ്രശ്നങ്ങൾക്ക് മാജിക്കിലെന്നോണം പരിഹാരമുണ്ടാക്കുന്നില്ല. എന്നാൽ, അതേക്കാൾ പ്രധാനപ്പെട്ട ചിലത് ഈ മന്ത്രങ്ങൾ നിർവഹിക്കുന്നുണ്ട്: അത് നിങ്ങളെ നിങ്ങളുടെത്തന്നെ പ്രശ്‌നമായി മാറുന്നതിൽ നിന്നും തടയുന്നു എന്നതാണ്.

നിങ്ങളുടെ ഊർജം ചിന്നിച്ചിതറി കിടക്കുകയായിരിക്കാം, നിങ്ങളുടെ മനസ്സ് അലറിവിളിക്കുകയായിരിക്കാം, നിങ്ങളുടെ മുന്നിലുള്ള സാഹചര്യം സകല സാധ്യതകളേയും അടച്ചുകളഞ്ഞിരിക്കാം. എന്നാൽ ഒരു കൊച്ചു വാക്യം നിങ്ങൾക്കകത്ത് ഒരു ചെറിയ ഇടത്തെ ഉണ്ടാക്കിയെടുത്തേക്കാം.

ചിലപ്പോഴെല്ലാം, ഇത്തിരിപ്പോന്ന ആ ഇടം പര്യാപ്തമാണ്,

ഒന്ന് ശ്വാസമെടുക്കാൻ,

ഒരു നേർക്കാഴ്ച്ചയ്ക്ക്,

അടുത്ത ഒരു കാൽവയ്‌പിന്‌.

ഒരുപക്ഷേ, അതാണ് ഒരു മന്ത്രമെന്നാൽ -

അത് ലോകത്തെ മാറ്റിമറിക്കാനുള്ള ഒരു മാജിക് ഫോർമുലയൊന്നുമല്ല;

മറിച്ച്, നിങ്ങളുടെ മുന്നിലുള്ള വെല്ലുവിളിയെ

നിങ്ങൾ നോക്കിക്കാണുന്ന രീതിയിൽ അത് കാര്യമായ മാറ്റമുണ്ടാക്കിയിരിക്കും.

Content Highlights: Accepting responsibility for your choices stops victim mentality and restores personal energy., Coping mantras like 'I chose this' help calm the nervous system during high stress., Simple phrases such as 'Everything will be alright' act as anchors in moments of uncertainty., Mantras do not magically solve problems, but they change how you respond to them.