ജീവിതത്തില്‍ ഒറ്റയാകുമ്പോള്‍ തളരാതെ മുന്നോട്ടു പോകാന്‍ സ്ത്രീകള്‍ക്ക് കൂട്ടായി ആശ്വാസ്

പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി

കൊച്ചി: “ഞാൻ ഒറ്റയാണ്. എങ്കിലും ഞാൻ ഒരാളാണ്. എനിക്ക് എല്ലാം ചെയ്യാനാവില്ല. എങ്കിലും എനിക്ക് ചിലതൊക്കെ ചെയ്യാനാകും...” ഹെലൻ കെല്ലറിന്റെ വാക്കുകളാണ് ‘ആശ്വാസ’ തീരമണഞ്ഞ ഓരോ സ്ത്രീയും എപ്പോഴും പറയുന്നത്. ‘ഞാൻ സ്വയം നയിക്കുന്നു, മറ്റുള്ളവരെയും നയിക്കുന്നു’ എന്ന ആത്മവിശ്വാസത്തിൽ സഞ്ചരിക്കുന്ന കുറേ സ്ത്രീകളുടെ കൂട്ടായ്മ. ഏകസ്ഥരായ വനിതകളുടെയും അവരുടെ കുട്ടികളുടെയും ക്ഷേമത്തിനായി 22 വർഷം മുൻപ്‌ രൂപംകൊടുത്ത അസോസിയേഷൻ ഓഫ് സിംഗിൾ വുമൺ ഫോർ ആക്ഷൻ ആൻഡ് സെൽഫ് ഹെൽപ് (ആശ്വാസ്) എന്ന സംഘടന ഇന്ന് എത്രയോ പേരെയാണ് ആശ്വാസതീരമണയ്ക്കുന്നത്. ഒരുപാട് സ്ത്രീകളുടെ സ്വപ്നങ്ങളുടെ ആശ്വാസം തന്നെയായിട്ടാണ് ഇന്ന് ഈ സംഘടന മുന്നോട്ടു പോകുന്നത്. സംഘടനയുടെ വിശേഷങ്ങൾ പങ്കുവെച്ച് സംസാരിച്ച ഓരോ സ്ത്രീയുടെയും വാക്കുകളിൽ നിറഞ്ഞുതുളുമ്പിയത് ആത്മവിശ്വാസവും കരുണയും കരുത്തുമൊക്കെയായിരുന്നു.

ഒറ്റയാകുമ്പോൾ ഓർക്കുക

ഒറ്റയാകുമ്പോൾ സ്വയം ഓർക്കുക... ഗ്രേസി ആന്റണിയുടെ ജീവിതത്തെ അങ്ങനെ വരച്ചിടുന്നതാകും കൂടുതൽ നല്ലത്. “നാവികസേനയിൽ മിലിറ്ററി എൻജിനിയറിങ് സർവീസിൽ സൂപ്രണ്ടായി വിരമിച്ച ഞാൻ 45 വർഷം മുൻപാണ് ജീവിതത്തിൽ ഒറ്റയ്ക്കാകുന്നത്. ഭർത്താവ് മരിച്ചതോടെ ജീവിതത്തിൽ പ്രതിസന്ധിയുടെ മുനമ്പിൽ നിന്ന ഞാൻ പക്ഷേ മക്കളുടെ കൈപിടിച്ച് നടക്കാൻ തീരുമാനിക്കുകയായിരുന്നു.മാനസികമായി കരുത്ത് കിട്ടാൻ ആശ്വാസിലെ കൂട്ടുകാരുടെ സാന്നിധ്യം ഒരുപാട് പ്രയോജനപ്പെട്ടു. രണ്ട് മക്കളെയും പഠിപ്പിച്ച് ജോലി വാങ്ങിക്കൊടുക്കലായിരുന്നു എന്റെ ലക്ഷ്യം.

അതൊക്കെ സാധിക്കുന്നതിൽ ഈ സംഘടന എന്നെ ഒരുപാട് സഹായിച്ചു. ജീവിതത്തിൽ ഒറ്റയാകുമ്പോൾ സ്വയം ഓർക്കാനും മുന്നോട്ടുപോകാനുമാണ് ഈ സംഘടനയിലെ കൂട്ടുകാർ എന്നെ പഠിപ്പിച്ചത്. എന്നെപ്പോലെ ഒരുപാട് സ്ത്രീകൾ ഇപ്പോൾ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുന്നത് കാണുമ്പോൾ വലിയ സന്തോഷം” - ഗ്രേസി പറയുമ്പോൾ അതിന്റെ അടയാളംപോലെ ഒരുപാട് സ്ത്രീകളുടെ മുഖത്ത് പുഞ്ചിരിയുണ്ടായിരുന്നു.

കൂടെയുണ്ട് എപ്പോഴും

തന്നെപ്പോലുള്ളവരെ ആശ്വസിപ്പിക്കുന്നതിലൂടെ സ്വയം ആശ്വാസം നേടിയെടുക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകളാണ് സംഘടനയുടെ കരുത്തെന്നാണ് 20-ലേറെ വർഷമായി സംഘടനയിലുള്ള പി.കെ. ലിനി പറയുന്നത്‌. “അങ്കണവാടി ഹെൽപറായ ഞാൻ 20 വർഷം മുൻപാണ് വിവാഹമോചിതയായത്. അന്ന് അഞ്ച് വയസ്സുള്ള മകളുമായി ഒറ്റയ്ക്കാകുമ്പോൾ എങ്ങനെ ജീവിക്കണമെന്ന് അറിയില്ലായിരുന്നു. എന്നെപ്പോലെയുള്ള കുറേ സ്ത്രീകളുടെ കൂട്ടായ്മയായ ‘ആശ്വാസി’ലേക്കെത്തിയപ്പോൾ ജീവിതത്തെ ആത്മവിശ്വാസത്തോടെ നേരിടാനായി. വിവരവും വിദ്യാഭ്യാസവുമുള്ള കുറേ സ്ത്രീകൾ ഞങ്ങളുടെ കൂട്ടത്തിലുണ്ട്. അതിനൊപ്പം ജോലിക്കാരും റിട്ടയർ ചെയ്തവരുമൊക്കെ സംഘടനയിലുള്ളതിനാൽ പല കാര്യങ്ങളും ഞങ്ങൾക്ക് അവർ പറഞ്ഞുതരാറുണ്ട്. മക്കളുടെ പഠനത്തിനും നല്ല പിന്തുണയും സഹായവും ലഭിക്കുന്നതുകൊണ്ടുകിട്ടുന്ന ആശ്വാസം എത്ര വലുതാണെന്ന് പറഞ്ഞറിയിക്കാനാകില്ല. 20 വർഷം മുൻപ്‌ ഒറ്റയ്ക്കാകുമ്പോൾ അഞ്ച് വയസ്സുള്ള എന്റെ മകളെ എങ്ങനെ പഠിപ്പിക്കുമെന്നായിരുന്നു പ്രധാന ആശങ്ക. എന്നാൽ, അവളെ പഠിപ്പിച്ച് ഒരു ബി.ടെക്കുകാരിയാക്കാൻ എനിക്ക് സാധിച്ചു. അതോടൊപ്പം നൃത്തവും പഠിച്ച അവൾ ഇന്ന് നല്ലൊരു കലാകാരിയുമാണ്. സ്ത്രീകൾക്ക് ഒറ്റയ്ക്കു നിന്നും ജീവിക്കാൻ കഴിയുമെന്നതിന്റെ ഉദാഹരണമാണ് എന്റെ ജീവിതം” - ലിനി പറഞ്ഞു.

ആശ്വാസത്തിന്റെ തീരങ്ങളിൽ

ആശ്വാസ് എന്ന സംഘടനയുടെ തണലിലേക്കെത്തുന്ന സ്ത്രീകൾ അനുഭവിക്കുന്ന ആശ്വാസവും സമാധാനവും ഏറെയാണ്. അത് എന്നും തുടരാനാണ് സംഘടന ആഗ്രഹിക്കുന്നതെന്ന് ഇപ്പോഴത്തെ പ്രസിഡന്റ് ഗിരിജ കല്യാണസുന്ദരവും സെക്രട്ടറി ലിജി എബ്രഹാമും പറയുന്നു. “ഭർത്താവ് നഷ്ടപ്പെട്ടവരും ബന്ധം വേർപിരിഞ്ഞവരും തുണയറ്റ അവിവാഹിതരുമായി ഒരുപാട് സ്ത്രീകൾ ഇന്ന് ആശ്വാസിൽ അംഗങ്ങളാണ്. ഇവർക്കൊപ്പം തുണയില്ലാത്തതിന്റെ വിഷമങ്ങൾ അറിയുന്ന, അവർക്ക് തുണയേകാൻ സന്മനസ്സുള്ള അനേകം സ്ത്രീകളും ഇതിൽ പ്രവർത്തിക്കുന്നുണ്ട്. അർഹരായ അംഗങ്ങൾക്കും അവരുടെ കുട്ടികൾക്കും ആശ്രിതർക്കും വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമൊക്കെ സംഘടന സാമ്പത്തിക സഹായം നൽകുന്നുണ്ട്. കൂടാതെ ആവശ്യമുള്ളവർക്ക് കൗൺസലിങ്ങും നിയമോപദേശവും നൽകുന്നുണ്ട്. താമസിക്കാൻ ഇടമില്ലാതെ വന്നവരും വീട്ടിൽനിന്ന് ഇറങ്ങിപ്പോരേണ്ടി വന്നവരുമൊക്കെയായി ഒട്ടേറെ സ്ത്രീകൾക്ക് അത്യാവശ്യ ഘട്ടത്തിൽ താത്കാലിക താമസ സൗകര്യം കൊടുക്കാൻ ആശ്വാസിന്റെ ഷെൽറ്ററിന് കഴിഞ്ഞിട്ടുണ്ട്. ആശ്വാസിന്റെ അംഗങ്ങൾ മാസത്തിലെ എല്ലാ രണ്ടാം ശനിയാഴ്ചയും ഒത്തു കൂടുകയും വിഷമങ്ങളും വിശേഷങ്ങളും പങ്കുവെച്ച് പരസ്പരം ആശ്വാസമായിത്തീരുകയുമാണ് ചെയ്യുന്നത്” - ലിജി സംഘടനയുടെ നയം വ്യക്തമാക്കുന്നു.

Content Highlights: women's day 2023