സ്ത്രീ-തൊഴിലാളികളും അധ്വാനവും: ചില വനിതാദിന ചിന്തകൾ

#ഡോ. നിയതി ആർ കൃഷ്ണ*
പ്രതീകാത്മകചിത്രം | ഫോട്ടോ: canva
പ്രതീകാത്മകചിത്രം | ഫോട്ടോ: canva

റ്റൊരു അന്തർദേശീയ വനിതാദിനം കൂടി കടന്നു പോകുമ്പോൾ സ്ത്രീശക്തിയെക്കുറിച്ചും സ്ത്രീ ശാക്തീകരണത്തിന്റെ ആവശ്യകതയെ കുറിച്ചും സ്ത്രീകൾ സമൂഹത്തിനു നൽകുന്ന സംഭാവനകളെ കുറിച്ചും ചർച്ച ചെയ്ത്, ചിലപ്പോൾ അതിനൊപ്പം "സ്ത്രീകൾക്ക് ഒരു പ്രത്യേക ദിനത്തിന്റെ ആവശ്യമുണ്ടോ?" എന്ന മറു ചോദ്യവും ചേർത്ത് പൊതു/സ്വകാര്യ സ്ഥാപനങ്ങളും തൊഴിലിടങ്ങളും സോഷ്യൽ മീഡിയയുമൊക്കെ ഈ ദിവസത്തെ ആഘോഷിക്കും. വിവാഹത്തിനപ്പുറം സ്ത്രീകൾക്ക് ജീവിതമുണ്ടെന്നും സ്ത്രീകൾ സാമ്പത്തിക സുരക്ഷിതത്വം കൈവരിക്കേണ്ടതുണ്ടെന്നും പ്രതിപാദിച്ച് അതിനു മാതൃകകളായി ജീവിതം പൊരുതിക്കടന്നുവന്ന വ്യക്തിത്വങ്ങളെ ആദരിച്ചുള്ള ചടങ്ങുകളും തീർച്ചയായും വനിതാദിനത്തിന്റെ ഭാഗമാകും. ചാനലുകളിലെ പ്രത്യേക പരിപാടികളും വാട്ട്സ് ആപ്പ് ഫോർവേഡുകളും സ്റ്റാറ്റസും കുറിപ്പുകളും ഒക്കെ കൊണ്ട് നമ്മുടെ ഡിജിറ്റൽ ഉപകരണങ്ങൾ വനിതാദിന ആശംസകളാൽ നിറയും. അതിന്റെ ഇടയിലൂടെ ചില 'സ്ത്രീ വിരുദ്ധ തമാശകളും താരതമ്യങ്ങളും' മിന്നി മറയും. മറ്റേതൊരു പ്രത്യേക ദിനത്തിന്റെ കാര്യത്തിലുമെന്നപോലെ ഒരു രാത്രി പുലർന്നു വെളുക്കുമ്പോൾ ഇവയെല്ലാം അപ്രത്യക്ഷവും അപ്രസക്തവുമാകും.

രണ്ടു മാസങ്ങൾ കഴിയുമ്പോൾ 'മാതൃത്വദിനം' വരും. നവ മുതലാളിത്ത നിർമ്മിതിയായതു കൊണ്ടു തന്നെ ചർച്ചകളേക്കാൾ അമ്മമാർക്ക് സ്നേഹവും നന്ദിയും അറിയിക്കാനുള്ള ഉത്പന്നങ്ങളും പരസ്യങ്ങളും കൊണ്ടാണ് സമ്പന്നമെങ്കിലും സോഷ്യൽ മീഡിയ അമ്മമാരുടെ ത്യാഗങ്ങളെ കുറിച്ച് ഒരുപാട് വാചാലമാകും. അമ്മയെന്ന നിലക്കാത്ത ഘടികാരത്തെ, കുടുംബനാഥയെ, ഡോക്ടറെ, അധ്യാപികയെ, ആഴ്ചയിൽ ഏഴു ദിവസവും ഇരുപത്തിനാലു മണിക്കൂറും വേതനവും അവധിയുമില്ലാതെ പണിയെടുക്കുന്ന തൊഴിലാളിയെ, ഒക്കെ നമ്മൾ മഹത്വവൽക്കരിക്കും. അങ്ങനെ ആ ദിവസവും കടന്നു പോകും. ഈ അവസരങ്ങളിലൊന്നും സ്ത്രീകളുടെ ഇടതടവില്ലാത്ത അധ്വാനത്തെക്കുറിച്ച് നമുക്ക് മറിച്ചൊരഭിപ്രായമില്ല.

അതേസമയം കുറച്ചുകൂടി ഗൗരവതരമായ, എന്നാൽ പലർക്കും അത്രക്ക് സുഖകരമായി തോന്നാത്ത, നിലവിലുള്ള സാമൂഹിക വ്യവസ്ഥിതികളുടെ ആണിക്കല്ലായ ചില കടുത്ത സ്ത്രീ-പുരുഷ അസമത്വങ്ങളെ ചോദ്യം ചെയ്യുന്ന തരം ഒച്ചകളും ചർച്ചകളും ഈ ദിവസങ്ങളിലും മറ്റു ദിവസങ്ങളിലുമൊക്കെ അത്ര ജനപ്രിയമല്ലാതെയാണെങ്കിലും നിലനിന്നു പോകുന്നുണ്ടാവും. ഉദാഹരണത്തിന്, കുടുംബം എന്ന 'സ്ഥാപനത്തിലെ' അംഗീകൃതമായ അസമത്വങ്ങളും ചൂഷണങ്ങളുമാണ് സ്ത്രീകളുടെ അധ്വാനഭാരം ഇത്രയധികം കൂട്ടുകയും അവരുടെ ശാരീരിക-മാനസിക ആരോഗ്യത്തെ ബാധിച്ചാൽ പോലും കടമയെന്ന പേരിൽ നിസ്സാരവൽക്കരിക്കുകയും സാമാന്യവൽക്കരിക്കുകയും ചെയ്യുന്നത് എന്ന വസ്തുത. അതുപോലെ സ്ത്രീകളെ എല്ലാം ഒരൊറ്റ വിഭാഗമായി കണ്ട് അവരുടെ മറ്റ് സ്വത്വങ്ങളെയും (മതം, ജാതി, വർഗം, പ്രായം തുടങ്ങിയവ) അവയുടെ സങ്കീർണതകളേയും വേർതിരിച്ചറിയാൻ ശ്രമിക്കാതെ ഒരു ശരാശരി മധ്യ-ഉപരി വർഗ സ്ത്രീയുടെ  പ്രതിസന്ധികളെ മാത്രം മൊത്തമുള്ള സ്ത്രീകളുടെ പ്രശ്നങ്ങളായി പ്രതിനിധീകരിക്കുന്നതിന്റെ അപകടം. 

അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് സ്ത്രീകളുടെ പ്രത്യേകിച്ച് അമ്മമാരുടെ വീടിനു പുറത്തുള്ള വേതനമുള്ള ജോലിയും വീടിനകത്തുള്ള വേതനമില്ലാത്ത ഗാർഹിക ജോലികളും ഇത് തമ്മിലുള്ള, ഉണ്ടാവേണ്ടുന്നതെന്നു കരുതപ്പെടുന്ന, വർക്ക് ലൈഫ് ബാലൻസിനെ പറ്റിയുള്ള ചർച്ചയിൽ വേതനത്തെ സാമ്പത്തിക സ്വാതന്ത്രമായി കരുതുന്നതും പുറത്തു പോയി ജോലി ചെയ്യുന്നത് എല്ലാ സ്ത്രീകളുടേയും ചോയിസ് ആണെന്നും ശാക്തീകരണത്തിന്റെ ഭാഗമാണെന്നും വിശ്വസിക്കുന്നതും. എല്ലാ സ്ത്രീകളും വേതനമുള്ള ജോലികൾ ചെയ്‌താൽ സ്ത്രീ-പുരുഷ അസമത്വം തന്നെ ഇല്ലാതെയാകും എന്ന ഉപരിപ്ലവമായ ചിന്ത ശരിക്കും സ്ത്രീകളെ വീട്ടിലും തൊഴിലിടങ്ങളിലും അധികപ്പണിയും അടിമപ്പണിയും എടുപ്പിക്കുന്നതിലേക്കും അതേ സമയം അവർക്ക് ലഭിക്കുന്ന തുച്ഛമായ വേതനം സ്വന്തം താത്പര്യപ്രകാരം ചിലവഴിക്കാനോ കയ്യിൽ വയ്ക്കാനോ പോലും അവകാശമില്ലാത്ത തരത്തിൽ കുടുംബം പിടിച്ചെടുക്കുന്ന സ്ഥിതിവിശേഷം ഒരുപാടിടത്ത് നിലനിൽക്കുന്നുണ്ട് എന്ന വസ്തുതയിലേക്കും പൂർണമായും കണ്ണടക്കാനേ സഹായിക്കൂ. തീർച്ചയായും സാമ്പത്തിക വരുമാനം സ്ത്രീകൾക്ക് കൂടുതൽ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരവും സ്വാതന്ത്ര്യവും നൽകാൻ സഹായിക്കും. എന്നാൽ അതുപോലും വലിയൊരു ശതമാനം സ്ത്രീകൾക്ക് നേടിയെടുക്കാൻ കഴിയാത്ത വിധത്തിലുള്ള സാമൂഹിക-സാംസ്കാരിക-സാമ്പത്തിക സാഹചര്യമാണ് പലയിടത്തും ഉള്ളത് എന്നതാണ് സത്യം.

അതുകൊണ്ടു തന്നെ, വേതനത്തിന് വേണ്ടി പുറത്തുപോയി ജോലി ചെയ്യേണ്ടി വരുന്നത് ഒരു വലിയ വിഭാഗം കീഴ്/മധ്യവർഗ സ്ത്രീകൾക്കും ചോയിസിനെക്കാൾ അവരുടെ നിസ്സഹായതയുടെ ഭാഗം കൂടിയാണെന്ന് തിരിച്ചറിയേണ്ടി വരും. കാരണം അവർ എല്ലാ കാലങ്ങളിലും--ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ സ്ത്രീകളുടെ ജോലി ചെയ്യാനുള്ള അവകാശത്തിനു വേണ്ടി സമരം ചെയ്യുന്നതിനുമൊക്കെ പല നൂറ്റാണ്ടുകൾക്കു മുൻപേ തന്നെ--തൊഴിലാളികൾ ആയിരുന്നു. ഇന്നാകട്ടെ, ഇന്ത്യയിലെ എൺപത് ശതമാനത്തിലധികം വരുന്ന ജോലിക്കാരായ സ്ത്രീകളും വളരെ മോശം സാഹചര്യങ്ങൾ നിലനിൽക്കുന്ന അസംഘടിത മേഖലയിലെ സുരക്ഷിതമല്ലാത്ത ജോലിയും തീരെ കുറഞ്ഞ വേതനവും മറ്റു ചൂഷണങ്ങളും നേരിട്ടാണ് കുടുംബം പുലർത്തുന്നത് എന്ന വസ്തുത അവർ എത്രത്തോളം നിലയില്ലാ കയത്തിൽ മുങ്ങി നിൽക്കുകയാണ് എന്നതിന്റെ തെളിവാണ്. അതുകൊണ്ട് തന്നെ ഫീമെയിൽ ലേബർ ഫോഴ്സ് പാർട്ടിസിപ്പേഷൻ റേറ്റ് (FLFPR) മാത്രം ആധാരമാക്കി നമുക്ക് സ്ത്രീ ശാക്തീകരണം അടയാളപ്പെടുത്താനാവില്ല.

കോവിഡിന് ശേഷം, സ്ത്രീകളുടെ ഗാർഹിക ജോലികളുടെ അളവും സമയവും അധ്വാനവുമൊക്കെ ബന്ധപ്പെടുത്തി നിരവധി പഠനങ്ങൾ ലോകമെമ്പാടും നടന്നു. ഇന്ത്യയിലെ ടൈം യൂസ് സർവ്വേ ഉൾപ്പെടെ ചൂണ്ടി കാണിക്കുന്നത്, ഇതിൽ ഇന്ത്യയിൽ പ്രത്യേകിച്ച്, വലിയ തോതിലുള്ള സ്ത്രീ-പുരുഷ അസമത്വം നിലനിൽക്കുന്നുണ്ടെന്നാണ്. അതിനൊപ്പം തന്നെ പ്രധാനമാണ് പെട്ടെന്ന് കാണാനോ അടയാളപ്പെടുത്താനോ കഴിയാത്ത അവരുടെ മാനസിക/വൈകാരിക അദ്ധ്വാനത്തിന്റെ (mental/emotional labour) തോതും അതുണ്ടാക്കുന്ന മാനസിക സമ്മർദങ്ങളും. ഗാർഹിക ജോലികളിൽ ഒരുപാട് മാനസിക അദ്ധ്വാനം വേണ്ടി വരും. ഒരു നേരത്തെ ഭക്ഷണം തയാറാക്കാൻ എന്തൊക്കെ ഉണ്ടാക്കണം, അതിന് എന്തൊക്കെ സാധനങ്ങൾ ആവശ്യമുണ്ട്, അത് എപ്പോൾ എവിടെ നിന്ന് വാങ്ങണം തുടങ്ങി ഒരുപാട് കാര്യങ്ങൾ നേരത്തെ പ്ലാൻ ചെയ്യാനുണ്ട്. ഒരു കുഞ്ഞുണ്ടെങ്കിൽ ആ കുഞ്ഞിന്റെ വാക്സിനേഷൻ തിയ്യതികൾ മുതൽ സ്‌കൂളിലെ ടൈം ടേബിൾ, പഠിക്കുന്ന വിഷയങ്ങൾ, അധ്യാപകരുടെ പേര്, പരീക്ഷാ ദിവസങ്ങൾ, പഠനേതര പ്രവർത്തനങ്ങൾ അങ്ങനെ പലതും ഒരു അമ്മയുടെ മാത്രം ഉത്തരവാദിത്തമായി ആണ് നമ്മൾ കാണുന്നത്. മറിച്ച്, തൻ്റെ കുട്ടി ഏത് ക്ലാസിലാണ് പഠിക്കുന്നത് എന്ന് ഓർമയില്ല എന്നൊക്കെ വീമ്പു പറയുന്ന പുരുഷന്മാരെ നമ്മൾ കണ്ടിട്ടുമുണ്ട്.

അതുപോലെ തന്നെ വൈകാരിക അധ്വാനം എന്നതുകൊണ്ട് ഇവിടെ അർത്ഥമാക്കുന്നത് ഒരു കുടുംബത്തിനുള്ളിലെ വ്യക്തികളുടെ വൈകാരികമായ ക്ഷേമത്തിനായി ചെയ്യേണ്ടി വരുന്ന പണികളെ കുറിച്ചാണ്. ഉദാഹരണത്തിന് കുഞ്ഞിന്റെ അല്ലെങ്കിൽ പങ്കാളിയുടെ ജന്മദിനം ഓർത്തുവച്ച് ഒരു ചെറിയ ഒത്തുകൂടൽ സംഘടിപ്പിക്കുന്നു. അവർക്ക് വേണ്ടപ്പെട്ടവരെ, ആരെയെങ്കിലും വിട്ടുപോയെന്ന പരിഭവത്തിനിടയാക്കാത്ത വണ്ണം, ക്ഷണിക്കുന്നു. അല്ലെങ്കിൽ, ഇടക്ക് വീട്ടിലേക്ക് അതിഥികളെ ക്ഷണിക്കുകയും അതിഥികൾ വരുമ്പോൾ ഭക്ഷണം ഉൾപ്പെടെയുള്ള അവരുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നു. ഇതെല്ലാം ഒരു കുടുംബത്തിന്റെ സാമൂഹിക ബന്ധത്തിൽ നിർണായക പങ്കുവഹിക്കുന്ന കാര്യങ്ങളാണ്. ഇതിൽ വലിയൊരു തോതും കുടുംബത്തിലെ സ്ത്രീകളുടെ ഉത്തരവാദിത്തമായാണ് നമ്മൾ കണക്കാക്കുന്നത്. അതിലെല്ലാമുപരി, അസുഖവും അവശതയുമുള്ള കുടുംബാം​ഗങ്ങളുടെ പ്രാഥമിക കാര്യങ്ങൾ മുതൽ വൈകാരിക സൗഖ്യം വരെ 'വന്നു കയറിയ' സ്ത്രീയുടെ ജോലിയാകുമ്പോൾ മറുവശത്ത് ഒരു ചായ ഉണ്ടാക്കുന്നത് മുതൽ കുഞ്ഞിനെ നോക്കുന്നത് വരെയുള്ള ഗാർഹിക ജോലികളിൽ നിന്ന് പുരുഷനെ പൂർണമായും മാറ്റി നിർത്തേണ്ടതുണ്ടെന്ന് ഈ വ്യവസ്ഥിതി വരുന്ന തലമുറയേയും പഠിപ്പിക്കുന്നു.

ഇതിന്റെയെല്ലാം പിറകിലുള്ള ഒരു കാരണം വേതനമുള്ള പുറം ജോലി പുരുഷന്റേതും വേതനമില്ലാത്ത ഗാർഹിക ജോലി സ്ത്രീയുടേതും എന്ന ദ്വന്ത്വവൽക്കരണവും (bifurcation) കുടുംബം സംരക്ഷിക്കുന്നത് പുരുഷനാണ് എന്ന പൊതു ബോധവുമാണ്. ഇതും ഒരു വരേണ്യ-മധ്യ വർഗ ചിന്താഗതിയാണ്. അവിടെ നിന്നും കാലവും ലോകവും ഒരുപാട് മാറിയിട്ടും പൊതു സമൂഹം ഇപ്പോഴും അത്തരം വാർപ്പു മാതൃകകളിൽ (stereotype) കുടുങ്ങിക്കിടക്കുന്നു. അവിടെ, കൂലി വേല ചെയ്തും പാടത്തു പണിയെടുത്തും വീടുകളിൽ അടിച്ചുവാരി മുറ്റമടിക്കാൻ പോയും പലവിധ കൈ തൊഴിലുകൾ ചെയ്തും പശുവിനേയും ആടിനേയും കോഴിയേയും വളർത്തി വരുമാനമുണ്ടാക്കിയുമൊക്കെ കാലാകാലങ്ങളായി കുടുംബം പുലർത്തി പോരുന്ന പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത കോടിക്കണക്കിന് സ്ത്രീകളുടെ അനവധിയായ തലമുറകളെ, അവരുടെ ശക്തിയേയും അദ്ധ്വാനത്തേയും, നമ്മൾ സൗകര്യപൂർവം വിസ്മരിക്കുന്നു. കുടിയേറ്റമുൾപ്പെടെയുള്ള പല കാരണങ്ങൾ കൊണ്ട് പുരുഷനില്ലാത്ത അല്ലെങ്കിൽ പുരുഷൻ ഉപേക്ഷിച്ചു പോയ കുടുംബങ്ങളുടെ എണ്ണം ദിനം പ്രതി വർധിച്ചു വരുകയാണ്. അവിടെ സ്ത്രീകളുടെ അദ്ധ്വാനവും ഉത്തരവാദിത്വവും പലമടങ്ങു കൂടുതലാണ്. 

ഇത്തരം അധ്വാനങ്ങളെല്ലാം ചേർത്തുവേണം നമ്മൾ സ്ത്രീകളുടെ അധ്വാനത്തെ തിരിച്ചറിയാനും വിലയിരുത്താനും. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുള്ള തൊഴിലാളി പ്രസ്ഥാനങ്ങൾ സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് സംസാരിച്ചു തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്രീയ വനിതാദിനത്തിന്റെ ഉത്ഭവം എന്നത് ആകസ്മികമല്ല. സ്ത്രീയെന്ന തൊഴിലാളിയെ നിർവചിക്കുന്നതിൽ തുടങ്ങി നിലനിൽക്കുന്ന  അസമത്വങ്ങളും ഇരട്ടത്താപ്പുകളും ചൂഷണങ്ങളുമൊക്കെ ബോധ്യപ്പെടുന്നതിന്റെ  കൂടി ഭാഗമാകട്ടെ ഈ കൊല്ലത്തെ വനിതാദിനം.

(2024ൽ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്നും സർ രത്തൻ ടാറ്റ പോസ്റ്റ് ഡോക്റ്ററൽ ഫെലോഷിപ് നേടിയ ലേഖിക രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്പ്മെൻറിൽ അസിസ്റ്റന്റ് പ്രൊഫസറാണ്.)

Content Highlights: International Women`s Day: A reflection on women`s contributions, empowerment needs