ഇവിടേക്ക് ഇനിയും വരണം; തളിരിലകൾ ഇളംചുവപ്പിൽ, ആദ്യമഴയിൽ കുളിച്ചുനിൽക്കുന്ന തോരാകാലത്തിന് മുമ്പ്‌

കാടിന്റെ വന്യതകളിലേക്ക്
കാടിന്റെ വന്യതകളിലേക്ക്

കയറിയിറങ്ങിപ്പോയ മറ്റനേകം ചുരങ്ങള്‍ പോലയല്ല കുറ്റ്യാടിച്ചുരം. മോഹിപ്പിക്കാനും പേടിപ്പിക്കാനുമുള്ള കഴിവ് ഈ ചുരത്തിന് നന്നേ കുറവെന്ന് എത്രയോ വട്ടം തോന്നിയിട്ടുണ്ട്. പാതിയും കയറിയൊരു വളവ് പിന്നിട്ടാല്‍ വലതുഭാഗത്ത് ഭംഗിയോടെ ഒരു മണിമരുതുണ്ട്. വസന്തത്തില്‍ നിറയെ വയലറ്റ് പൂക്കളോടെ ഈ മരം ചിരിച്ച് നില്‍ക്കുന്നതെത്ര തവണ കണ്ടിട്ടുണ്ട്. ഒരേയൊരു തവണ ആ മരത്തിന്റെ താഴ്ന്ന ചില്ലയെ ചാടിപ്പിടിച്ച് പൂവിറുത്തെടുത്തിട്ടുണ്ട്. അടുത്ത പൂക്കാലവും കാത്തുനില്‍ക്കുന്ന ആ മരവും കടന്ന് യാത്ര തുടരുന്നു. ഇരുട്ടായിത്തുടങ്ങുന്നുണ്ട്, നരച്ച ഇരുട്ടിലും കാണാം തിങ്ങിനിറഞ്ഞ് വളര്‍ന്ന് പടര്‍ന്ന് നില്‍ക്കുന്ന കാട്. ചുരം നിരവില്‍പ്പുഴയിലേയ്ക്ക് ഇറങ്ങിത്തുടങ്ങുന്ന വഴിയിലാകെ കോടയുണ്ട്. ഇടയ്ക്ക് മഴ ചാറുന്നുണ്ട്. വഴിയില്‍ ബൈക്കും കാറും ലോറിയുമൊക്കെ പോകുന്നെങ്കിലും മനുഷ്യര്‍ തീരെ കുറവാണ്. തിരുവോണം തീര്‍ന്നുപോയതിന്റെ ആലസ്യത്തിലോ നിരാശയിലോ ആളുകള്‍ വീടുകളില്‍ വെറുതെയിരിക്കുകയാകും.

ഈ വഴിവക്കത്തെ വീടുകളിലെ മനുഷ്യര്‍ അതിഭയങ്കരമായ സൗന്ദര്യബോധമുള്ളവരാണെന്ന് തോന്നുന്നു. വീട്ടുമുറ്റങ്ങളെ എത്ര ഭംഗിയോടെയാണ് അവര്‍ അലങ്കരിച്ചിരിക്കുന്നത്. കോഴിക്കോട്ടെ പലയിടത്തും കാണാത്ത തരം കടലാസ് പൂക്കള്‍ വഴിയിലിരുവശത്തും നിറഞ്ഞ് വിരിഞ്ഞ് നില്‍ക്കുന്നത് കാണുന്നു. ചുരുളന്‍ ചെമ്പരുത്തിയും പനിനീരും കോളാമ്പിപ്പൂക്കളുമെല്ലാം കോടയില്‍, ചാറ്റല്‍ മഴയില്‍ കൈവേലികള്‍ക്കുമിപ്പുറം നമ്മെ നോക്കിച്ചിരിക്കും.

Content Highlights: wayanad forest trekking travel destinations

Continue reading