കാറ്റും ഈച്ചയും കൃത്യമായി എത്തും, നമുക്ക് വേണ്ടത് പ്രകൃതി തരും; ശബ്ദം കൊണ്ട് ത്രില്ലടിപ്പിച്ച ഷമീർ

400 ഏക്കറോളം പരന്നുകിടക്കുന്ന കാടും അതിന്റെ നടുവിലുള്ള കുറെ മനുഷ്യരും. ഇവരുടെ പകയും പ്രണയവും ഒക്കെ ശക്തമായ രാഷ്ട്രീയത്തിലൂന്നി പറഞ്ഞ ചിത്രമാണ് രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത 'ഒ ബേബി'. ദിലീഷ് പോത്തൻ ഉൾപ്പെടുന്ന താരങ്ങളുടെ പ്രകടനം ശ്രദ്ധ നേടുകയും ചിത്രത്തിലെ ശബ്ദവിന്യാസം ഏറെ കെെയടി നേടുകയും ചെയ്തു. സിങ്ക് സൗണ്ട് ചെയ്ത 'ഒ ബേബി' കണ്ടിറങ്ങിയ പ്രേക്ഷകന് കാടിലൂടെ സഞ്ചരിച്ചതുപോലെത്തെ അനുഭവമായിരുന്നു ലഭിച്ചത്.
കാടിന്റെ ഭംഗി ഒപ്പിയെടുത്ത് ഛായാഗ്രഹണത്തിനൊപ്പം അസാധ്യമായ സൗണ്ട് ഡിസെെൻ കൂടിയായതോടെ 'ഒ ബേബി' പുതുമയുള്ള ഒരു അനുഭൂതി കൂടിയായി മാറുകയായിരുന്നു. ഇടുക്കിക്കാരനായ ഷമീർ അഹമ്മദാണ് ചിത്രത്തിന്റെ സൗണ്ട് ഡിസെെനർ. 'കാർബൺ' ഉൾപ്പടെയുള്ള നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഷമീറിന്റെ സൗണ്ട് ഡിസെെനർ എന്ന നിലയിലെ ആദ്യത്തെ സ്വതന്ത്ര സംരംഭമായിരുന്നു 'ഒ ബേബി.' മികച്ച പ്രേക്ഷക പ്രതികരണം നേടി ചിത്രം മുന്നേറുന്ന വേളയിൽ സിനിമാ വിശേഷങ്ങളും ഈ രംഗത്തെ വെല്ലുവിളികളെക്കുറിച്ചും മാതൃഭൂമി ഡോട്ട് കോമിനോട് മനസ് തുറക്കുകയാണ് ഷമീർ.
'കാർബണി'ലൂടെ തുടക്കം, 'കുമ്പളങ്ങി'യും 'ആൻഡ്രോയിഡ് കുഞ്ഞപ്പനും' പാഠങ്ങൾ
ബെംഗളൂരുവിലെ ഗവൺമെന്റ് ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു സിനിമാ പഠനം. അതിന് ശേഷം രണ്ട് വർഷത്തോളം ഡോക്യൂമെന്ററിയുമായി ബന്ധപ്പെട്ട ജോലികളുമായി ബെംഗളൂരുവിൽ തന്നെയായിരുന്നു. 2018-ലാണ് കൊച്ചിയിലേയ്ക്ക് വരുന്നത്. സിനിമ ചെയ്യുകയായിരുന്നു ലക്ഷ്യം.
സൗണ്ട് ഡിസെെനറായ ജയദേവൻ ചക്കേടത്തിനെ അസിസ്റ്റ് ചെയ്യാൻ തുടങ്ങി, അദ്ദേഹമാണ് ഗുരു. ഇന്റേൺ ആയിട്ടാണ് തുടക്കം. ഫഹദ് ഫാസിൽ നായകനായ 'കാർബണി'ലാണ് പ്രവർത്തിച്ചത്. പിന്നീട് കുറച്ചധികം ഡോക്യുമെന്ററികളിൽ വർക്ക് ചെയതു. ഔർ ഗൗരി, അമ്മി എന്നിവയാണ് വർക്ക് ചെയ്ത പ്രധാനപ്പെട്ട ഡോക്യുമെന്ററികൾ.
കുട്ടനാടൻ ബ്ലോഗ്, കുമ്പളങ്ങി നെെറ്റ്സ്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ തുടങ്ങി ജയദേവൻ ചക്കേടത്തിനൊപ്പം നിരവധി ചിത്രങ്ങളുടെ ഭാഗമായി. ജയസൂര്യയുടെ 'സണ്ണി'യിൽ സിങ്ക് സൗണ്ട് ചെയ്തിരുന്നു. രഞ്ജൻ പ്രമോദ് സാറിന്റെ 'ഒ ബേബി'യിലൂടെയാണ് സ്വതന്ത്ര സൗണ്ട് ഡിസെെനറാകുന്നത്.
കാനനഭംഗി ഒപ്പിയെടുത്ത ഒ ബേബി; പേടിക്കേണ്ടത് വന്യജീവികളെയല്ല, ചെറു പ്രാണികളെ
2021 സെപ്തംബറിലാണ് 'ഒ ബേബി'യുടെ ചിത്രീകരണം തുടങ്ങുന്നത്. സിനിമയുടെ ലൊക്കേഷൻ ഉൾപ്പെടുന്ന ഭൂപ്രദേശം കുറച്ച് ബുദ്ധിമുട്ടുള്ളതായിരുന്നു. ചാറ്റൽ മഴയും മഞ്ഞും എപ്പോഴുമുണ്ടാകും. ചീവിടിന്റെ ശബ്ദമാകും അവിടെ മുഴുവൻ. ഉപകരണങ്ങൾ ഒക്കെയായി കയറൊക്കെ പിടിച്ച് കാടും മലയും ഒക്കെ കയറണം.
ഞങ്ങൾ മൂന്ന് പേരായിരുന്നു. എന്നെക്കൂടാതെ സൗണ്ട് യൂട്ടിലിറ്റി അജീഷ്, ബൂം മാൻ കിരൺ. നാൽപ്പതോളം പേരടങ്ങുന്ന ക്രൂ ആയിരുന്നു സംഘത്തിൽ ആകെയുണ്ടായിരുന്നത്. ഉപകരണങ്ങൾ ഒക്കെ ചുമന്ന് കയറ്റാൻ ഇവരും സഹായിക്കും. എല്ലാവരും തമ്മിൽ പെട്ടെന്ന് കൂട്ടായി. തസ്തികകൾ ഒക്കെ വിട്ട് ഒരുമിച്ച് കൂട്ടായി പണിയെടുത്തു. ഡിപ്പാർട്ട്മെന്റുകൾ തമ്മിലുള്ള ഐക്യവും ഗുണം ചെയ്തു. കോവിഡ് കൂടിയ സമയത്തായിരുന്നു ഷൂട്ട്. ചെറിയ സംഘമായിരുന്നു ഞങ്ങളുടേത്. അതുകൊണ്ട് കാടിനുള്ളിൽ ഒരു ക്വാറന്റീൻ പോലെയായിരുന്നു. കൂടുതലും പുതിയ ആൾക്കാരാണ് സിനിമയിലുണ്ടായിരുന്നത്. എല്ലാരും പെട്ടെന്ന് കൂട്ടായി. ഒരു കുടുംബം പോലെയായി.
ചെറിയ അട്ടകളേയും ചെറുപ്രാണികളേയുമാണ് പ്രധാനമായും പേടിക്കേണ്ടത്. രക്ത അണലി എന്നൊക്കെയുള്ള പാമ്പുകളും ഉണ്ടാകും. മുട്ട് വരെയുള്ള ബൂട്ട് ഒക്കെ ഇട്ടാണ് കയറുന്നത്. പുകയില ഡീസലിൽ മുക്കി തേക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ചെയ്തു. എന്തൊക്കെ ചെയ്താലും പ്രാണികൾ കടിക്കും. വന്യജീവികളെക്കാളും ചെറു പ്രാണികളേയാണ് പേടിക്കേണ്ടത്.
ആദ്യത്തെ ടേക്ക് ആണ് നമ്മുടെ ഓക്കേ ടേക്ക്
രഞ്ജൻ സാർ ഡയലോഗ് മുഴുവൻ എഴുതി വെച്ചിട്ടുണ്ടാകും. അഭിനേതാക്കളോട് എന്ത് ഇമോഷനാണ് വേണ്ടതെന്ന് കൃത്യമായി ആശയവിനിമയം നടത്തും. റിഹേഴ്സലുകൾ ഉണ്ടായിരുന്നില്ല. സാർ പറയാനുദ്ദേശിക്കുന്ന കാര്യങ്ങൾ അഭിനേതാക്കൾ അവരുടേതായ ശെെലിയിൽ പറയുകയായിരുന്നു. ആദ്യത്തെ ടേക്ക് ആണ് നമ്മുടെ ഓക്കേ ടേക്ക് എന്ന് സാർ എപ്പോഴും പറയുമായിരുന്നു. അതും ചലഞ്ചിങ്ങ് ആയിരുന്നു. ആരാണ് എപ്പോഴാണ് ഡയലോഗ് പറയുക എന്ന് നിരീക്ഷിക്കണം. എന്നിട്ട് അത് റെക്കോഡ് ചെയ്യണം.
സിങ്ക് സൗണ്ടിനെക്കുറിച്ച് ആളുകൾക്ക് തെറ്റിദ്ധാരണയുണ്ട്
ലൊക്കേഷനിൽ വെച്ചുതന്നെ ക്യാമറയുമായി സിങ്ക് ചെയ്ത് അപ്പോൾ തന്നെ ഡയലോഗ് പിടിച്ചെടുക്കുന്നതാണ് സിങ്ക് സൗണ്ട് എന്ന് പറയാം. ആർട്ടിസ്റ്റിന്റെ വോയ്സ് പിടിച്ചെടുക്കുന്നത് ഉൾപ്പടെയാണിത്. അവരുടേ ശ്വാസം എടുക്കുമ്പോഴുള്ള ശബ്ദം വരെ റെക്കോഡ് ചെയ്യും. അവരുടേ ആ സിറ്റുവേഷനിലെ ഇമോഷൻ അതേപോലെ പിടിച്ചെടുക്കാൻ സിങ്ക് സൗണ്ടിലൂടെ സാധിക്കുന്നു.
ഷൂട്ട് ചെയ്യുമ്പോൾ ചുറ്റുപാടുമുള്ള ശബ്ദം ഒക്കെ പിടിച്ചെടുക്കുന്നു എന്നൊരു തെറ്റിദ്ധാരണ പൊതുവേയുണ്ട്. ഡയലോഗ് അഥവാ വോയിസ് ആക്ടിങ്ങിനാണ് പ്രാധാന്യം. നാണയം എടുക്കുന്നത്, മേശ തുറക്കുന്നത് പോലെയുള്ള ശബ്ദങ്ങളും ലൊക്കേഷനിൽ പിടിച്ചെടുക്കും. പിന്നീട് പല പ്രോസസിലൂടെ ശബ്ദശകലം കടന്നുപോകും. എഡിറ്റിൽ പുതിയ ട്രാക്കുകൾ ഉൾക്കൊള്ളിക്കും.
പിക്ചർ എഡിറ്റർ എഡിറ്റ് ചെയ്യുന്ന ദൃശ്യങ്ങൾ സൗണ്ട് ഡിസെെനിങ്ങിനായി സൗണ്ട് ഡിപ്പാർട്ട്മെന്റിന് തരും. സൗണ്ട് ഡിസെെൻ ഡിപ്പാർട്ട്മെന്റ് എട്ടോളം പേരടങ്ങുന്ന ക്രൂ ആയിരിക്കും. അവിടെ ഡയലോഗ് എഡിറ്റർ ഉണ്ടാകും. ചില സീനുകളിൽ 10 ആളുകൾ ഉണ്ടാകും ഇവരുടെ പക്കൽ മെെക്കും കാണും. ഒരാൾ സംസാരിക്കുമ്പോൾ ഡയലോഗ് ഇല്ലാത്തവർക്ക് മെെക്ക് ഓൺ ആക്കേണ്ടി വരില്ല. ആവശ്യം ഉള്ളത് ഓൺ ആക്കുകയും ഓഫ് ആക്കുകയും ചെയ്യും. സൗണ്ട് എഡിറ്റിൽ ആവശ്യമില്ലാത്ത നോയ്സ് ഒഴിവാക്കും.
ഇതിൽ ഫോളി ചേർക്കും. പോസ്റ്റ് പ്രൊഡക്ഷൻ സമയത്ത് നമുക്ക് ശബ്ദങ്ങളുണ്ടാക്കേണ്ടി വരാറുണ്ട്. ഓരോ പ്രതലത്തിലും നടക്കുമ്പോൾ ഓരോ ശബ്ദമായിരിക്കും. വസ്ത്രങ്ങൾ ഉരസുന്ന ശബ്ദവും മാറും. സാരിയുടെ ഒക്കെ മെറ്റീരിയൽ മാറുമ്പോൾ പോലും ശബ്ദം മാറും. ഇത്തരം ഡീറ്റെയ്ലിങ്ങിന് ആവശ്യമായ ശബ്ദങ്ങൾ രണ്ടാമത് റെക്കോഡ് ചെയ്ത് കൂട്ടിച്ചേർക്കും. മഴത്തുള്ളികൾ ഇലകളിൽ വീഴുന്ന ശബ്ദം, ജാക്കറ്റിൽ വീഴുന്ന ശബ്ദം, മണ്ണിൽ വീഴുന്ന ശബ്ദം, തകരയിൽ വീഴുന്ന ശബ്ദം, കോൺക്രീറ്റിൽ വീഴുന്ന ശബ്ദം, ഓടിൽ വീഴുന്ന ശബ്ദം ഇങ്ങനെയുള്ള ചെറിയ ഡീറ്റെയ്ലിങ്ങിൽ കൂടി ഒ ബേബിയിലെ തിരുവാച്ചോലയും ഒതയോത്ത് വീടും തമ്മിലുള്ള അന്തരം സൃഷ്ടിക്കാൻ സാധിച്ചു. ഈ പ്രോസസാണ് ഫോളി.
ഇത് കഴിഞ്ഞ് എസ്.എഫ്.എക്സ് ചെയ്യും. മഴ പെയ്യുന്ന ശബ്ദവും ഇടിവെട്ടുന്ന ശബ്ദം ഒക്കെ ചേർക്കും. മഴ പെയ്യുന്ന ഫീൽ, കാറ്റ് തുടങ്ങിയവ കഥ പറച്ചിലിന്റെ ഇമോഷണൽ ഗ്രാഫുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഇത്തരം എഫക്ടുകളാണ് ഈ ഘട്ടത്തിൽ ചേർക്കുന്നത്. പിന്നീട് ആമ്പിയൻസ് സൗണ്ട് ചേർക്കും. അടുത്തതായി സംഗീതം ചേർക്കും. സംഗീതത്തിന് വളരെ പ്രാധാന്യമുണ്ട്. പ്രകൃതിയുടെ ഒരു ഹാർമണി വേണമെന്ന് രഞ്ജൻ സാർ ആദ്യമേ പറഞ്ഞിരുന്നു. അതനുസരിച്ചാണ് സൗണ്ട് ഡിസെെൻ ചെയ്തത്. സംഗീതത്തിന് വളരെ പ്രാധാന്യമുണ്ട്. അതിന് മനുഷ്യരുമായി നേരിട്ട് ഇമോഷണൽ കണക്ഷൻ ഉണ്ട്. ലിജിൻ ആയിരുന്നു പശ്ചാത്തല സംഗീതം. മേൽപ്പറഞ്ഞ ഓരോ ശബ്ദവും ഒരുമിപ്പിക്കുന്നത് മിക്സിങ്ങിലാണ്. ഓരോ ശബ്ദവും എത്ര ദൂരെ ഏത് ദിശയിൽ നിന്നാണ് കേൾക്കേണ്ടത് എന്ന് തീരുമാനിക്കപ്പെടുന്നത് ഈ ഘട്ടത്തിലാണ്.
സൗണ്ട് ഡിസെെനിനായി 70 മുതൽ 80 ദിവസം വരെ വേണമെന്ന് പറഞ്ഞിരുന്നു. പക്ഷേ, പല കാരണങ്ങൾ കൊണ്ടും എട്ട് മാസത്തോളമായി. ഹോളിവുഡിനോട് കിടപിടിക്കുന്നത് ആകണമെന്ന് സാർ പറഞ്ഞിരുന്നു. അത് എങ്ങനെ കൊണ്ടുവരുമെന്നായിരുന്നു ആശങ്ക. അവർ സമയവും പെെസയും ധാരാളമായി ചെലവിടാറുണ്ട്. എന്തായാലും സമയവും ആവശ്യത്തിനുള്ള പെെസയും ലഭിച്ചതിനാൽ നല്ല രീതിയിൽ കാര്യങ്ങൾ നടന്നു.
മെെക്ക്, റിക്കോഡിങ് ടെക്നിക്ക്
ഒരു കഥാപാത്രത്തിന്റെ ശബ്ദം രണ്ട് മെെക്ക് ഉപയോഗിച്ചാണ് റെക്കോഡ് ചെയ്യുന്നത്. ദേഹത്ത് ലേപ്പൽ മെെക്കുകൾ പുറമെ കാണാത്ത രീതിയിൽ വെച്ചിട്ടുണ്ടാകും. പിന്നെ ഒരു ബൂം മെെക്കും ഉണ്ടാകും. ഷോട്ട് അനുസരിച്ച് ഇവ തമ്മിലുള്ള ബാലൻസിനും വ്യത്യാസമുണ്ടാകും. ഈ ബാലൻസ് വ്യത്യാസം മിക്സിങ്ങിലാണ് ചെയ്ത് എടുക്കുന്നത്. ദേശീയ അവാർഡ് ജേതാവ് കൂടിയായ സിനോയ് ജോസഫാണ് ഈ സിനിമയിൽ മിക്സിങ് ചെയ്തത്. അദ്ദേഹത്തിന്റെ സംഭാവന വളരെ വലുതായിരുന്നു. ഇതൊരു തിയേറ്ററിക്കൽ ഡിസെെൻ ആണ്. ഒ.ടി.ടിയിലേയ്ക്ക് ചുരുങ്ങുമ്പോൾ ആ എക്സ്പീരിയൻസ് നഷ്ടമാകും.
ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ കാര്യമുണ്ട്, പക്ഷേ, കൃത്യമായി സിങ്ക് സൗണ്ട് ചെയ്താൽ ഭംഗിയായി കിട്ടും. പരിശീലനവും നമ്മൾ എടുക്കുന്ന പ്രയത്നത്തിലുമാണ് കാര്യം. ഹോളിവുഡിൽ ഉപയോഗിക്കുന്ന മെെക്കും ഉപകരണങ്ങളൊക്കെ തന്നെയാണ് നമ്മളും ഉപയോഗിച്ചിരിക്കുന്നത്.
ഇമോഷൻ വീണ്ടും റീ ക്രിയേറ്റ് ചെയ്യണ്ട, സ്റ്റുഡിയോയിലോട്ടും വരണ്ട
എന്നോട് സംസാരിച്ചിട്ടുള്ള 95 ശതമാനം താരങ്ങളും സിങ്ക് സൗണ്ടാണ് സൗകര്യപ്രദമെന്നാണ് പറഞ്ഞിട്ടുള്ളത്. കാരണം പിന്നീട് അവർക്ക് ഡബ്ബിങ്ങിനായി സ്റ്റുഡിയോയിലോട്ട് വരേണ്ട ആവശ്യമില്ല. ചിലപ്പോൾ ഷൂട്ട് കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞാകും ഡബ്ബിങ്ങ്. ഒരു സീനിന്റെ ഇമോഷനും കൂടെയുള്ള അഭിനേതാക്കളുടെ മുഖത്തെ ഭാവവും ഒക്കെ നോക്കിയാണ് ഒരു താരം റിയാക്ട് ചെയ്യുന്നത്. പിന്നീട് ഇമോഷൻ റീ ക്രിയേറ്റ് ചെയ്യേണ്ടി വരുകയാണെങ്കിൽ കുറച്ച് ബുദ്ധിമുട്ടുണ്ടാകും.
പിന്നെ ഓട്ടോമേറ്റഡ് ഡയലോഗ് റീപ്ലേസ്മെന്റ് എന്നൊരു പ്രോസസുണ്ട്. സിങ്ക് സൗണ്ട് ചെയ്യുമ്പോൾ പിന്നീട് ഡയലോഗിന് എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ ഈ പ്രോസസ് ഉപയോഗിക്കാം.
'ഒ ബേബി'യിൽ പുറമേനിന്നുള്ള ഒച്ചപ്പാടും ബഹളവും ഒന്നും ഉണ്ടായിട്ടില്ല, നാന്നൂറ് ഏക്കർ ഏലത്തോട്ടത്തിന് നടുവിലായിരുന്നു ഷൂട്ട് എന്നത് തന്നെയാണ് പ്രധാന കാരണം. പിന്നെ തിരക്കുള്ള സ്ഥലത്താണ് ഷൂട്ട് എങ്കിൽ സെക്യൂരിറ്റിമാർ സ്ഥലം ലോക്ക് ചെയ്യും. കൂടാതെ ആളുകൾ നല്ല രീതിയിൽ സഹകരിക്കാറുമുണ്ട്. പണികളൊക്കെ കുറച്ച് നേരത്തേക്ക് നിർത്തി തരുന്നവരുണ്ട്.
റസൂൽ പൂക്കുട്ടിക്ക് കിട്ടിയ പുരസ്കാരം, കാഴ്ചപ്പാട് തിരുത്തിയ പഠനകാലം
പണ്ട് മുതലേ സംഗീതത്തോട് താത്പര്യമുണ്ടായിരുന്നു. പ്ലസ് ടു കഴിഞ്ഞപ്പോഴേ എന്റെ പാത ഇതാണെന്ന് മനസിലാക്കിയിരുന്നു. റസൂൽ പൂക്കുട്ടിക്ക് പുരസ്കാരം ലഭിക്കുമ്പോഴാണ് സിങ്ക് സൗണ്ടിനെക്കുറിച്ച് ശ്രദ്ധിക്കുന്നത്. എൻജിനീയറിങ്ങിന് പഠിക്കുമ്പോൾ സൗണ്ട് റെക്കോഡിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശീലിച്ചിരുന്നു. പിന്നീട് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ പോയതിന് ശേഷം എന്റെ കാഴ്ചപ്പാട് തന്നെ മാറി. സിനിമയെക്കുറിച്ച് പഠിക്കുകയും സിങ്ക് സൗണ്ട് പരിശീലിക്കുകയും ചെയ്തു.
പ്രകൃതി തരുന്ന സമ്മാനങ്ങൾ
നമുക്ക് വേണ്ടത് പ്രകൃതി തന്നെ കൊണ്ട് തരുമെന്ന് രഞ്ജൻ സാർ പറയുമായിരുന്നു. സിനിമയിൽ ആദ്യപകുതിയിലെ ഒരു സീനിൽ ഡയലോഗ് പറഞ്ഞ് തുടങ്ങുമ്പോൾ തന്നെ ചെറിയൊരു കാറ്റ് വീശുന്നുണ്ടായിരുന്നു. ഈ സീനിന്റെ ബാക്കി അടുത്ത ദിവസമാണ് ഷൂട്ട് ചെയ്തത്. കൃത്യമായിട്ട് ആ സമയം കാറ്റ് വീശി, കണ്ടിന്യൂറ്റി കിട്ടി. അപ്പോൾ ഞാനും രഞ്ജൻ സാറും നോക്കി ചിരിച്ചു. പ്രകൃതി നമുക്ക് കൊണ്ടുവന്ന് തരുന്നതാണ് ഇതൊക്കെ.
ചിത്രത്തിൽ വിഷ്ണു അഗസ്ത്യ അവതരിപ്പിച്ച സ്റ്റാൻലി എന്ന കഥാപാത്രം എ.ടി.വി ബെെക്ക് ഓടിച്ചുവന്നിട്ട് വീട്ടിലേയ്ക്ക് കയറിപ്പോകുന്ന ഒരു രംഗമുണ്ട്. വീട്ടിനകത്ത് വന്നിട്ട് സ്റ്റാൻലി സംസാരിക്കുമ്പോൾ അവിടെ ഒരു ഈച്ച മൂളിപ്പറക്കുന്നുണ്ടായിരുന്നു. അത് എനിക്ക് ബുദ്ധിമുട്ടുണ്ടാക്കി. സീൻ എടുത്ത് കഴിഞ്ഞ് ഈച്ചയുണ്ടെന്നും സംഭാഷണം കേൾക്കുമ്പോൾ പ്രശ്നമുണ്ടെന്നും ഞാൻ രഞ്ജൻ സാറിനോട് പറഞ്ഞു. പക്ഷേ ഈച്ച നല്ലതല്ലേ എന്നാണ് സാർ ചോദിച്ചത്. ഈ സീനിന് പറ്റിയ മൂഡാണ് ഈച്ചയെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിയുടെ ചില ഗിഫ്റ്റ് ആണ് ഇതൊക്കെ.
എ.ടി.വി ബെെക്ക് ഓടിച്ച് സ്റ്റാൻലി വീട്ടിലേയ്ക്ക് വരുമ്പോഴും പോകുമ്പോഴും ഒക്കെയുള്ള രംഗങ്ങളിൽ അവിടെയുള്ള ഒരു പട്ടി കുരയ്ക്കാറുണ്ട്. ഇങ്ങനെയുള്ള ശബ്ദങ്ങൾ ഒക്കെ ഉൾപ്പെടുത്തിയാണ് സിനിമയിൽ സൗണ്ട് ഡിസെെൻ ചെയ്തിരിക്കുന്നത്.
കൂടം കൊണ്ട് മരത്തിലടിച്ച് ഉണ്ടാക്കിയെടുത്ത പന്നി ഇടിക്കുന്ന ശബ്ദം
സിങ്ക് സൗണ്ടിലേയ്ക്ക് കൂടുതൽ സിനിമകൾ മാറുമെന്നാണ് പ്രതീക്ഷ. ഒരാൾ തെറ്റിച്ചാലും റീടേക്ക് വേണ്ടി വരും. ശ്വാസം എടുക്കുന്നതൊക്കെ റീ ക്രിയേറ്റ് ചെയ്യുന്നത് കുറച്ച് ബുദ്ധിമുട്ടാണ്. ചില സൗണ്ടുകൾ റീ ക്രിയേറ്റ് ചെയ്യും. പന്നി വന്ന് മരത്തിൽ ഇടിക്കുന്ന ശബ്ദം കൂടം കൊണ്ട് മരത്തടിയിൽ അടിച്ച് ഉണ്ടാക്കിയെടുത്ത ശബ്ദമാണ്. അതിനോടൊപ്പം അനവധി ലെയറുകളും ചേർത്തിട്ടുണ്ട്. സിനിമയിൽ 90 ശതമാനവും ലൊക്കേഷനിൽനിന്ന് റെക്കോഡ് ചെയ്ത ശബ്ദങ്ങളാണ്.
പഴയതും പുതിയതുമായ ചിത്രങ്ങൾ പഠനവിഷയമാക്കാറുണ്ട്. പണ്ട് കണ്ട ചിത്രങ്ങൾ വീണ്ടും വർഷങ്ങൾക്ക് ശേഷം കാണുമ്പോൾ പുതിയ ആശയങ്ങൾ കിട്ടും. എന്തെങ്കിലും പഠിക്കാനാകും.
പ്രകൃതിയുമായി ബന്ധപ്പെട്ട വർക്കുകൾ ചെയ്യാനാണ് താത്പര്യം. പക്ഷേ എപ്പോഴും ഒരു തരത്തിലുള്ളത് ചെയ്താലും ബോറടിക്കുമല്ലോ. ഇപ്പോൾ ഡോക്യുമെന്ററി വർക്കുകൾ ചെയ്തുകൊണ്ടിരിക്കുകയാണ്. പുതിയ വർക്കുകളുടെ ചർച്ചകൾ നടക്കുന്നു.
Content Highlights: shameer ahammad sound designer o baby ranjan pramod movie dileesh pothan