വിവാഹത്തോടെ മുടങ്ങിയ പഠനം, ആഗ്രഹം കൈവിടാതെ രജിത, 39-ാം വയസ്സില്‍ ഗവേഷണ വിദ്യാര്‍ഥി

പ്ലസ്ടു പൂർത്തിയാക്കും മുൻപേ വിവാഹം. 20 വയസ്സിനുള്ളിൽ രണ്ട് കുട്ടികൾ. വീട്, കുടുംബം, അടുക്കള എന്നിവയായാൽ പെൺകുട്ടിയുടെ ലോകമായി എന്ന വീട്ടുകാരുടെ വാക്കുകളോടു പൊരുതാനായിരുന്നു കെ. രജിതയ്ക്കിഷ്ടം. ഫലമോ, ബിരുദാനന്തരബിരുദം, അധ്യാപനയോഗ്യതയ്ക്കുള്ള നെറ്റ് പരീക്ഷയിൽ വിജയം. പേരിനു മുന്നിൽ ഡോക്ടർ എന്നെഴുതിച്ചേർക്കാനുള്ള പഠനത്തിലാണിപ്പോള്‍. പട്ടാമ്പി ഗവ. സംസ്കൃത കോളേജിലെ മലയാളം ഗവേഷകവിഭാഗത്തിൽ വിദ്യാർഥിയാണ് എളമ്പുലാശ്ശേരി വേലിപ്പാറ വീട്ടിൽ കെ. രജിത. കരിമ്പുഴ ഗ്രാമപ്പഞ്ചായത്തിലെ എളമ്പുലാശ്ശേരിയിൽനിന്നുള്ള അംഗം കൂടിയാണ്, മുൻ വൈസ് പ്രസിഡന്റും. എഴുത്തിന്റെ ലോകത്തേക്കുകൂടി കടന്നിട്ടുണ്ട് ഈ 39 വയസ്സുകാരി.
പാതിവഴിയിലായ പഠനം, പെട്ടെന്നുള്ള വിവാഹം
പ്ലസ് ടു സയൻസ് വിദ്യാർഥിയായിരിക്കേ 2002 -ലായിരുന്നു രജിതയുടെ വിവാഹം. പരീക്ഷത്തിരക്കിനിടെ വിവാഹത്തിരക്ക്. പഠിക്കാൻ സമയം കിട്ടാതായതോടെ രണ്ട് വിഷയങ്ങളിൽ തോറ്റു. അടുത്തവർഷം മകൻ ജനിച്ചു. രണ്ട് വർഷം കഴിഞ്ഞ് മകളും. എന്നാൽ, പഠിക്കണം എന്ന ആഗ്രഹം രജിതയുടെ ഉള്ളിൽ കനലായിക്കിടന്നിരുന്നു. മകൾക്കു മൂന്നര വയസ്സ് തികഞ്ഞതും എൽ.കെ.ജി.യിൽ ചേർത്തു. പഠനം എങ്ങനെ തുടരാമെന്ന അന്വേഷണത്തിലായി. കമ്പ്യൂട്ടർ കോഴ്‌സ് പഠിക്കാൻ വീട്ടിൽനിന്നു സമ്മതം ലഭിച്ചു. അങ്ങനെ മണ്ണാർക്കാട്ടെ ഒരു സ്ഥാപനത്തിൽ ചേർന്നു. അവിടെവെച്ചാണ് വിദൂരവിദ്യാഭ്യാസ സാധ്യത രജിത അറിയുന്നത്. പ്ലസ് ടു ജയിക്കാത്തവർക്ക് എൻട്രൻസ് എഴുതി നിശ്ചിത മാർക്ക് വാങ്ങിയാൽ ഡിഗ്രി ചെയ്യാൻ അന്ന് അവസരം ഉണ്ടായിരുന്നു. ഇതു പ്രയോജനപ്പെടുത്തി ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. മലയാളത്തോടുള്ള ഇഷ്ടം മനസ്സിൽ കിടക്കുന്നതിനാൽ മലയാളത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി.
മനസ്സിൽ പാകിയ ആഗ്രഹം
'രജിതയുടെ പേരിനു മുന്നിൽ ഡോക്ടർ എന്ന ബഹുമതി ചേർക്കണം', മണ്ണാർക്കാട്ടെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുമ്പോൾ അവിടെ അധ്യാപകനായിരുന്ന തങ്കപ്പൻ പറഞ്ഞ വാക്കുകളിലൂടെയാണ് രജിതയുടെ ഇപ്പോഴത്തെ സഞ്ചാരം. പഠിപ്പിക്കുന്ന വേളയിൽ ഉത്തരക്കടലാസ് മൂല്യനിർണയ ക്യാമ്പ് പട്ടാമ്പി കോളേജിൽ ആയിരുന്നു. അവിടെവെച്ചാണ് തങ്കപ്പൻ മാഷുടെ വാക്കുകൾ രജിത വീണ്ടും പൊടി തട്ടിയെടുത്തത്. അങ്ങനെ ഗവേഷണം എങ്ങനെ പൂർത്തിയാക്കാം എന്നതിനെക്കുറിച്ചായി അന്വേഷണം. പട്ടാമ്പി കോളേജിലെ അധ്യാപകരുമായി സംസാരിച്ചു. അവിടെ തടസ്സമായി വന്നത് പഞ്ചായത്ത് ഉപാധ്യക്ഷ ആയതിനാൽ മുഴുവൻ സമയ ഗവേഷക ആകാൻ സാധിക്കില്ല എന്നതായിരുന്നു. മുന്നണിയിലെ ധാരണപ്രകാരം രണ്ടര വർഷം പൂർത്തിയായി ഉപാധ്യക്ഷ സ്ഥാനം രാജിവെച്ചതോടെ അടുത്ത സ്വപ്നത്തിലേക്കുള്ള വഴി തുറന്നു. അസിസ്റ്റന്റ് പ്രൊഫസർ പി. അരുൺ മോഹനു കീഴിൽ 'ആഖ്യാന കവിതകളുടെ പരിണാമം മലയാളത്തിൽ, ആഖ്യാനവിജ്ഞാനത്തെ മുൻനിർത്തിയുള്ള വിശകലനം' എന്ന വിഷയത്തിൽ ഗവേഷണം തുടങ്ങി.
അപ്രതീക്ഷിതമായി ജോലി, ജോലിയിലും തടസ്സം
കടന്നുപോയ വഴിയിലെല്ലാം മുന്നിൽ തടസ്സങ്ങളായിരുന്നു രജിതയ്ക്ക്. അവയെല്ലാം തരണം ചെയ്താണ് രജിതയുടെ യാത്ര. ബിരുദാനന്തര ബിരുദത്തിന് പരീക്ഷാകേന്ദ്രത്തിൽ വെച്ച് പരിചയപ്പെട്ട സുഹൃത്താണ് രജിതയ്ക്ക് മുന്നിൽ അധ്യാപനത്തിന്റെ സാധ്യത തുറന്നിട്ടത്. ജോലി ചെയ്യുന്ന സ്ഥാപനത്തിൽനിന്ന് താൻ രാജിവെക്കുന്ന ഒഴിവിലേക്ക് പോകാമോ എന്നായിരുന്നു സുഹൃത്തിന്റെ ചോദ്യം. അധ്യാപനം ഇഷ്ടപ്പെടുന്ന രാജിത രണ്ടാമത് ആലോചിച്ചില്ല. 6000 രൂപ ആയിരുന്നു ആദ്യ ശമ്പളം. അത് കൈയിൽ കിട്ടിയപ്പോൾ ലോകം കീഴടക്കിയ സന്തോഷം ആയിരുന്നുവെന്ന് രജിത. വീടിനടുത്തുള്ള, കൂടുതൽ ശമ്പളമുള്ള മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പതിയെ മാറിയെങ്കിലും ചില കാരണങ്ങളാൽ അവിടെനിന്നു രാജിവെച്ചു. പക്ഷേ തളരാൻ ആയിരുന്നില്ല തീരുമാനം. പരിശ്രമിച്ചുകൊണ്ടിരുന്നു. ഇതിനിടെ 2018-ൽ നെറ്റ് യോഗ്യതയും നേടി.
രാഷ്ട്രീയത്തിലും ഒരു കൈ
ഇതിനിടെയാണ് തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം വന്നത്. ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നെ തീരുമാനം മാറ്റി. അങ്ങനെ കരിമ്പുഴ പഞ്ചായത്തിലെ വനിതാ സംവരണ വാർഡായ എളമ്പുലാശ്ശേരിയിൽനിന്ന് 2020 -ൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരം. വിജയം. കന്നിയങ്കത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം.
അമ്മയുടെ ചിറകൊടിക്കാതെ
പഠനവഴിയിലും രാഷ്ട്രീയവഴിയിലും അമ്മയ്ക്കു പറക്കാൻ ചിറകിനു ശക്തി പകർന്നുകൊണ്ട് രണ്ട് മക്കളും അമ്മയ്ക്കൊപ്പമുണ്ട്. ബിരുദം പൂർത്തിയാക്കിയ മകൻ വി. റിതുൽ കൃഷ്ണയും പ്ലസ് ടു പൂർത്തിയാക്കിയ മകൾ വി. റിത കൃഷ്ണയും. കൂട്ടിലടക്കാതെ ഇഷ്ടമേഖലയിലേക്ക് രജിതയെ പറക്കാൻ സഹായിച്ച് ഭർത്താവ് വി. മണികണ്ഠനും ഒപ്പമുണ്ട്.
Content Highlights: K. Rajitha`s inspiring story of overcoming challenges to achieve academic success