ഒരു 'നോ' കൊണ്ടെത്തിച്ചത് കഞ്ചാവ് കേസില്‍, നിരപരാധിത്വം തെളിയിക്കാന്‍ ശോഭ നടത്തിയ പോരാട്ടത്തിന്റെ കഥ

''ഞാനൊരു വിക്ടിം അല്ല, വിഷണറിയാണ്''- ഇന്നിത് ലോകത്തോട് പറയുമ്പോള്‍ ആത്മവിശ്വാസം മാത്രമാണ് ശോഭ വിശ്വനാഥ് എന്ന യുവസംരഭകയുടെ ശബ്ദത്തിലുടനീളം നിഴലിക്കുന്നത്. വീവേഴ്സ് വില്ലേജ് എന്ന കൈത്തറി വസ്ത്രനിര്‍മാണസ്ഥാപനം ഇന്ന് ശ്രദ്ധ നേടിയിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ശോഭയുടെ ഇച്ഛാശക്തിയും കഠിനാധാധ്വാനവും മാത്രമാണ്. നെയ്ത്ത് മേഖലയില്‍ അര്‍ഹിക്കുന്ന വേതനം ലഭിക്കാത്തവരെ മുന്നോട്ട് കൊണ്ടുവരുവാനും അവര്‍ നേരിടുന്ന അസമത്വം അവസാനിപ്പിക്കാനും ഒട്ടേറെ പദ്ധതികള്‍ വിഭാവനം ചെയ്യുകയും നടപ്പാക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ് ശോഭയിന്ന്. അതോടൊപ്പം തന്നെ പിന്നോക്കാവസ്ഥയിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിന് വേണ്ടിയുള്ള സന്നദ്ധസംഘടനകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. ഒട്ടും എളുപ്പമായിരുന്നില്ല ശോഭയുടെ യാത്ര, അതികഠിനമായ വിവാഹജീവിതത്തില്‍ പതിയെ പുറത്ത് കടന്ന് സ്വയം പര്യാപ്തയായി ജീവിക്കണം എന്ന സ്വപ്നത്തോടെയാണ് ശോഭ തന്റെ സംരഭം ആരംഭിച്ചത്. ഇഷ്ടപ്പെട്ട മേഖലയില്‍ പതിയെ വേരുപിടിക്കുന്നതിനിടെയാണ് ശോഭയുടെ ജീവിതം കീഴ്മേല്‍ മറിയുന്നത്. ഒരു വിവാഹാഭ്യര്‍ഥന നിരസിച്ചതായിരുന്നു അതിന് തുടക്കം. ഒട്ടുംവൈകാതെ തന്നെ ശോഭയുടെ സ്ഥാപനത്തില്‍ നിന്ന് പോലീസ് കഞ്ചാവ് പിടികൂടുന്നു. തനിക്ക് മേല്‍ ആകാശം ഇടിഞ്ഞുവീണ പ്രതീതിയായിരുന്നു ശോഭയ്ക്ക്. അറസ്റ്റിലായതിന് ശേഷവും തനിക്ക് എന്താണ് സംഭവിച്ചതെന്ന് ഉള്‍ക്കൊള്ളാന്‍ ശോഭയ്ക്ക് കഴിഞ്ഞില്ല, മരവിപ്പായിരുന്നു ആദ്യം. എന്നാല്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോള്‍ അപമാനഭാരം ഭയന്ന് ആത്മഹത്യയ്ക്ക് മുതിരാനോ ഒളിച്ചിരുന്ന് ജീവിതം തള്ളി നീക്കാനോ ശോഭ തയ്യാറായില്ല. പകരം തന്റെ നിരപരാധിത്വം തെളിയിക്കാന്‍ അവര്‍ അഹോരാത്രം പോരാടി. ഒടുവില്‍ നീതിയിലേക്ക്.
ജീവിതാനുഭവങ്ങള്‍ ഒട്ടേറെ മുറിവുകള്‍ ശോഭയ്ക്ക് സമ്മാനിച്ചു കഴിഞ്ഞു. പക്ഷേ അതെല്ലാം ഉണക്കാനുള്ള മനക്കരുത്തും ശോഭ ആര്‍ജ്ജിച്ചെടുത്തു. ലോകമൊട്ടാകെ വനിതാദിനം ആഘോഷിക്കുന്ന ഈ അവസരത്തില്‍ ശോഭയുടെ ജീവിതാനുഭവങ്ങള്‍ കുറച്ചുപേര്‍ക്കെങ്കിലും പ്രചോദനമായേക്കാം.
Content Highlights: sobha viswanat social worker, entrepreneur, weavers village, kerala kaithari, fight for justice